'പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നിങ്ങളുടെ മുത്തശ്ശി അദ്ദേഹത്തെ പ്രശംസിച്ച് കത്ത് അയച്ചിരുന്നുവെന്ന് അറിയാമോ? സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവന നടത്തരുത്; ആവര്‍ത്തിച്ചാല്‍ സ്വമേധയാ നടപടിയെടുക്കും'; സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിനെ ശകാരിച്ച് സുപ്രീംകോടതി

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിനെ ശകാരിച്ച് സുപ്രീംകോടതി

Update: 2025-04-25 10:40 GMT

ന്യൂഡല്‍ഹി: വീര്‍ സവര്‍ക്കറിനെതിരേ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കെതിരെ കോടതി അധിക്ഷേപ പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്നും ആവര്‍ത്തിച്ചാല്‍ സ്വമേധയാ നടപടിയെടുക്കുമെന്നും സുപ്രീം കോടതി രാഹുലിന് മുന്നറിയിപ്പ് നല്‍കി. ചരിത്രവും ഭൂമിശാസ്ത്രവും അറിയാതെ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് നിരുത്തരവാദമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും അവരോട് ഇതേ രീതിയില്‍ പെരുമാറരുതെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു

ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിച്ചയുടന്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് ജസ്റ്റിസ് ദത്ത എതിര്‍പ്പ് രേഖപ്പെടുത്തി. വൈസ്രോയിക്കുള്ള കത്തുകളില്‍ 'നിങ്ങളുടെ വിശ്വസ്ത ദാസന്‍' എന്ന പദം ഉപയോഗിച്ചതുകൊണ്ട് മഹാത്മാഗാന്ധിയെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് വിളിക്കാമോ എന്ന് ജസ്റ്റിസ് ദത്ത ചോദിച്ചു. നിങ്ങളുടെ മുത്തശ്ശി ഇന്ദിരാഗാന്ധി പോലും സവര്‍ക്കറെ ബഹുമാനിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തെ പ്രശംസിച്ച് കത്തയച്ചിരുന്ന കാര്യമറിയാമോ എന്നും ദത്ത ചോദിച്ചു. രാഹുലിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ എം.എം. സിങ്‌വിയാണ് കോടതിയില്‍ ഹാജരായത്.

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ലഖ്‌നൗ കോടതിയില്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ മാനനഷ്ട നടപടികള്‍ കോടതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും, ഭാവിയില്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ 'സ്വമേധയാ' നടപടി സ്വീകരിക്കുമെന്നാണ് സുപ്രീംകോടതി വാക്കാല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

'വൈസ്രോയിയെ അഭിസംബോധന ചെയ്യുമ്പോള്‍ മഹാത്മാഗാന്ധി 'നിങ്ങളുടെ വിശ്വസ്ത ദാസന്‍' എന്ന് ഉപയോഗിച്ചിരുന്നതായി നിങ്ങളുടെ കക്ഷിക്ക് അറിയാമോ? പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മുത്തശ്ശി (ഇന്ദിരാഗാന്ധി) സ്വാതന്ത്ര്യ സമര സേനാനിയായ മാന്യവ്യക്തിയെ(സവര്‍ക്കര്‍) പ്രശംസിച്ച് ഒരു കത്ത് അയച്ചിരുന്നുവെന്ന് നിങ്ങളുടെ കക്ഷിക്ക് അറിയാമോ?' രാഹുലിനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ എഎം സിങ്വിയോട് ജസ്റ്റിസ് ദത്ത ചോദിച്ചു.

സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് അദ്ദേഹം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തരുത്. സ്വാതന്ത്ര്യ സമര സേനാനികളോട് പെരുമാറുന്ന രീതി ഇതല്ലെന്നും ജസ്റ്റിസ് ദത്ത പറഞ്ഞു. അദ്ദേഹം ഉന്നത പദവിയുള്ള വ്യക്തിയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ രാഷ്ട്രീയ നേതാവാണ്. എന്തിനാണ് ഇങ്ങനെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്? ഇങ്ങനെ ചെയ്യരുതെന്നും ജസ്റ്റിസ് ദത്ത കുട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ നിങ്ങള്‍ക്ക് സ്റ്റേ അനുവദിക്കും.. പക്ഷേ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് നിങ്ങളെ തടയും. കൂടുതല്‍ പ്രസ്താവനകള്‍ നടത്തിയാല്‍ ഞങ്ങള്‍ സ്വമേധയാ നടപടി സ്വീകരിക്കും, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് എന്തും സംസാരിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല. അവര്‍ നമുക്ക് സ്വാതന്ത്ര്യം നല്‍കി, ഇങ്ങനെയാണോ നമ്മള്‍ അവരോട് പെരുമാറേണ്ടത്. ജസ്റ്റിസ് ദത്ത പറഞ്ഞു. അത്തരം പ്രസ്താവനകള്‍ നടത്തില്ലെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാക്കാല്‍ ഉറപ്പുനല്‍കുകയും ചെയ്തു.

ഭാരത് ജോഡോ യാത്രക്കിടെ 2022 നവംബര്‍ 17നാണ് രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ സവര്‍ക്കറെ വിമര്‍ശിച്ചത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും അവരില്‍നിന്ന് പെന്‍ഷന്‍ വാങ്ങിയിരുന്നു എന്നുമായിരുന്നു പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ വാര്‍ത്തസമ്മേളനത്തില്‍ വിതരണം ചെയ്‌തെന്നും കാണിച്ച് അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെ നല്‍കിയ പരാതിയിലാണ് കേസ്.

കേസില്‍ ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ നവംബറില്‍ ലഖ്‌നോ സെഷന്‍സ് കോടതി ജഡ്ജി അലോക് വര്‍മ്മ ഉത്തരവിട്ടിരുന്നു. തന്റെ പരാമര്‍ശങ്ങളിലൂടെ കോണ്‍ഗ്രസ് എം.പി സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കേസില്‍ സമന്‍സ് ലഭിച്ചിട്ടും ഹാജരാകാത്ത രാഹുല്‍ ഗാന്ധിക്ക് മാര്‍ച്ചില്‍ ലഖ്‌നോ കോടതി 200 രൂപ പിഴയിട്ടിരുന്നു.

ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചും കേസുണ്ട്. സവര്‍ക്കറുടെ ബന്ധു സത്യകി സവര്‍ക്കറാണ് പൂണെ കോടതിയില്‍ പരാതി നല്‍കിയത്. ഈ കേസില്‍ ജനുവരിയില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Tags:    

Similar News