കശ്മീര്‍ വിടാനുള്ള ഭീകരരുടെ ആഹ്വാനം കേള്‍ക്കാത്തതിന് തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊന്നു; 27-കാരിയായ നഴ്സിന്റെ കൊലയില്‍ വിശദമായ അന്വേഷണം വരുന്നത് 35 വര്‍ഷത്തിനുശേഷം; യാസിന്‍ മാലിക്കിന്റെ വീട്ടില്‍ അടക്കം റെയ്ഡ്; ഒടുവില്‍ പണ്ഡിറ്റുകളുടെ ചോരയ്ക്കും കണക്ക് ചോദിക്കപ്പെടുന്നു!
പണ്ഡിറ്റുകളുടെ ചോരയ്ക്കും കണക്ക് ചോദിക്കപ്പെടുന്നു!
പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളാവാന്‍ വിധിക്കപ്പെട്ട ഭാഗ്യംകെട്ട ജനതയാണ് കശ്മീരിലെ പണ്ഡിറ്റുകള്‍. താഴ്‌വര ഭീകരവാദം ഗ്രസിച്ച സമയത്ത് ഇവര്‍ തങ്ങളുടെ ജന്‍മഭൂമിയില്‍ നിന്ന് ആട്ടിയെറിയപ്പെട്ടവരാണ്. ഒരുപാട് പേരെ ഇസ്ലാമിക ഭീകരര്‍ വെടിവെച്ച് കൊല്ലുകയും ചെയ്തു. 90 കളുടെ തുടക്കത്തില്‍ നടന്ന ഈ വംശഹത്യയില്‍ സമഗ്രമായ അന്വേഷണം വരുന്നത് 35 വര്‍ഷത്തിനുശേഷം ഇപ്പോഴാണ്. പണ്ഡിറ്റുകളുടെ കൊലയില്‍, പ്രത്യേക അന്വേഷണ ഏജന്‍സി (എസ്‌ഐഎ) അന്വേഷണം ഊര്‍ജിതമാക്കിയിരിക്കയാണ്.
കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വിഘടനവാദി നേതാവ് യാസിം മാലിക്കിന്റെ വീട്ടില്‍ ഇന്നലെ റെയ്ഡ് നടന്നു. 35 വര്‍ഷം മുമ്പാണ് നേഴ്സായിരുന്ന സരള ഭട്ടിനെ ഇസ്ലാമിസ്റ്റുകള്‍ കൊലപ്പെടുത്തിയത്. 1990 കളില്‍ നടന്ന കശ്മീരി വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് ശ്രീനഗറിലെ 8 സ്ഥലങ്ങളില്‍ പ്രത്യേക അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയത്. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) മുന്‍ മേധാവി യാസിന്‍ മാലിക്കിന്റെ ശ്രീനഗറിലെ മൈസുമയിലുള്ള വസതിയിലും റെയ്ഡ് നടന്നത്. മുന്‍ ജെകെഎല്‍എഫ് കമാന്‍ഡര്‍മാരുടെ ഒളിത്താവളങ്ങളിലും പരിശോധന നടന്നു.
സരളഭട്ടിന് സംഭവിച്ചത്
1990 കളുടെ തുടക്കത്തിലാണ് സരള ഭട്ടിനെ (27) ഇസ്ലാമിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. സൗരയിലെ ഷേര്‍-ഇ-കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ഭട്ടിനെ, 1990 ഏപ്രിലില്‍ കലാപം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് ഹോസ്റ്റലില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇവരെ ഹോസ്റ്റലില്‍ നിന്നും ഭീകരര്‍ പിടിച്ചു കൊണ്ടുപോകുകയായിരുന്നു പിന്നീട് വെളിപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ശ്രീനഗറിലെ സൗര പ്രദേശത്ത് നിന്ന് വെടിയുണ്ടകള്‍ തറച്ച മൃതദേഹമാണ് കണ്ടെടുത്തത്. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് താഴ്വര വിടാന്‍ തീവ്രവാദികളുടെ ആഹ്വാനം നിരസിച്ചതിന് ശേഷമാണ് സരള ഭട്ട് കൊല്ലപ്പെട്ടതെന്ന് കരുതുന്നു.
1990-ല്‍ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനത്തിന് കാരണമായ അതിക്രമങ്ങളുടെ ഏറ്റവും ഭയാനകമായ ഓര്‍മ്മപ്പെടുത്തലുകളില്‍ ഒന്നാണ് സര്‍ള ഭട്ടിന്റെ കൊലപാതകമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ എക്‌സില്‍ എഴുതിയിരുന്നു. ലോക്കല്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കുറ്റവാളികളെ പിടികൂടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് അന്വേഷണം കഴിഞ്ഞ വര്‍ഷം എസ്‌ഐഎ ഏറ്റെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ ജെകെഎല്‍എഫ് നേതാവ് പീര്‍ നൂറുല്‍ ഹഖ് ഷായെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.കൊലപാതകം നടത്താനുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്ന തെളിവുകള്‍ ലഭിച്ചതായി ഏജന്‍സി അവകാശപ്പെട്ടു.
