ബൗണ്ടറി ലൈനിനരികിലെത്തിയപ്പോൾ ഗാലറിയിൽ നിന്നും 'കോഹ്ലി-കോഹ്ലി' വിളി; കാണികളുടെ പെരുമാറ്റത്തിൽ പാക്ക് താരത്തിന്റെ മറുപടി അതിരുകടന്നു; പ്രകോപനം '6-0' എന്ന ആംഗ്യത്തിലൂടെ; ഹാരിസ് റൗഫ് സൂചിപ്പിച്ചത് ഓപ്പറേഷൻ സിന്ദൂരിൽ 'ഇന്ത്യന്‍ വിമാനം വീഴ്ത്തി'യെന്ന വാദമോ?; ഏഷ്യ കപ്പിൽ വിവാദങ്ങൾ ഒഴിയുന്നില്ല
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിനിടെ ഇന്ത്യൻ കാണികൾക്ക് നേരെ പാക് പേസർ ഹാരിസ് റൗഫ് പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ചതായി റിപ്പോർട്ട്. ബൗണ്ടറി ലൈനിനരികിൽ വെച്ച്, ഇന്ത്യൻ കാണികളിൽ നിന്ന് 'കോഹ്ലി വിളി' ഉയർന്നപ്പോഴാണ് റൗഫ് പ്രകോപിതമായ പ്രതികരണവുമായെത്തിയത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, ഗാലറിയിൽ നിന്നുള്ള കാണികളുടെ ആർപ്പുവിളികൾക്കിടെ റൗഫ് കൈ കൊണ്ട് '6-0' എന്ന് സൂചിപ്പിക്കുന്ന രീതിയിൽ ആംഗ്യം കാണിക്കുന്നുണ്ട്.
ഓപ്പറേഷൻ സിന്ദൂരനിടെ പാക്കിസ്ഥാൻ ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന പാക് അവകാശവാദത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു റൗഫിന്റെ ആംഗ്യമെന്നാണ് റിപ്പോർട്ടുകൾ. വിമാനം പറന്നുയരുന്നതും പിന്നീട് നിലംപതിക്കുന്നതും പോലുള്ള ആംഗ്യങ്ങൾ കാണികളെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നും സൂചനയുണ്ട്. 2022 ട്വന്റി20 ലോകകപ്പിൽ വിരാട് കോഹ്ലി അവസാന ഓവറുകളിൽ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തി പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് വിജയം സമ്മാനിച്ച സംഭവം ഓർമ്മപ്പെടുത്തിയാണ് കാണികൾ കോലിയുടെ പേര് വിളിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതിന് മറുപടിയായി, റൗഫ് കൈവിരലുകൾ കൊണ്ട് "ആറ്" എന്ന് കാണിക്കുകയും തുടർന്ന് യുദ്ധവിമാനങ്ങൾ നിലംപതിക്കുന്നതായി ആംഗ്യം കാണിക്കുകയും ചെയ്തു. ഇത് കാണികൾക്കിടയിൽ വലിയ അസ്വസ്ഥതയുണ്ടാക്കി. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്നായിരുന്നു പാകിസ്ഥാന്റെ വാദമെങ്കിലും ഇതിന് തെളിവുകളൊന്നും ലഭ്യമല്ല.
മത്സരത്തിനു മുന്നോടിയായി, ഐസിസി അക്കാദമിയിൽ നടന്ന പരിശീലനത്തിനിടെയും പാക്ക് താരങ്ങളുടെ ‘6–0’ വിളികൾ ഉയർന്നിരുന്നു. പാക്ക് താരങ്ങൾ പരസ്പരം ഫുട്ബോൾ കളിക്കുന്നതിനിടെ ഒരു ടീം ആറു ഗോളിനു മുന്നിലെത്തിയപ്പോഴായിരുന്നു ഇത്. എന്നാൽ ഇന്ത്യൻ മാധ്യമപ്രവർത്തകർ അടുത്തെത്തിയതോടെ ഇവർ ഉച്ചത്തിൽ ‘6–0’ എന്ന ഉച്ചത്തിൽ വിളിച്ചുപറയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Love you Haris rauf for this. pic.twitter.com/1R5Y5aeVmK
— Abdullah (@Rflx_56_) September 21, 2025
ഇതിനു പിന്നാലെയാണ് മത്സരത്തിനിടെയും പാക്ക് താരത്തിന്റെ പ്രകോപനം. പാക്കിസ്ഥാൻ ഓപ്പണർ സാഹിബ്സാദ ഫർഹാനും മത്സരത്തിനിടെ വിവാദമായ രീതിയിൽ ആഘോഷം നടത്തിയിരുന്നു. അർധ ശതകം നേടിയ ശേഷം തോക്ക് ചൂണ്ടുന്ന രീതിയിൽ ഫർഹാൻ ആഘോഷം നടത്തിയതും വിമർശനത്തിനിടയാക്കി.