വാര്‍ത്താസമ്മേളനത്തിനിടെ സ്വീഡനിലെ ആരോഗ്യമന്ത്രി കുഴഞ്ഞു വീണു; അടിയന്തര ശുശ്രൂഷ നല്‍കാന്‍ പാഞ്ഞെത്തി രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും; രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതെന്ന് ശുശ്രൂഷയ്ക്ക് ശേഷം തിരികെ എത്തിയ മന്ത്രി

വാര്‍ത്താസമ്മേളനത്തിനിടെ സ്വീഡനിലെ ആരോഗ്യമന്ത്രി കുഴഞ്ഞു വീണു

Update: 2025-09-10 06:59 GMT

സ്റ്റോക്‌ഹോം: വാര്‍ത്താസമ്മേളനത്തിനിടെ സ്വീഡനിലെ പുതിയ ആരോഗ്യമന്ത്രി കുഴഞ്ഞു വീണ സംഭവം പരിഭ്രാന്തി പടര്‍ത്തി. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ആരോഗ്യമന്ത്രി എലിസബറ്റ് ലാന്‍ കുഴഞ്ഞു വീണത്. പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണും മറ്റ് ഉദ്യോഗസ്ഥരുമായി നടത്തിയ വാര്‍ത്താസമ്മളനത്തിനിടെ ആണ് മന്ത്രിക്ക് അസ്വസ്ഥത ഉണ്ടായത്.

എലിസബറ്റ് ലാന്‍ മുന്നോട്ട് ആയുന്നതും തറയില്‍ വീഴുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. വീഴ്ചയ്ക്ക് ശേഷം അബോധാവസ്ഥയിലായിരുന്ന ലാനിന് അടിയന്തര ശുശ്രൂഷ നല്‍കാന്‍ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും ഓടി അടുത്തെത്തിയിരുന്നു. അതേസമയം, സ്വീഡന്റെ ഉപപ്രധാനമന്ത്രി എബ്ബ ബുഷ് ആരോഗ്യമന്ത്രിയെ കുറേക്കൂടി സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുന്നതും കാണാം. അവിടെയുണ്ടായിരുന്നവര്‍ ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ ഉണ്ട്. തുടര്‍ന്ന് ലാനെ ഉടന്‍ തന്നെ മുറിയില്‍ നിന്ന് പുറത്ത് എത്തിക്കുകയായിരുന്നു.

എന്നാല്‍ അല്‍പ്പസമയത്തിനകം ആരോഗ്യമന്ത്രി വേദിയിലേക്ക് തിരിച്ചെത്തി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞത് കൊണ്ടാണ് ബോധക്കേട് ഉണ്ടായത് എന്നാണ് മന്ത്രി വിശദീകരിച്ചത്. ഏതായാലും വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ സ്വീഡനില്‍ വൈറലായി മാറിയിരിക്കുകയാണ്. സോഷ്യല്‍ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഏകദേശം 80,000 പേരാണ് വീഡിയോ കണ്ടത്. മുന്‍ഗാമിയായ അക്കോ അങ്കാര്‍ബെര്‍ഗ് ജോഹാന്‍സണ്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി രാജിവച്ചതിനെത്തുടര്‍ന്ന് ലാന്‍ ആരോഗ്യമന്ത്രിയായി നിയമിതയായ അതേ ദിവസമാണ് ഈ സംഭവം നടന്നത്.

ആരോഗ്യമന്ത്രിയാകുന്നതിന് മുമ്പ് സ്വീഡനിലെ ഗോഥെന്‍ബര്‍ഗ് മുനിസിപ്പാലിറ്റിയില്‍ മുനിസിപ്പല്‍ കൗണ്‍സിലറായി ലാന്‍ സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ മാസം ഒരു ടിവി അഭിമുഖത്തിനിടെ ഒരു സെര്‍ബിയന്‍ മന്ത്രിക്ക് പക്ഷാഘാതം അനുഭവപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.

സെര്‍ബിയന്‍ ടിവി ചാനലായ ടെലിവിസിജ പിങ്കിന്റെ പ്രഭാത പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ പൊതു നിക്ഷേപ മന്ത്രി ഡാര്‍ക്കോ ഗ്ലിഷിക്ഫെല്‍ രോഗബാധിതനാകുക ആയിരുന്നു. ഗ്ലിഷിക്കിന്റെ സംസാരം മന്ദഗതിയിലാകുന്നതും അദ്ദേഹം ഇടറുന്നതും എല്ലാം പരിപാടിയില്‍ ജനങ്ങള്‍ കണ്ടിരുന്നു. മന്ത്രിയെ ബെല്‍ഗ്രേഡിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവിടെ അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.

Tags:    

Similar News