കോണ്‍ഗ്രസ് നേതാവ് തേറമ്പലിനെ 'ലീഡറാക്കി' തുടക്കം; കമ്മ്യൂണിസം കൊണ്ട് തുലഞ്ഞു പോയ ആലപ്പുഴയെ കരകയറ്റാന്‍ എയിംസ് ആലപ്പുഴയില്‍ തന്നെ വേണം; അതിനായി തൃശൂരുകാര്‍ പ്രാര്‍ത്ഥിക്കണം; താന്‍ ഒറ്റ തന്തയ്ക്ക് പിറന്നവന്‍...ഒരിക്കലും വാക്കുമാറ്റില്ല; തൃശൂര്‍ കോപ്പറേഷനും നിയമസഭാ സീറ്റും തരണം; കോഫി വിത്ത് എസ് ജി വീണ്ടും; നിലപാട് പറയാന്‍ സുരേഷ് ഗോപി
തൃശൂര്‍: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണനെ വീട്ടിലെത്തി കണ്ട് കോഫി വിത്ത് എസ്ജി എന്ന പരിപാടി തുടങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തേറമ്പലിനെ സുരേഷ് ഗോപി സന്ദര്‍ശിച്ചത് വ്യക്തിപരമായ സൗഹൃദം പുതുക്കലിനാണെന്നാണ് പറയുന്നത്. എന്നാല്‍ അതില്‍ ചില രാഷ്ട്രീയം കോണ്‍ഗ്രസ് കാണുന്നുണ്ട്. അതിനിടെ സുരേഷ് ഗോപിയുടെ പുതിയ വെളിപ്പെടുത്തലും ചര്‍ച്ചയാവുകയാണ്. കലുങ്ക് സംവാദത്തിന് പിന്നാലെയാണ് കോഫി വിത്ത് എസ് ജി.
എയിംസ് തൃശൂരില്‍ വരുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പറയുന്നു. തൃശൂരിന്റെ വികസനം ലക്ഷ്യമിട്ടുള്ള 'എസ്ജി കോഫി ടൈംസ്' എന്ന പേരിലുള്ള പുതിയ ചര്‍ച്ചാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാന്‍ വേണ്ടിയാണ് എയിംസ് ആലപ്പുഴയില്‍ വേണമെന്ന ആവശ്യമുന്നയിച്ചതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറയുന്നു. രാഷ്ട്രീയവും പ്രാദേശികതയുമല്ല ഇക്കാര്യത്തില്‍ താന്‍ കാണുന്നത്. എയിംസ് തൃശൂരില്‍ വരുമെന്ന് താനെരിക്കലും പറഞ്ഞിട്ടില്ല. തൃശൂരില്‍നിന്നും എംപിയാകുന്നതിന് മുന്‍പുതന്നെ ആലപ്പുഴയില്‍ എയിംസ് വേണമെന്നായിരുന്നു താന്‍ പറഞ്ഞത്. താന്‍ ഒറ്റ തന്തയ്ക്ക് പിറന്നവനാണ് ഒരിക്കലും വാക്കുമാറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് സുരേഷ് ഗോപി പറയുകയുണ്ടായി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് കേന്ദ്രം നല്‍കിയ 19 കോടി രൂപയ്ക്ക് തുരങ്കം വച്ചു. കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം പണം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുകയാണിപ്പോള്‍. പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചത് മേയര്‍ എം എം വര്‍ഗീസ് അല്ല. അദ്ദേഹം എന്തെങ്കിലും ചെയ്തു എന്നൊരിക്കലും പറയില്ല. അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ തനിക്കറിയാം. കോര്‍പ്പറേഷനും കോര്‍പ്പറേഷന്‍ ഇരിക്കുന്ന തൃശൂര്‍ നിയമസഭാ സീറ്റും ബിജെപിക്ക് തരണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
സംസ്ഥാനത്ത് യൂണിഫോം സിവില്‍ കോഡ് വരുമെന്ന് സുരേഷ് ഗോപി അവകാശപ്പെട്ടു. ഇത് നിലവില്‍ വരുന്നതോടെ എല്ലാവര്‍ക്കും തുല്യതയും ന്യായവും നടപ്പിലാക്കും. യൂണിഫോം സിവില്‍ കോഡ് എന്തായാലും വരുമെന്ന് നേരത്തെ തന്നെ അമിത്ഷാ പറഞ്ഞിട്ടുണ്ട്. പ്രജ പ്രയോഗത്തിലെ വിവാദത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. രാഷ്ട്രീയം പറഞ്ഞത് വിവാദമാക്കാന്‍ കൂലി എഴുത്തുകാരെ നിയോഗിച്ചു. അതിലൊന്നും ഭയമില്ല. 50 വര്‍ഷമായി നടക്കാത്ത കാര്യങ്ങളടക്കം