കോഴിക്കോട്ടെ കെഎംസിടി മെഡിക്കല്‍ കോളേജിന്റെ ഹര്‍ജി; ദേശിയ മെഡക്കല്‍ കമ്മീഷന് പത്ത് ലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി

ദേശിയ മെഡക്കല്‍ കമ്മീഷന് പത്ത് ലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി

Update: 2024-09-12 02:22 GMT

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മിഷന് (എന്‍എംസി) പത്ത് ലക്ഷം രൂപ പിഴയിട്ടു സുപ്രീംകോടതി. പിഴത്തുക നാല് ആഴ്ചയ്ക്കുള്ളില്‍ കെട്ടിവയ്ക്കാനും നിര്‍ദേശിച്ചു. കെഎംസിടി മെഡിക്കല്‍ കോളജിനു സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി നല്‍കിയ എന്‍എംസിയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി സര്‍ക്കാര്‍ സംവിധാനം എന്ന നിലയില്‍ എന്‍എംസി നീതിപൂര്‍വം പ്രവര്‍ത്തിക്കണമെന്ന് ഓര്‍മിപ്പിച്ചു.

എന്‍എംസിയുടെ നടപടി പ്രഥമദൃഷ്ട്യാ മാതൃകാപരമല്ലെന്നും സുപ്രീംകോടതി ഡ്ജിമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. 2023-24 അക്കാദമിക വര്‍ഷം എംബിബിഎസ് സീറ്റുകള്‍ 150ല്‍ നിന്ന് 250 ആക്കാന്‍ മെഡിക്കല്‍ അസസ്‌മെന്റ് ആന്‍ഡ് റേറ്റിങ് ബോര്‍ഡ് 2023 ഫെബ്രുവരിയില്‍ കോളജിന് അനുമതി നല്‍കി. പിന്നാലെ, അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടി ഇതു പിന്‍വലിച്ചു.

അതിനെതിരെ കോളജ് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, അഫിലിയേഷനുള്ള അനുമതി രേഖാമൂലം നല്‍കിയാല്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ അനുവദിച്ചു. അതിനെതിരെയായിരുന്നു എന്‍എംസിയുടെ ഹര്‍ജി. 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കോളജ് എന്ന നിലയില്‍ അഫിലിയേഷന്‍ സംബന്ധിച്ച് എന്‍എംസി ഉയര്‍ത്തിയ വാദങ്ങളും തള്ളി. ഇത്രയും വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ അനുമതിക്കു വേണ്ടി കോടതികളില്‍ നിന്നു കോടതികളിലേക്ക് ഓടിക്കുന്ന രീതി സ്ഥാപനത്തെ അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നു വിമര്‍ശിച്ചു. കോളജിനു വേണ്ടി മനീന്ദര്‍ സിങ്, നീരജ് ബോബി, എം.കെ.അശ്വതി എന്നിവര്‍ ഹാജരായി.

Tags:    

Similar News