വെടിയുണ്ട കുതിച്ചു പായുമ്പോള്‍ ഉണ്ടാകുന്ന വാതക മര്‍ദ്ദത്തെ തോക്കിനുള്ളില്‍ തന്നെ ക്രമീകരിക്കും; ഇതുമൂലം 'ഠോ' എന്ന വലിയ ശബ്ദത്തിന് പകരം വളരെ ചെറിയൊരു 'ക്ലിക്ക്' ശബ്ദം മാത്രമേ പുറത്തുവരൂ; വെടിയൊച്ച കേള്‍ക്കാത്ത ബെല്‍ജിയത്തില്‍ നിര്‍മ്മിച്ച '6.35 എം.എം ഓട്ടോമാറ്റിക് പോക്കറ്റ് പിസ്റ്റള്‍'; കടുത്ത വിഷാദവും മാനസിക സമ്മര്‍ദ്ദവും സൈക്യട്രിസ്റ്റിന്റെ അടുത്തും എത്തിച്ചു; സിജെ റോയി എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതോ?
ബംഗ്ലൂരു: ബെംഗളൂരുവിലെ ആഡംബര ഓഫീസിനുള്ളില്‍ സി.ജെ. റോയ് എന്ന ബിസിനസ് ഇതിഹാസം അവസാനമായി വലിച്ച നിശബ്ദമായ ആ വെടിയുണ്ടയ്ക്ക് പിന്നില്‍ സിനിമയെ വെല്ലുന്ന ദുരൂഹതകള്‍. ഐ.ടി റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ പുറത്തു നില്‍ക്കെ, ഒരു ശബ്ദം പോലും പുറത്തുവരാതെ റോയ് എങ്ങനെ മരണത്തിന് കീഴടങ്ങി എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുകയാണ്. ബെല്‍ജിയത്തില്‍ നിന്നുള്ള അത്യാധുനിക ആയുധവും മരണത്തിന് തൊട്ടുമുമ്പുള്ള സൈക്യാട്രിസ്റ്റ് സന്ദര്‍ശനവും വിരല്‍ ചൂണ്ടുന്നത് ആത്മഹത്യയെന്ന സൂചനകളിലേക്കാണ്.
റോയിയുടെ മരണത്തില്‍ ഏറ്റവും വലിയ ദുരൂഹത അദ്ദേഹം ഉപയോഗിച്ച തോക്കായിരുന്നു. റെയ്ഡ് നടക്കുന്ന സമയത്ത് തൊട്ടടുത്ത മുറിയില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും ഉണ്ടായിട്ടും ആരും വെടിയൊച്ച കേട്ടില്ല. ഇതിന്റെ രഹസ്യം തേടിയ പോലീസിന് മുന്നിലെത്തിയത് ബെല്‍ജിയത്തില്‍ നിര്‍മ്മിച്ച '6.35 എം.എം ഓട്ടോമാറ്റിക് പോക്കറ്റ് പിസ്റ്റള്‍' ആണ്. അത്യാധുനികമായ ഈ തോക്കിന്റെ പ്രത്യേകത അതിന്റെ 'സൗണ്ട് ഡാമ്പനിംഗ്' ശേഷിയാണ്. സാധാരണ തോക്കുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ശബ്ദം മാത്രം പുറപ്പെടുവിക്കുന്ന ഈ കുഞ്ഞന്‍ പിസ്റ്റള്‍ ഉപയോഗിച്ചതിനാലാണ് വെടിയേറ്റിട്ടും ഏകദേശം 12 മിനിറ്റോളം പുറത്തുള്ളവര്‍ വിവരമറിയാതിരുന്നത്. ഇത്രയും അപകടകാരിയായ ആയുധം റോയ് കൈവശം വെച്ചിരുന്നത് എന്തിനാണെന്നും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
സാധാരണ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനമോ ശബ്ദമോ പുറത്തുവരാത്ത തരത്തിലാണ് ഈ 'പോക്കറ്റ് പിസ്റ്റള്‍' രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബെല്‍ജിയം നിര്‍മ്മിത തോക്കുകളില്‍ പരീക്ഷിക്കപ്പെടുന്ന സൗണ്ട് ഡാമ്പനിംഗ് സാങ്കേതികവിദ്യാ സംവിധാനം, വെടിയുണ്ട കുതിച്ചു പായുമ്പോള്‍ ഉണ്ടാകുന്ന വാതക മര്‍ദ്ദത്തെ തോക്കിനുള്ളില്‍ തന്നെ ക്രമീകരിക്കുന്നു. ഇതുമൂലം 'ഠോ' എന്ന വലിയ ശബ്ദത്തിന് പകരം വളരെ ചെറിയൊരു 'ക്ലിക്ക്' ശബ്ദം മാത്രമേ പുറത്തുവരൂ. ഇതുകൊണ്ടാണ് ഐടി ഉദ്യോഗസ്ഥര്‍ തൊട്ടടുത്ത മുറിയിലുണ്ടായിട്ടും വിവരമറിയാതിരുന്നത്.
മരണത്തിന് തൊട്ടുതലേദിവസം, അതായത് ജനുവരി 29 വ്യാഴാഴ്ച റോയിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായിരുന്നു. അന്ന് വൈകുന്നേരം അദ്ദേഹം ജയനഗറിലെ ഒരു പ്രമുഖ സൈക്യാട്രിക് സെന്ററില്‍ ചികിത്സ തേടിയതായി അന്വേഷണ സംഘം കണ്ടെത്തി. കടുത്ത വിഷാദരോഗവും അമിതമായ മാനസിക സമ്മര്‍ദ്ദവുമാണ് അദ്ദേഹത്തെ അലട്ടിയിരുന്നത്. തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ അസ്തിത്വത്തെപ്പോലും ചോദ്യം ചെയ്യുന്ന ഐ.ടി റെയ്ഡും കൊച്ചിയിലെ ഫ്‌ലാറ്റ് വിവാദങ്ങളുമാണ് റോയിയെ തകര്‍ത്തതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. നിയമപോരാട്ടത്തില്‍ നിന്നും പാതിവഴിയില്‍ പിന്മാറേണ്ടി വന്നതും തന്നെ തകര്‍ക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്ന തോന്നലും അദ്ദേഹത്തെ ആഴത്തില്‍ ബാധിച്ചിരുന്നു.
വിദഗ്ദ്ധ ചികിത്സ തേടിയിട്ടും 24 മണിക്കൂറിനുള്ളില്‍ അദ്ദേഹം കടുംകൈയിലേക്ക് നീങ്ങിയത് എങ്ങനെയെന്നാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. റോയിയുടെ ഓഫീസില്‍ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളില്‍ ചില 'പ്രമുഖരുടെ' പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഐ.ടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ മുറിയിലേക്ക് മാറിയ റോയ് താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്നത് അന്വേഷണത്തിന്റെ ഗതി മാറ്റും.
ഹൈക്കോടതിയിലെ ഹര്‍ജി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയവര്‍ ആരാണ്? കൊച്ചിയിലെ ഫ്‌ലാറ്റ് ഇടപാടില്‍ റോയിയെ ചതിച്ചതാര്? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊപ്പം സൈക്യാട്രിസ്റ്റിന്റെ മൊഴികൂടി രേഖപ്പെടുത്തുന്നതോടെ മരണത്തിലെ ദുരൂഹതകള്‍ നീങ്ങുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതോടെ കേസ് ഇനി ദേശീയതലത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തും.
