സിഗ്ഗി ജീവനക്കാരന്റെ മുഖത്തടിച്ച് പൊന്നിച്ച പറത്തിയത് 2023 ഏപ്രില്‍ ഒന്നിന്; ആ പയ്യന്റെ അമ്മ പരാതി കൊടുത്തിട്ടും 'ഏമാന്മാര്‍' എല്ലാം ഒതുക്കി തീര്‍ത്തു; എസ് ഐയായിരിക്കുമ്പോള്‍ സംഭവിച്ച 'അബദ്ധം' വോയ്സ് ഓഫ് എഴുപുന്ന ഗ്രൂപ്പില്‍ എത്തിച്ചത് അശ്ലീല വീഡിയോ! ആ പോണ്‍ വിഡിയോ ക്ലിപ്പില്‍ രക്ഷപ്പെട്ട പ്രതാപചന്ദ്രന്‍ ഇപ്പോള്‍ പുറത്തായത് സിസിടിവിയില്‍; പ്രതാപം തളര്‍ന്ന സസ്‌പെന്‍ഷന്‍

Update: 2025-12-19 01:34 GMT

കൊച്ചി: ഷൈമോള്‍ മര്‍ദനക്കേസില്‍ സസ്പെന്‍ഷനിലായ ഇന്‍സ്‌പെക്ടര്‍ കെ.ജി. പ്രതാപചന്ദ്രനെതിരെ മുമ്പും നിരവധി ഗുരുതരമായ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പോലീസിലെ ഉന്നതര്‍ അതെല്ലാം കണ്ടില്ലെന്ന് നടിച്ചു. ഒടുവില്‍ ഷൈമോളുടെ പോരാട്ടം അതെല്ലാം തകര്‍ത്തു. ഷൈമോളിന്റെ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇദ്ദേഹത്തെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

2023 ഏപ്രില്‍ ഒന്നിന് എറണാകുളം നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലത്തിന് താഴെ വിശ്രമിക്കുകയായിരുന്ന റനീഷ് എന്ന യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ പ്രതാപചന്ദ്രന്‍ മര്‍ദിച്ചതായി പരാതിയുണ്ട്. പകല്‍വെളിച്ചത്തില്‍ നടന്ന ഈ അതിക്രമത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് യുവാവ് ആരോപിച്ചിരുന്നു. എറണാകുളം നോര്‍ത്ത് പാലത്തിന് താഴെ തണലത്ത് വിശ്രമിക്കുന്നതിനിടെ എത്തിയ എസ്എച്ച്ഒ പ്രതാപചന്ദ്രന്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് സ്വിഗ്ഗി ജീവനക്കാരനായ റിനീഷിന്റെ പരാതി. കാക്കനാട് വീടുള്ളവന്‍ എറണാകുളം നോര്‍ത്തിലെ പാലത്തിന്റെ അടിയില്‍ വന്നിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് മര്‍ദിക്കുകയായിരുന്നു. ഇവിടെ ഇരിക്കാന്‍ പാടില്ലെന്ന് അറിയില്ലായിരുന്നുവെന്നാണ് മറുപടി പറഞ്ഞതെന്നുമാണ് റിനീഷ് പരാതി നല്‍കിയത്. ഗര്‍ഭിണിയായ ഷൈമോളെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ പഴയ പരാതികളും വീണ്ടും ചര്‍ച്ചയായത്. നിലവില്‍ ഈ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

പോക്കറ്റില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ഹെഡ്‌സെറ്റ് എന്ന് മറുപടി നല്‍കി. ഇതിനിടെ ലാത്തികൊണ്ട് അടിച്ചു. ലാത്തി ഒടിഞ്ഞു. എന്തിനാണ് സാറെ തല്ലിയതെന്ന് ചോദിച്ചപ്പോള്‍ മുഖത്തടിച്ചു. പിന്നെയും മര്‍ദ്ദിച്ചു. നടുപിളര്‍ക്കെ അടിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. അടിയേറ്റ് മുഖം മരവിപ്പിച്ചുപോയെന്ന് റിനീഷ് പറഞ്ഞിരുന്നു. മര്‍ദിച്ചതിന് പിന്നാലെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഛര്‍ദിച്ച് അവശനായ റിനീഷിനെ പൊലീസ് പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മര്‍ദനത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി സ്റ്റേഷനിലേക്ക് മാര്‍ച്ചു നടത്തിയിരുന്നു. റിനീഷിന്റെ അമ്മ റീന സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. അന്വേഷിക്കാന്‍ അസി. കമ്മീഷണറെ ചുമതലപ്പെടുത്തിയെന്നും പറഞ്ഞു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. സംശയകരമായ സാഹചര്യത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. സാധാരണക്കാരെ അകാരണമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന രീതി പ്രതാപചന്ദ്രന്റെ ഭാഗത്തുനിന്ന് മുമ്പും ഉണ്ടായിട്ടുള്ളതായി വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

2016ല്‍ അരൂര്‍ എസ്.ഐ ആയിരുന്ന കാലത്ത് 'വോയ്സ് ഓഫ് എഴുപുന്ന' എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ക്ലിപ്പ് അയച്ചതുമായി ബന്ധപ്പെട്ട് പ്രതാപചന്ദ്രനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലേക്ക് വീഡിയോ അയച്ചതില്‍ സൈബര്‍ സെല്ലിന്റെ അന്വേഷണവും നടന്നിരുന്നു. അന്ന് അരൂര്‍ സബ് ഇന്‍സ്പെക്ടറായിരുന്ന കെ.ജി. പ്രതാപചന്ദ്രന്‍ 'വോയ്സ് ഓഫ് എഴുപുന്ന' (ഢീശരല ീള ഋ്വവൗുൗിിമ) എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തു എന്നതായിരുന്നു പ്രധാന പരാതി. എഴുപുന്ന സ്വദേശിയായ വര്‍ഗീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

ലഹരി മാഫിയയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനായി രൂപീകരിച്ച ഈ വാട്സാപ്പ് ഗ്രൂപ്പില്‍ സ്ത്രീകളും കുട്ടികളും അടക്കം 150-ഓളം അംഗങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ സൈബര്‍ സെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തന്റെ മൊബൈലിലെ ഒരു സന്ദേശം പരിശോധിക്കുന്നതിനിടെ 'അബദ്ധത്തില്‍' വീഡിയോ ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ആയതാണ് എന്നായിരുന്നു അന്ന് പ്രതാപചന്ദ്രന്‍ നല്‍കിയ വിശദീകരണം. അതിന് അപ്പുറത്തേക്ക് അന്വേഷണം പോയില്ല. ഗര്‍ഭിണിയായ ഷൈമോളിനെ മര്‍ദിച്ച സംഭവത്തിലെ സിസിടിവി പുറത്തു വരുമ്പോള്‍ രക്ഷപ്പെടാന്‍ എന്ത് ന്യായവും പ്രതാപചന്ദ്രന്‍ പറയുമെന്ന് വ്യക്തമാകുകയാണ്. ഷൈമോളേയും കള്ളക്കേസില്‍ കുടുക്കാനായിരുന്നു പ്രതാപചന്ദ്രന്റെ ശ്രമം.

Tags:    

Similar News