'താങ്കള്‍ പത്രം വായിച്ചില്ലേ, 12 മണിക്കൂറാണ് റോഡ് ബ്ലോക്ക്; കുരുക്കില്‍ കിടക്കാന്‍ എന്തിനാണ് 150 രൂപ ടോള്‍? തിരക്കില്ലാത്ത റോഡിന്റെ ഫോട്ടോ എടുക്കാന്‍ ദേശീയപാത അതോറിറ്റി വന്യജീവി ഫോട്ടോഗ്രാഫറുടെ സഹായം തേടിയോ?' പാലിയേക്കര കേസില്‍ കേന്ദ്രത്തോട് ചോദ്യശരങ്ങളുമായി സുപ്രീംകോടതി
പാലിയേക്കര കേസില്‍ കേന്ദ്രത്തോട് ചോദ്യശരങ്ങളുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: പാലിയേക്കര ടോള്‍ കേസില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യശരങ്ങളുമായി സുപ്രീംകോടതി. ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങള്‍ 150 രൂപ ടോളായി നല്‍കുന്നതെന്നു സുപ്രീംകോടതി ചോദിച്ചു പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും ടോള്‍പിരിക്കുന്ന കമ്പനിയുമാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് വിധി പറയാനായി മാറ്റി.
''താങ്കള്‍ പത്രം വായിച്ചില്ലേ, 12 മണിക്കൂറാണ് റോഡ് ബ്ലോക്ക്' ദേശീയപാത അതോറിറ്റിക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയോട് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ ചോദിച്ചു. ദേശീയപാതയിലെ മുരിങ്ങൂരില്‍ ലോറി മറിഞ്ഞാണ് ഗതാഗത തടസ്സം ഉണ്ടായതെന്നു തുഷാര്‍ മേത്ത മറുപടി നല്‍കി. ലോറി തനിയെ വീണതല്ലെന്നും റോഡിലെ കുഴിയില്‍ വീണ് മറിഞ്ഞതാണെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പറഞ്ഞു. ഗതാഗത തടസ്സം ഒഴിവാക്കാന്‍ സര്‍വീസ് റോഡുകള്‍ നിര്‍മിച്ചിരുന്നെന്നും മഴ കാരണമാണ് നിര്‍മാണ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നും തുഷാര്‍ മേത്ത പറഞ്ഞു. ദേശീയപാതയിലെ 65 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ടോള്‍ എത്രയാണെന്ന് ചീഫ് ജസ്റ്റിസ് ഗവായി ചോദിച്ചു. 150 രൂപയെന്നായിരുന്നു മറുപടി. ''ഈ ഭാഗത്തെ ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ 12 മണിക്കൂര്‍ എടുക്കുമെങ്കില്‍ എന്തിനാണ് ടോള്‍? ഒരു മണിക്കൂര്‍കൊണ്ട് സഞ്ചരിക്കേണ്ട ദൂരം താണ്ടാന്‍ 11 മണിക്കൂര്‍ അധികം എടുക്കുകയാണ്. അതിനു ടോളും നല്‍കേണ്ടിവരുന്നു.'' ചീഫ് ജസ്റ്റിസ് പറഞ്ഞു.
പാലിയേക്കരയിലെ തിരക്കില്ലാത്ത റോഡിന്റെ ഫോട്ടോ എടുക്കാന്‍ ദേശീയപാത അതോറിറ്റി വന്യജീവി ഫോട്ടോഗ്രാഫറുടെ സഹായം തേടിയോയെന്നും സുപ്രീം കോടതി ചോദിച്ചു. പാലിയേക്കരയിലെ തിരക്കില്ലാത്ത റോഡിന്റെ ദൃശ്യങ്ങള്‍ ദേശീയപാത അതോറിറ്റി സുപ്രീം കോടതിക്ക് കൈമാറിയപ്പോഴാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്. കാത്തുകാത്തിരുന്ന് ചിത്രമെടുക്കുന്ന വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തത് പോലുള്ള ചിത്രം ആണിതെന്നായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന കാര്യം സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക് ഒരു ലോറി ബ്രേക്ക്ഡൗണ്‍ ആയതിനെ തുടര്‍ന്നാണെന്ന് ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ചൂണ്ടിക്കാട്ടി ലോറി ബ്രേക്ക്ഡൗണ്‍ ആയത് ദൈവഹിതം കൊണ്ടല്ലെന്നും ദേശീയപാതയിലെ കുഴി കാരണമാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ മഴ കാരണമാണ് പാലിയേക്കരയിലെ സര്‍വീസ് റോഡുകളുടെ പണി വൈകുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ അറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മഴ കഴിഞ്ഞതിനു ശേഷം ടോള്‍ പിരിച്ചാല്‍ പോരേയെന്ന് കോടതി ആരാഞ്ഞു. മഴ നിര്‍ത്തണമെന്ന ഉത്തരവ് ഇറക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലല്ലോ എന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പാലിയേക്കര ഭാഗത്തേ ബ്ലാക്ക് സ്പോട്ടുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനം മൂന്നാമതൊരു കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുണ്ടെന്ന് ഗുരുവായൂര്‍ കണ്‍സ്ട്രന്‍ഷന്‍സ് എന്ന കരാര്‍ കമ്പനി ചൂണ്ടിക്കാട്ടി. മൂന്നാമത്തെ കമ്പനിയായ PST-യുടെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ഗുരുവായൂര്‍ കണ്‍സ്ട്രക്ഷന്‍സ് കോടതിയെ അറിയിച്ചു. പാലിയേക്കരയിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി തടഞ്ഞ കേരള ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജി വിധി പറയാനായി സുപ്രീം കോടതി മാറ്റിവെക്കുകയും ചെയ്തു.
നാലാഴ്ച ടോള്‍ പിരിക്കുന്നതിനാണ് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രശ്‌നം പരിഹരിക്കുന്നതില്‍ കടുത്ത നിസ്സംഗതയാണ് ദേശീയപാത അതോറിറ്റി കാണിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സര്‍വീസ് റോഡുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് തേര്‍ഡ് പാര്‍ട്ടി കമ്പനി ആണ് ഉള്ളത്. ഇത് എങ്ങനെ ആണ് തങ്ങളെ ബാധിക്കുന്നതെന്ന് കരാര്‍ കമ്പനി ചോദിച്ചു. ഉപകരാര്‍ കമ്പനിയാണ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത്. ടോള്‍ പിരിവ് നിര്‍ത്തിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടു. അപ്പീലില്‍ വാദം പൂര്‍ത്തിയായി ഉത്തരവ് പറയാന്‍ മാറ്റുകയായിരുന്നു.