പണ്ഡിറ്റുകള്‍ക്ക് നീതി കിട്ടുമോ?
കാശ്മീരില്‍ സമാധാന ജീവിതം കഴിച്ചു വരുന്ന ശിവ ഭക്തരാണ് ഹിന്ദുക്കളിലെ ഉപവിഭാഗമായ പണ്ഡിറ്റുകള്‍. ജവഹര്‍ലാല്‍ നെഹ്റുവിന്റെ പൂര്‍വികര്‍ വരെ ഉള്‍പ്പെടുന്ന ഒരു വംശീയ ന്യുനപക്ഷം. അവരോട് കാശ്മീര്‍ ഭീകരവാദികള്‍ക്കുള്ള പ്രശ്നം മതപരം കൂടിയാണ്. കാശ്മീര്‍ തങ്ങളുടെ നാടാണെന്നും മറ്റൊരാളെയും അവിടെ അടുപ്പിക്കില്ലെന്നുമായിരുന്നു ഇസ്ലാമിക ഭീകരരുടെ ശാസന. 90കളില്‍ താഴ്വരയില്‍ ഭീകരവാദം ഗ്രസിച്ചപ്പോള്‍, പതുക്കെ പതുക്കെ പിറന്ന മണ്ണില്‍ കാശ്മീരി പണ്ഡിറ്റുകള്‍ അഭയാര്‍ഥികളായി മാറി. 'ഇസ്ലാമിലേക്ക് മതം മാറുക, അല്ലെങ്കില്‍ പലായനം ചെയ്യുക', 'നിങ്ങളുടെ സ്ത്രീകളെ ഇവിടെ ഉപക്ഷേിച്ച് നാടുവിടുക', എന്ന അന്ത്യശാസനങ്ങള്‍ അവര്‍ക്ക് കിട്ടാന്‍ തുടങ്ങി. നിരവധി പണ്ഡിറ്റുകളെ ക്രൂരമായി കൊന്നൊടുക്കി.
ശരിക്കും മതവെറി കലര്‍ന്ന പൈശാചികമായ നീക്കങ്ങളാണ് പണ്ഡിറ്റുകള്‍ക്കുനേരെ ഉണ്ടായത്. കാശ്മീര്‍ ഫയല്‍സ് സിനിമയില്‍ നാം കണ്ടതുപോലുള്ള ഭീകരമായ അനുഭവം. ഭര്‍ത്താവിന്റെ രക്തത്തില്‍ കുതിര്‍ന്ന അരി ഭാര്യയെക്കൊണ്ട് തീറ്റിക്കുന്ന ഭീകരര്‍, മതംമാറാത്തവരെ കൊന്ന് കെട്ടിത്തൂക്കുന്നു, അറക്കവാള്‍കൊണ്ട് കഷ്ണമാക്കുന്നു,.. തുടങ്ങിയ എത്രയെത്ര അനുഭവങ്ങള്‍. ഗാന്ധിചിത്രമുള്ള നോട്ട് കൊടുത്താല്‍ കിട്ടുക ജിന്നയുള്ള പാക് നോട്ട് കിട്ടുന്ന കാലമായിരുന്നു അത്.
1990 ജനുവരി 26 ന് കശ്മീര്‍ സ്വതന്ത്രമായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിക്കാനായിരുന്നു ജെകെഎല്‍എഫിന്റെ പ്ലാന്‍ എന്നാണ് ഈ വിഷയം പഠിച്ച കാശ്മീരി പണ്ഡിറ്റായ എഴുത്തുകാരന്‍ രാഹുല്‍ പണ്ഡിത ചൂണ്ടിക്കാട്ടുന്നു. അതിന്റെ മുന്നോടിയായിട്ടാണ് ജനുവരിയുടെ ആദ്യ രണ്ടാഴ്ചകളില്‍ താഴ്വരയില്‍ പരക്കെ അക്രമങ്ങള്‍ അഴിച്ചുവിടപ്പെട്ടതും, കശ്മീരി പണ്ഡിറ്റുകള്‍, പ്രാണനും കയ്യില്‍ പിടിച്ചു കൊണ്ടുള്ള തങ്ങളുടെ പലായനം തുടങ്ങുന്നതും. ജനുവരി 21 -ന് നടന്ന വെടിവെപ്പില്‍ എതിര്‍പക്ഷത്തും വന്‍ ആള്‍നാശമുണ്ടായി. സിആര്‍പിഎഫ് ഭടന്മാര്‍ ഗവ്ക്കല്‍ പാലത്തില്‍ വെച്ച് ചുരുങ്ങിയത് 50 കശ്മീരി മുസ്ലിം പ്രതിഷേധക്കാരെയെങ്കിലും വെടിവെച്ചു കൊന്നു. കശ്മീരിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു ഗവ്ക്കലില്‍ നടന്നത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനവും, ഗവ്ക്കല്‍ കൂട്ടക്കൊലയും ചേര്‍ന്ന് ഇരു സമുദായങ്ങളെയും ഇനി ഒന്നിച്ചു ചേരാന്‍ പറ്റാത്ത വിധം അകറ്റി. അത് തുടക്കമിട്ടത് കാശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ ആക്രമണങ്ങളുടെ ഒരു പരമ്പരയ്ക്കാണ്.
