മസ്‌ക്കിനോടുള്ള കലിപ്പ് ടെസ്ല കാറുകളോടും! 'ടെസ്‌ല കാറുകള്‍ നിര്‍ത്തിയിട്ട് പോകാന്‍ പോലും ഭയം'; മസ്‌കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിക്കു നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു

മസ്‌ക്കിനോടുള്ള കലിപ്പ് ടെസ്ല കാറുകളോടും!

Update: 2025-03-20 09:15 GMT

സിയാറ്റില്‍: അമേരിക്കയില്‍ ഇലോണ്‍ മസ്‌ക്കിനോടുള്ള കലിപ്പ് ടെസ്ലയെ സാരമായി ബാധിക്കുന്നുണ്ട്. ടെസ്ലക്ക് നേരെ ബഹിഷ്‌ക്കരണ ആഹ്വാനം കടുത്തതിന് പിന്നാലെ ടെസ്ല കാറുകള്‍ കണ്ടാല്‍ പോലും അതിനെ ആക്രമിക്കുന്ന അവസ്ഥയാണുള്ളത്. ടെസ്‌ലക്കു നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ടെസ്‌ലയുടെ ലോഗോ പതിച്ച സ്വത്തുക്കള്‍ക്കു നേരെയാണ് യു.എസിലും വിദേശത്തും ആക്രമണങ്ങള്‍ നടക്കുന്നത്. ടെസ്ല ഷോറൂമുകള്‍, വാഹന ലോട്ടുകള്‍, ചാര്‍ജിങ് സ്റ്റേഷനുകള്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള കാറുകള്‍ എന്നിവയാണ് പ്രതിഷേധക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കുകയും ചെലവുകള്‍ വെട്ടിക്കുറക്കുന്നതിനുള്ള സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പിന്റെ ചുമതല നല്‍കുകയും ചെയ്തതിനുശേഷമാണ് ആക്രമണങ്ങള്‍ വര്‍ധിച്ചത്. ടെസ്ല ഡീലര്‍ഷിപ്പുകള്‍ക്കു നേരെയുണ്ടായ ആക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് കൊളറാഡോയിലെ ഒരു സ്ത്രീക്കെതിരെ കുറ്റം ചുമത്തിയിരുന്നു. വാഹനങ്ങള്‍ക്കു നേരെ കോക്ടെയിലുകള്‍ എറിഞ്ഞതിനും കെട്ടിടത്തില്‍ 'നാസി കാറുകള്‍' എന്ന് സ്‌പ്രേ പെയിന്റ് ചെയ്തതിനുമായിരുന്നു നടപടി.

സൗത്ത് കരോലൈനയില്‍ കഴിഞ്ഞയാഴ്ച ടെസ്‌ലയുടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് തീയിട്ടതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പസഫിക് വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഇടതുപക്ഷ ചായ്വുള്ള നഗരങ്ങളായ പോര്‍ട്ട്ലന്‍ഡ്, ഒറിഗോണ്‍, സിയാറ്റില്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവിടെ ട്രംപ്, മസ്‌ക് വിരുദ്ധ വികാരം ശക്തമാണ്. അതേസമയം, വടക്കേ അമേരിക്കയിലും യൂറോപ്പിലുടനീളമുള്ള ടെസ്ല ഡീലര്‍ഷിപ്പുകളിലും ഫാക്ടറികളിലും മസ്‌കിന്റെ വിമര്‍ശകര്‍ ഡസന്‍ കണക്കിന് സമാധാനപരമായ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കാന്‍ പാടില്ലാത്തതാണെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞിരിക്കുന്നത്. ടെസ്ല കാറുകള്‍ കത്തിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. സംഭവം ആസൂത്രിതമാണെന്ന് ലാസ് വേഗസ് മെട്രൊപോളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് അറിയിച്ചു. സംഭവം ഭീതിയുണര്‍ത്തുന്നതാണെന്ന് വീഡിയോ പങ്കുവെച്ച് നെവാഡയില്‍ നിന്നുള്ള മുന്‍ സ്റ്റേറ്റ് സെനേറ്ററായ എലിസബത്ത് ഹെല്‍ഗലീന്‍ എക്‌സില്‍ കുറിച്ചു. എലിസബത്ത് പങ്കുവെച്ച കുറിപ്പും വീഡിയോയും വൈറലായതോടെ പ്രതികരണവുമായി ഇലോണ്‍ മസ്‌ക് രംഗത്തെത്തുകയായിരുന്നു.

Tags:    

Similar News