ശബരിമല ഡ്യൂട്ടി പൂർത്തിയാക്കി തിരിച്ചെത്തിയവരെ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചു; മറ്റു ജില്ലകളിലേക്ക് ഡ്യൂട്ടിക്കായി പോകേണ്ടിവന്നത് ഇട്ടിരുന്ന യൂണിഫോമോടെ; ഡിസംബർ ഏഴു മുതൽ ആരംഭിച്ച ജോലി, വോട്ടെണ്ണൽ ദിവസം വരെ തുടരും; സംസ്ഥാനത്തെ പോലീസുകാർ വിശ്രമമില്ലാതെ ഓട്ടത്തിൽ

Update: 2025-12-11 09:40 GMT

കൊച്ചി: ശബരിമല, തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾ കാരണം സംസ്ഥാനത്തെ പോലീസുകാർ വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. ഒരു ദിവസത്തെ ഇടവേളയിൽ രണ്ടു ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പാണ് പോലീസ് ഉദ്യോഗസ്ഥരെ ദുരിതത്തിലാക്കിയിരിക്കുന്നത്. നാല് ദിവസമായി തുടർച്ചയായി വിശ്രമമില്ലാത്ത ഡ്യൂട്ടിയിലാണ് പോലീസ് ഉദ്യോഗസ്ഥർ. ഇലക്ഷൻ കമ്മീഷന്റെ ഈ നിലപാടിനോട് പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്. ഡിസംബർ ഏഴു മുതലാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ആരംഭിച്ചത്. ഡിസംബർ 13-ന് നടക്കുന്ന വോട്ടെണ്ണൽ ദിവസവും ഉദ്യോഗസ്ഥർ ജോലിയിലുണ്ടാകും

ഡിസംബർ ഏഴിന് ആരംഭിച്ച പോലീസ് ഡ്യൂട്ടികൾ വോട്ടെണ്ണൽ ദിവസമായ ഡിസംബർ 13 വരെ തുടരും. പല ഉദ്യോഗസ്ഥരും നാല് ദിവസത്തിലേറെയായി തുടർച്ചയായി വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. ഇത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായാണ് പരാതികൾ ഉയരുന്നത്.

ശബരിമല സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസിലെ വിവിധ വിഭാഗങ്ങളിൽ നിന്നായി അയ്യായിരത്തിലധികം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. മകരവിളക്ക് സമയത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കും. രണ്ടാം ടേൺ ശബരിമല ഡ്യൂട്ടി പൂർത്തിയാക്കി തിരിച്ചെത്തിയ ഉദ്യോഗസ്ഥരെ ഉടൻതന്നെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കുകയായിരുന്നു. പലർക്കും സ്വന്തം ജില്ലയ്ക്ക് പുറത്തായിരുന്നു ഈ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചത്.

ഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലും ക്രമസമാധാനച്ചുമതലകൾക്കായി നിയോഗിച്ചിട്ടുണ്ട്. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥർ കഴിഞ്ഞ രാത്രി തന്നെ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ജോലികൾക്കായി പുറപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചയോടെ മാത്രമേ ഇവർക്ക് മടങ്ങിയെത്താൻ സാധിക്കൂ. ഇട്ട യൂണിഫോമിൽ തന്നെയാണ് പല ഉദ്യോഗസ്ഥർക്കും മറ്റ് ജില്ലകളിലേക്ക് പോകേണ്ടി വന്നതെന്ന് അവർ പറയുന്നു. നാലോ അഞ്ചോ ദിവസത്തെ തുടർച്ചയായ ഡ്യൂട്ടിക്ക് ശേഷം തിരിച്ചെത്തിയാൽ ഉടൻ ദൈനംദിന ജോലികളിൽ പ്രവേശിക്കുകയും വേണം. നിലവിൽ മലബാർ മേഖലയിൽ മാത്രം 22,000 പോലീസ് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുള്ളത്.

തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം സമാപിച്ച ഡിസംബർ ഏഴു മുതൽ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ആരംഭിച്ചതാണ്. ഡിസംബർ എട്ടിന് വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും ബൂത്തുകളിലും ജോലി ചെയ്ത ഉദ്യോഗസ്ഥർ, ഡിസംബർ ഒമ്പതിന് വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടിംഗ് യന്ത്രങ്ങൾ തിരിച്ചേൽപ്പിച്ച ശേഷമാണ് കൊച്ചി സിറ്റിയിലെ ഉദ്യോഗസ്ഥരടക്കം രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി മലബാർ മേഖലയിലേക്ക് പുറപ്പെട്ടത്. നാളെ വോട്ടെടുപ്പ് കഴിഞ്ഞ് യന്ത്രങ്ങൾ തിരിച്ചേൽപ്പിച്ച ശേഷം പുലർച്ചെയാകും പലർക്കും സ്വന്തം ജില്ലകളിലേക്ക് മടങ്ങാനാകുക. തുടർന്ന്, ഡിസംബർ 13-ന് നടക്കുന്ന വോട്ടെണ്ണലിലും സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും. ശബരിമല തീർത്ഥാടനവും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം എത്തിയതോടെ സംസ്ഥാനത്തെ പോലീസ് സേന അസാധാരണമായ വെല്ലുവിളിയാണ് നേരിടുന്നത്.

Tags:    

Similar News