'പേരക്കുട്ടിയെ ഒരിക്കല്‍പ്പോലും നേരില്‍ക്കണ്ടിട്ടില്ല; വീഡിയോ കോളിലൂടെ മാത്രമേ കണ്ടിട്ടുള്ളു; ആ കുഞ്ഞിനെ അവര്‍ കൊന്നുകളഞ്ഞോ അതോ ജീവിച്ചിരിപ്പുണ്ടോ? നികിതയുടെ അറസ്റ്റിന് പിന്നാലെ പേരക്കുട്ടിയെ തേടി അതുലിന്റെ അച്ഛന്‍

നികിതയുടെ അറസ്റ്റിന് പിന്നാലെ പേരക്കുട്ടിയെ തേടി അതുലിന്റെ അച്ഛന്‍

Update: 2024-12-15 11:34 GMT

ന്യൂഡല്‍ഹി: ബംഗളൂരുവില്‍ ജീവനൊടുക്കിയ ഐടി ജീവനക്കാരന്‍ അതുല്‍ സുഭാഷിന്റെ നാലുവയസ്സുകാരനായ മകനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുത്തച്ഛന്‍ പവന്‍ കുമാര്‍. കുട്ടിയെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ജീവിച്ചിരിപ്പുണ്ടോയെന്ന് തന്നെ അറിയില്ലെന്നും മുത്തച്ഛന്‍ പറഞ്ഞു. കുട്ടിയെ തങ്ങളോടൊപ്പം കൊണ്ടു വരാനാണ് ആഗ്രഹിക്കുന്നതെന്നും അതുല്‍ സുഭാഷിന്റെ അച്ഛന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

ഭാര്യക്കും കുടുംബത്തിനുമെതിരെ കത്തെഴുതിവെച്ചശേഷം ടെക്കി അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അതുലിന്റെ ഭാര്യ നികിത സിംഘാനിയ, ഭാര്യാ മാതാവ് നിഷ, ഭാര്യാ സഹോദരന്‍ അനുരാഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നാലുവയസ്സുകാരനായ പേരക്കുട്ടിയെക്കുറിച്ച് ചോദ്യമുന്നയിച്ച് അതുലിന്റെ പിതാവ് പവന്‍ കുമാര്‍ മോദി രംഗത്ത് വന്നത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു പവന്‍ കുമാറിന്റെ പ്രതികരണം.

അതുല്‍ സുഭാഷിന്റെ മരണത്തിന് കാരണക്കാരായവരെ ഉടനടി അറസ്റ്റ് ചെയ്തതില്‍ പോലീസിനോട് അദ്ദേഹം നന്ദി പറഞ്ഞു. അതുലിന്റെ നാലുവയസുള്ള മകനെ നികിതയുടെ കുടുംബം എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയില്ല. ആ കുഞ്ഞിനെ അവര്‍ കൊന്നുകളഞ്ഞോ അതോ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ല. അവനെക്കുറിച്ച് ഒന്നും അറിയില്ലെന്നും കുട്ടി തങ്ങള്‍ക്കൊപ്പം വേണമെന്നും പവന്‍ കുമാര്‍ മോദി പറഞ്ഞു.

'പോലീസിനോടും നിയമപാലകരോടും ഒരുപാട് നന്ദിയുണ്ട്. ഒടുവില്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഞങ്ങള്‍ക്ക് അതുലിന്റെ ചിതാഭസ്മം ലഭിച്ചു. ഈശ്വരഭക്തിയുള്ളവരാണെങ്കിലും അതുലിന് നീതി കുട്ടുംവരെ അവന്റെ ചിതാഭസ്മം ഞങ്ങള്‍ നിമജ്ജനം ചെയ്യില്ല. അതുലിന്റെയും നികിതയുടേയും വിവാഹമോചനക്കേസ് കേട്ട ജോന്‍പുര്‍ കുടുംബകോടതി ജഡ്ജ് അഴിമതിക്കാരിയാണ്. അവര്‍ അതുലിനോട് പണമാവശ്യപ്പെട്ടു. എന്തെങ്കിലും പിഴയടയ്ക്കണമെങ്കില്‍ അതുല്‍ അത് ചെയ്യുമായിരുന്നു, എന്നാല്‍ കൈക്കൂലി കൊടുക്കാന്‍ തയ്യാറല്ലായിരുന്നു.' പവന്‍ കുമാര്‍ പറഞ്ഞു.