തന്റെ സംവാദ പരിപാടിയില്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ പ്രജ എന്നെല്ലാമുള്ള വാക്കുകളാണ് എടുത്തുകാണിക്കുന്നത്. എല്ലാം ജനം തിരിച്ചറിയുന്നുണ്ട്. രാജ്യത്തെ പ്രജകളാണ് രാജാക്കന്മാര്‍. പ്രജകളുടെ ക്ഷേമമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. മെട്രോ ട്രെയിന്‍ സര്‍വീസ് തൃശൂരിലേക്ക് വരുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നെടുമ്പാശേരി അങ്കമാലി വരെ മെട്രോ പാത എത്തിയ ശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത്. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കവെയാണ് എസ്ജി കോഫി ടൈംസ് സുരേഷ് ഗോപി പുനഃരാരംഭിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായിരുന്ന തേറമ്പില്‍ രാമകൃഷ്ണനെ വീട്ടിലെത്തി കണ്ടശേഷമാണ് സുരേഷ് ഗോപി പരിപാടിക്കെത്തിയത്. തൃശൂര്‍ മേയര്‍ക്കും മുകളില്‍ കസേരയിട്ട് കൊടുക്കേണ്ടയാളാണ്. തേറമ്പില്‍ രാമകൃഷ്ണന്‍ ലീഡര്‍ക്കൊപ്പം സ്ഥാനം കൊടുക്കേണ്ടയാളുമാണ്. അതുകൊണ്ടാണ് കോഫി ടൈംസ് തുടങ്ങും മുമ്പ് തേറമ്പിലിനെ വീട്ടിലെത്തി കണ്ടതെന്നു സുരേഷ് ഗോപി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ ബിജെപിക്ക് 30 സീറ്റെങ്കിലും കൊടുത്താല്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ കുതിപ്പുണ്ടാകും. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് കേന്ദ്രം നല്‍കിയ 19 കോടി തുരങ്കം വെച്ചു. പിന്നീട് കളക്ടര്‍ റിപ്പോര്‍ട്ട് പ്രകാരം പണം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുകയാണിപ്പോഴെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു. സ്റ്റേഡിയം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചത് മേയര്‍ എംഎം വര്‍ഗീസ് അല്ല. അദ്ദേഹം എന്തെങ്കിലും ചെയ്തു എന്ന് ഒരിക്കലും പറയില്ല. അദ്ദേഹത്തിന്റെ നിസഹായവസ്ഥ അറിയാം. കോര്‍പ്പറേഷനും കോര്‍പ്പറേഷന്‍ ഇരിക്കുന്ന തൃശൂര്‍ നിയമസഭാ സീറ്റും ബിജെപിക്ക് തരണമെന്നും സുരേഷ് ഗോപി പറഞ്ഞു.
കലുങ്ക് സഭയ്ക്കു പകരം പഴയ സംവാദ പരിപാടിയായ 'എസ്ജി കോഫി ടൈംസ്' വീണ്ടും ആരംഭിക്കുകയാണ് സുരേഷ് ഗോപി. 'എസ്ജി കോഫി ടൈംസ്' വീണ്ടും തുടങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയിരുന്ന പരിപാടി ആയിരുന്നു ഇത്. കലുങ്ക് സംവാദത്തിലെ വിവാദങ്ങള്‍ തിരിച്ചടിയായെന്നു ബിജെപിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ജനസമ്പര്‍ക്ക പരിപാടിയെന്ന നിലയ്ക്കാണ് 'എസ് ജി കോഫി ടൈംസ്' പദ്ധതിയിട്ടിരിക്കുന്നത്. പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയുക, പരിഹാരം കണ്ടെത്തുക എന്നിവയാണ് ലക്ഷ്യം. തൃശൂരിനു പുറത്ത് പരിപാടി ഉണ്ടാകില്ല.
എസ്ജി കോഫി ടൈംസ് മടങ്ങിവരുന്നു. ആശയങ്ങള്‍ പാകംചെയ്യുന്ന, മനസ്സുകള്‍ ഒന്നാകുന്ന, നമുക്കെല്ലാം പ്രിയപ്പെട്ട തൃശൂരിന്റെ ഭാവിയെ കുറിച്ച് സംസാരിക്കുന്ന ഒരിടം. വീണ്ടും ഒന്നിച്ചു കൂടാം ചിന്തകളും പ്രതീക്ഷകളും പങ്കുവയ്ക്കാന്‍. തൃശൂരിന്റെ വികസനം മാത്രം ലക്ഷ്യമാക്കി-ഇതാണ് സുരേഷ് ഗോപിയുടെ പ്രഖ്യാപനം.
