കേരള സര്‍കലാശാലയിലെ സ്തംഭനം സര്‍ക്കാരിന് പേരുദോഷമുണ്ടാക്കിയെന്ന് സിപിഎമ്മിന് തിരിച്ചറിവ്; വിസി-രജിസ്ട്രാര്‍ പോര് സമവായത്തില്‍ എത്തിക്കാന്‍ നിര്‍ണായക നീക്കം; രജിസ്ട്രാര്‍ അനില്‍കുമാര്‍ സസ്‌പെന്‍ഷന്‍ അംഗീകരിച്ചാല്‍ പ്രശ്‌നം തീരുമെന്ന് മന്ത്രിയുമായുളള ചര്‍ച്ചയില്‍ വിസി; സിന്‍ഡിക്കേറ്റ് അംഗങ്ങളും മന്ത്രിയുമായി കൂടിക്കാഴ്ച; മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കും

കേരള സര്‍വകലാശാലയിലെ പ്രതിസന്ധി തീര്‍ക്കാന്‍ നിര്‍ണായക നീക്കങ്ങള്‍

Update: 2025-07-18 13:03 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പ്രതിസന്ധി തീര്‍ക്കാന്‍ നിര്‍ണായക നീക്കങ്ങള്‍. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹന്‍ കുന്നുമ്മേല്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ ഔദ്യോഗിക വസതിയില്‍ എത്തി കണ്ടു. സര്‍വകലാശാല സ്തംഭനം സര്‍ക്കാരിന് ക്ഷീണമായെന്ന സിപിഎം വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമവായ നീക്കം. അതിന്റെ ഭാഗമായി മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ കണ്ടേക്കും.

20 ദിവസത്തിനു ശേഷമാണ് വിസി സര്‍വകലാശാലയില്‍ എത്തിയത്. പിന്നീട് ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിയെ കാണാന്‍ എത്തിയത്. അനുരഞ്ജനത്തിന്റെ ഭാഗമായി സര്‍വകലാശാലയില്‍ എത്തിയ വിസിയെ എസ്എഫ്‌ഐ തടഞ്ഞില്ല. വിസിയെ സര്‍വകലാശാലയില്‍ കയറ്റില്ലെന്നാണ് എസ്എഫ്‌ഐ നേരത്ത പ്രഖ്യാപിച്ചിരുന്നത്.

അതേസമയം, രജിസ്ട്രാര്‍ അനില്‍കുമാറിന്റെ സസ്‌പെന്‍ഷനില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിസി. ഇക്കാര്യം വിസി മന്ത്രിയെ ധരിപ്പിച്ചു. ഭരണത്തലവനായ ഗവര്‍ണറെ അപമാനിച്ചതു കൊണ്ടാണ് റജിസ്ട്രാറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതെന്നാണ് വിസി പറഞ്ഞത്. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മന്ത്രി ആര്‍.ബിന്ദുവുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സര്‍വകലാശാലയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മന്ത്രി വിസിയോട് ആവശ്യപ്പെട്ടു. കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന് മന്ത്രി മറുപടി നല്‍കിയതായാണ് സൂചന. സസ്പെന്‍ഷന്‍ നടപടി രജിസ്ട്രാര്‍ അംഗീകരിക്കണമെന്നാണ് വിസിയുടെ നിലപാട്. സസ്‌പെന്‍ഷന്‍ അംഗീകരിച്ചാല്‍ പ്രതിസന്ധിക്ക് അയവ് വരുമെന്നാണ് വിസി അറിയിച്ചത്. വിസിയുടെ നിലപാട് ബന്ധപ്പെട്ടവരുമായി സംസാരിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

സസ്പെന്‍ഡ് ചെയ്യപ്പെട്ട റജിസ്ട്രാര്‍ ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പിന്‍ബലത്തില്‍ ഓഫിസില്‍ അനധികൃതമായി ഹാജരാകുന്നത് ഗവര്‍ണറോടുള്ള അനാദരവാണെന്നു വിസി മന്ത്രിയെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ യോഗത്തില്‍ വിസി ഓണ്‍ലൈനായി പങ്കെടുത്തിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം വിസി തൃശൂരിലേക്കു മടങ്ങി. ഇതേ തുടര്‍ന്ന് മന്ത്രി സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തി. വിസി -റജിസ്ട്രാര്‍ പോര് അവസാനിപ്പിക്കാന്‍ നേരത്തെ മന്ത്രി ആര്‍ ബിന്ദു നിലപാട് മയപ്പെടുത്തിയിരുന്നു. വിസി മോഹനന്‍ കുന്നുമ്മലുമായി താന്‍ നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം സര്‍വകലാശാലയിലേക്ക് തിരികെ വന്നത് ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലെന്നും മന്ത്രി പറഞ്ഞിരുന്നു.' കേരള സര്‍വകലാശാലയിലേക്ക് വിസി തിരികെ എത്തിയത് താന്‍ വിളിച്ചു സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ്. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടല്‍ നടക്കുന്നുണ്ട്. വിസിയുമായും സിന്‍ഡിക്കേറ്റുമായും സംസാരിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഗവര്‍ണറുമായും സംസാരിക്കും. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടില്ല. ആദ്യം ഞാന്‍ ശ്രമിച്ചു നോക്കട്ടെ. റജിസ്ട്രാര്‍ ആരെന്നു നിയമം നോക്കിയാല്‍ അറിയാം' - ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇരുപത് ദിവസത്തിനു ശേഷം ഇന്നാണ് വിസി മോഹനന്‍ കുന്നുമ്മല്‍ ഓഫീസിലെത്തിയത്. മുഖ്യമന്ത്രി താമസിയാതെ ഗവര്‍ണറെ കാണുമെന്നും കൂടിക്കാഴ്ചയില്‍ സര്‍വകലാശാല വിഷയവും ചര്‍ച്ചയായേക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു

Tags:    

Similar News