നിരവധി കാശ്മീരി ഹിന്ദു സ്ത്രീകള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടു. നിരവധി പേര്‍ ബലാത്സംഗത്തിന് ഇരയായി. സാമൂഹ്യ പ്രവര്‍ത്തകനായ സതീഷ് ടിക്കൂ തന്റെ വീടിനു പുറത്തുവെച്ച് വെടിയേറ്റുമരിച്ചു. ഫെബ്രുവരി 13 -ന് ശ്രീനഗര്‍ ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടറായിരുന്ന ലാസ്സ കൗള്‍ വെടിയേറ്റു മരിച്ചു. എം എന്‍ പോള്‍ എന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്തു കൊന്നു. ഭര്‍ത്താവിന്റെ ജോലി വഴി അവര്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റുമായി ഉണ്ടായിരുന്ന വിദൂരബന്ധം മാത്രമായിരുന്നു കാരണം. സര്‍വാനന്ദ് കൗള്‍ പ്രേമി എന്ന കാശ്മീരി കവിയെയും അവര്‍ അന്ന് വെടിവെച്ചു കൊന്നു. ഭഗവദ്ഗീത കാശ്മീരി ഭാഷയിലേക്ക് മൊഴിമാറ്റിയ വിദ്വാനായ കവിയെ തന്റെ മകനോടൊപ്പം നടന്നു പോകവേ ആയിരുന്നു വെടിവെച്ചു കൊന്നുകളഞ്ഞത്. മകനെയും അവര്‍ വെറുതെ വിട്ടില്ല. അതോടെ ആകെ ഭയന്നുപോയ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ പുരയിടങ്ങളും, കൃഷിഭൂമികളും, ബംഗ്ലാവുകളും, വീടുകളും, അമ്പലങ്ങളും ഒക്കെ ഉപേക്ഷിച്ച് ജീവനും കൊണ്ടോടുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. കയ്യില്‍ കിട്ടിയതൊക്കെ എടുത്ത്, കിട്ടിയ വാഹനങ്ങളില്‍ കയറി അവര്‍ രാത്രിക്കു രാത്രി ഓടി രക്ഷപ്പെടുകയായിരുന്നു താഴ്വരയില്‍ നിന്ന്.
അന്ന് പ്രസിഡന്റിന്റെ പ്രതിനിധിയായി ഗവര്‍ണര്‍ ജഗ്മോഹന്‍ ആണ് സംസ്ഥാനം ഭരിച്ചിരുന്നത്. പുതുതായി സ്ഥാനമേറ്റ അദ്ദേഹം താഴ്വരയില്‍ എത്തിയ ജനുവരി 19 മുതല്‍ പണ്ഡിറ്റുകളോട് താഴ്വര വിട്ടുപോകാന്‍ മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. അതോടെ അന്നുവരെ ഒരു കശ്മീരി പ്രശ്നം മാത്രമായിരുന്ന ആ പ്രതിസന്ധിക്ക് മതത്തിന്റെ ലേബല്‍ കൂടി ചാര്‍ത്തിക്കിട്ടി. 'ഹിന്ദു പണ്ഡിറ്റുകള്‍ എല്ലാം സ്ഥലംവിട്ടുപോയിക്കഴിഞ്ഞാല്‍ പട്ടാളത്തിന് ബോംബിട്ട് എല്ലാ തീവ്രവാദികളെയും കൊല്ലാമല്ലോ ' എന്നായിരുന്നു അന്ന് പണ്ഡിറ്റുകള്‍ക്ക് ഭരണകര്‍ത്താക്കളില്‍ നിന്ന് കിട്ടിയ ആജ്ഞ എന്ന് പലരും സാക്ഷ്യം പറയുന്നു.
തങ്ങള്‍ ജനിച്ച, കളിച്ചു വളര്‍ന്ന സ്വന്തം നാട്ടിലേക്ക് തിരികെപ്പോകാന്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഉള്ളില്‍ ആഗ്രഹമില്ലാഞ്ഞിട്ടൊന്നുമല്ല. അത് ഇന്നത്തെക്കാലത്ത് ഒരു അതിമോഹമാണ് എന്ന സത്യം അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതാണ് സത്യം. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അവരെ വര്‍ഷങ്ങളായി ആ പേരില്‍ സ്വപ്നങ്ങള്‍ മാത്രം കാണിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെയാണ് തങ്ങള്‍ക്ക് നീതി കിട്ടുമെന്ന ചിന്ത പണ്ഡിറ്റുകള്‍ക്ക് ഉണ്ടായത്. അതിനുശേഷം സുപ്രീം കോടതിയിലും കേസുണ്ടായി. കോടതി ഇടപെടലിനെ തുടര്‍ന്നാണ്, പണ്ഡിറ്റുകള്‍ക്കെതിരായ കേസുകള്‍ പുനരന്വേഷിക്കപ്പെട്ടത്.