തന്റെ പേരക്കുട്ടിയെ ഒരിക്കല്‍പ്പോലും നേരില്‍ക്കണ്ടിട്ടില്ല. വീഡിയോ കോളിലൂടെ മാത്രമേ കണ്ടിട്ടുള്ളു. ഒരു മുത്തച്ഛനും മുത്തശ്ശിക്കും തങ്ങളുടെ മക്കളേക്കാള്‍ പ്രാധാന്യം പേരക്കുട്ടികള്‍ക്കാണെന്നും പവന്‍ കുമാര്‍ പറഞ്ഞു. 2020-ലാണ് അതുലിനും നികിതയ്ക്കും കുഞ്ഞുണ്ടായത്. തൊട്ടടുത്ത വര്‍ഷം ഇരുവരും വിവാഹമോചിതരായി. പേരക്കുട്ടിയെ വിട്ടുകിട്ടാന്‍ പവന്‍ കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് എന്നിവരെ സമീപിച്ചിരുന്നു.

അതുലിന്റെ മകനെ ലഭിക്കുന്നതിനാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് സഹോദരന്‍ ബികാസ് കുമാര്‍ പറഞ്ഞു. മൂന്നുപേരെ അറസ്റ്റ് ചെയ്തതില്‍ കര്‍ണാടക പോലീസിനോട് നന്ദിയുണ്ട്. ഇനിയും അറസ്റ്റുകള്‍ നടക്കാനിരിക്കുന്നു. അതുടനെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബികാസ് പ്രത്യാശ പ്രകടിപ്പിച്ചു.

ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പെഴുതിയാണ് സുഭാഷ് ആത്മഹത്യ ചെയ്തത്. സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന അതുല്‍ സുഭാഷിനെതിരെ ഭാര്യ നല്‍കിയ കേസുകള്‍ പിന്‍വലിക്കാനായി മൂന്ന് കോടി രൂപയും കുട്ടിയെ സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കാനായി വന്‍തുകയും ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം. ദാമ്പത്യജീവിതത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുന്നുവെന്ന് ആത്മഹത്യാ കുറിപ്പില്‍ അതുല്‍ പറയുന്നു.

കര്‍ണാടകയിലെ മറാത്തഹള്ളി സ്വദേശിയായ അതുല്‍ സുഭാഷ് നിഖിതയുമായി വേര്‍പിരിഞ്ഞ് ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. കുട്ടിയെ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി ലഭിക്കാനായി 30 ലക്ഷം രൂപ ഭാര്യയുടെ കുടുംബം അതുലിനോട് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. ഭാര്യക്കും മകനും ചെലവിനായി പ്രതിമാസം രണ്ടു ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടിരുന്നതായും ആരോപണമുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്തിരുന്ന ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ കുടുംബ കോടതിയിലെ വനിത ജഡ്ജി ഭാര്യയുടെ കുടുംബക്കാരുടെ പക്ഷത്തുനിന്നു മാത്രമാണ് തുടക്കം മുതല്‍ കേസ് കൈകാര്യം ചെയ്തിരുന്നതെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബെംഗലൂരുവിലെ വീട്ടില്‍ അതുല്‍ സുഭാഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ മികച്ച മൂല്യങ്ങളോടെ മകനെ വളര്‍ത്തുന്നതിന് തന്റെ മാതാപിതാക്കളോടൊപ്പം വിടണമെന്ന് അതുല്‍ സുഭാഷ് എഴുതി വെച്ചിട്ടുണ്ട്. ഭാര്യയുടേയും ഭാര്യ വീട്ടുകാരുടേയും പീഡനത്തെപ്പറ്റി വിഡിയോ സന്ദേശം പോസ്റ്റ് ചെയ്യുകയും 24 പേജുള്ള വിശദമായ ആത്മഹത്യാ കുറിപ്പ് എഴുതി വെക്കുകയും ചെയ്തതിന് ശേഷമാണ് അതുല്‍ സുഭാഷ് ജീവനൊടുക്കിയത്.

വിവാഹ മോചനത്തിനായി ഭാര്യ നികിത മൂന്നു കോടി രൂപയും ജീവനാംശമായി മാസം തോറും രണ്ടു ലക്ഷം രൂപ വീതവും വേണമെന്ന് ആവശ്യപ്പെട്ടെന്നും പണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും നികിത ഭീഷണിപ്പെടുത്തിയതായി അതുല്‍ സുഭാഷ് എഴുതിയിരുന്നു.

Tags:    

Similar News