കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി വിദ്യാര്‍ത്ഥികള്‍; വര്‍ക്ഷോപ്പ് എന്ന് കരുതി ചെന്നു കയറിയത് എക്‌സൈസ് ഓഫിസില്‍: കയ്യോടെ പിടികൂടി ഉദ്യോഗസ്ഥര്‍: പിടിയിലായത് തൃശൂരിലെ സ്‌കൂളില്‍ നിന്നും മൂന്നാറില്‍ ടൂറിനെത്തിയവര്‍
കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി വിദ്യാര്‍ത്ഥികള്‍; ചെന്നു കയറിയത് എക്‌സൈസ് ഓഫിസില്‍
അടിമാലി: തൃശൂരിലെ സ്‌കൂളില്‍ നിന്നും മൂന്നാറില്‍ ടൂറിനെത്തിയ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി എത്തിയത് എക്‌സൈസ് ഓഫിസില്‍. യൂണിഫോമിലിരിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥലം മാറിപ്പോയെന്ന് മനസ്സിലായത്. ഉടന്‍ തന്നെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിന്നാലെ ചെന്ന് പിടികൂടി.
അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫിസിലാണ് സിനിമയെ വെല്ലുന്ന രംഗം അരങ്ങേറിയത്. തീപ്പെട്ടി ചോദിച്ചെത്തിയ കുട്ടികള്‍ മുറിക്കുള്ളില്‍ യൂണിഫോമിലുള്ളവരെ കണ്ടതോടെ ഓടിപ്പോകാന്‍ ശ്രമിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി.ചിറയാത്തിന്റെ പരിശോധനയില്‍ ഒരു കുട്ടിയുടെ പക്കല്‍ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ കയ്യില്‍നിന്ന് ഒരു ഗ്രാം ഹഷീഷ് ഓയിലും കണ്ടെടുത്തു.
എക്‌സൈസ് ഓഫിസാണെന്ന് മനസ്സിലാകാതെയാണ് വിദ്യാര്‍ത്ഥികള്‍ ഓഫിസിനുള്ളിലേക്ക് കയറിയത്. ഓഫിസിന്റെ പിന്‍വശത്തു കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നതുകണ്ട് വര്‍ക്ഷോപ്പാണെന്നു കരുതിയാണു കയറിയതെന്നു കുട്ടികള്‍ പറഞ്ഞതായി എക്‌സൈസ് അറിയിച്ചു. പിന്‍വശത്തുകൂടി കയറിയതിനാല്‍ ഓഫിസ് ബോര്‍ഡും കണ്ടില്ല.
കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചു. വിദ്യാര്‍ഥികള്‍ക്കു കൗണ്‍സലിങ് നല്‍കി. മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ കേസുമെടുത്തു.