'അവ ഹൃദയത്തില്‍ നിന്ന് വന്നത്; നല്ല ഉദ്ദേശം മാത്രമാണുള്ളത്; മുന്നോക്ക ജാതിക്കാരുടെ കാര്യം നോക്കാന്‍ പിന്നാക്കക്കാരെയും കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു; പരാമര്‍ശം വളച്ചൊടിച്ചു; പ്രസ്താവന പിന്‍വലിക്കുന്നു'; വിവാദ പരാമര്‍ശം പിന്‍വലിച്ചു സുരേഷ് ഗോപി; എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണമെന്നും കേന്ദ്രമന്ത്രി

എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണമെന്നും കേന്ദ്രമന്ത്രി

Update: 2025-02-02 11:10 GMT

ന്യൂഡല്‍ഹി: ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതന്‍ മന്ത്രിയാകണമെന്ന വിവാദ പരാമര്‍ശം പിന്‍വലിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. താന്‍ പറഞ്ഞത് മുഴുവന്‍ കൊടുത്തിട്ടില്ലെന്നും അവ ഹൃദയത്തില്‍ നിന്ന് വന്നതാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

നല്ല ഉദ്ദേശം മാത്രമാണുള്ളത്. മുന്നോക്ക ജാതിക്കാരുടെ കാര്യം നോക്കാന്‍ പിന്നാക്കക്കാരെയും കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. തനിക്ക് ആ ജോലി ചെയ്യാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ എയിംസ് വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണമെന്നാണ് ആഗ്രഹം. തന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് എയിംസിന്റെ പണിയെങ്കിലും തുടങ്ങിയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദിവാസി വകുപ്പ് ഉന്നത കുലജാതര്‍ കൈകാര്യം ചെയ്യണമെന്ന് സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് വിവാദമായത്. ബ്രാഹ്‌മണനോ നായിഡുവോ ആ വകുപ്പ് കൈകാര്യം ചെയ്താല്‍ മാത്രമേ ആദിവാസികളുടെ കാര്യത്തില്‍ ഉന്നതി ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡല്‍ഹി മയൂര്‍വിഹാറില്‍ ബിജെപി കേരള ഘടകം സംഘടിപ്പിച്ച തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പ്രസംഗിക്കവേയാണു മന്ത്രിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്.

ഗോത്ര വകുപ്പ് ബ്രാഹ്‌മണര്‍ ഭരിക്കട്ടെയെന്നും, ഉന്നതകുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നും ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്‌മണനോ നായിഡുവോ നോക്കണമെന്നുമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. ആദിവാസി വകുപ്പ് എനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അത് പലതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആദിവാസി വിഭാഗത്തിനായി നേരത്തെ മുതല്‍ ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് ഞാന്‍. ഈ വിഭാഗത്തിന് മാറ്റം വരണമെങ്കില്‍ ഉന്നതകുലജാതരായ ആളുകള്‍ ആദിവാസി വകുപ്പുകളുടെ ചുമതലയിലേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നോക്ക വിഭാഗങ്ങളുടെ വകുപ്പുകളുടെ ചുമതലയിലേക്ക് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആളുകള്‍ വരണം. ഇത്തരം ജാനാധിപത്യമായ മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകണമെന്നുമാണ് സുരേഷ് ഗോപി അഭിപ്രായപ്പെടുന്നത്. എന്നാല്‍, നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് ഗോത്രവിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരിക്കും ആ വകുപ്പ് ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പ് മാത്രമല്ല, മറ്റ് ചില കാര്യങ്ങള്‍ കൂടി എനിക്ക് പറയാനുണ്ടെന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

'2016ല്‍ എംപിയായ കാലഘട്ടം മുതല്‍ മോദിജിയോട് ആവശ്യപ്പെടുന്നതാണ് എനിക്ക് സിവില്‍ ഏവിയേഷന്‍ വേണ്ട, ട്രൈബല്‍ തരൂ എന്ന്. നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണിത്. ട്രൈബല്‍ വകുപ്പ് മന്ത്രി ഒരിക്കലും ട്രൈബല്‍ അല്ലാത്ത ആളാവുകയേയില്ല. എന്റെ ആഗ്രഹമാണ്, ഒരു ഉന്നതകുലജാതന്‍ അവരുടെ ഉന്നമനത്തിനുവേണ്ടി ട്രൈബല്‍ മന്ത്രിയാകണം. ആദിവാസി വിഭാഗത്തില്‍പെട്ട ഒരാളുണ്ടെങ്കില്‍ അദ്ദേഹത്തെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായി മന്ത്രിയാക്കണം. ഈ പരിവര്‍ത്തനം നമ്മുടെ ജനാധിപത്യത്തില്‍ ഉണ്ടാകണം. ജാതിവശാല്‍ ഉന്നതകുലജാതനെന്ന് നമ്മള്‍ കരുതുന്ന ഒരു ബ്രാഹ്‌മണനോ നായിഡുവോ ഗോത്രവര്‍ഗത്തിന്റെ കാര്യങ്ങള്‍ നോക്കട്ടെ. വലിയ വ്യത്യാസമുണ്ടാകും. ഇക്കാര്യം ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനൊക്കെ ചില ചിട്ടവട്ടങ്ങളുണ്ട്.' ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

വിവാദ പരാമര്‍ശത്തിനൊപ്പം കേരളത്തെ പരിഹസിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഒരു സര്‍ക്യൂട്ട് പോലും കിട്ടിയില്ലെന്നാണ് കേരളം പറയുന്നത്. സര്‍ക്യൂട്ട് പ്രഖ്യാപിക്കുന്ന ബജറ്റ് ആണല്ലോ കേന്ദ്ര ബജറ്റ് എന്നും കേരളം നിലവിളിക്കുകയല്ല മറിച്ച് കിട്ടുന്ന ഫണ്ട് ചിലവഴിക്കുകയാണ് വേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ദുഷ്പ്രചരണങ്ങള്‍ നടത്തിക്കൊള്ളൂവെന്നും എല്ലാ വകുപ്പുകള്‍ക്കും കൃത്യമായി പണം വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പല്‍ നടത്തായില്‍ പോരാ.ബജറ്റ് വകയിരുത്തല്‍ ഓരോ മേഖലയിലേക്കാണ്.കേരളം നിലവിളിക്കുകയല്ല വേണ്ടത് കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കണം.ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റില്‍ വേര്‍തിരിച്ച് കണ്ടിട്ടില്ല. കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണനയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ബജറ്റ് വകയിരുത്തല്‍ ഓരോ മേഖലയിലേക്കാണ് എന്നും കേരളം നിലവിളിക്കുകയല്ല വേണ്ടത് എന്നും സുരേഷ് ഗോപി സംസ്ഥാനത്തെ കുറ്റപ്പെടുത്തി. ഓരോ വകുപ്പുകള്‍ക്കാണ് ബജറ്റ് വകയിരുത്തിയത്. അവിടെ കേരളം, ബിഹാര്‍ എന്ന് തരം തിരിച്ച് കണ്ടിട്ടില്ല. കേരളം നിലവിളിക്കാതെ കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ പ്രസംഗത്തിനെതിരെ വിവധി കോണുകളില്‍ നിന്നും പ്രതിഷേധ ഉയര്‍ന്നതോടെയാണ് അദ്ദേഹം വാക്കുകള്‍ പിന്‍വലിച്ചത്. സി കെ ജാനു അടക്കം സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

Tags:    

Similar News