പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ 30 ദിവസം കഴിഞ്ഞാല്‍ നശിപ്പിക്കും; ഇത് മുന്‍കൂട്ടി കണ്ട് സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹൈക്കോടതിയെ സമീപിച്ച് ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവ് വാങ്ങി; ഈ ദീര്‍ഘവീക്ഷണം പ്രതാപചന്ദ്രന്റെ സസ്‌പെന്‍ഷനായി; പോലീസിന്റെ 'കള്ളക്കഥകളെ' സിസിടിവി ദൃശ്യങ്ങളിലൂടെ പൊളിച്ചടുക്കി ഒരു വീട്ടമ്മ; നീതിക്കായി ഷൈമോളിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം

Update: 2025-12-19 00:47 GMT

കൊച്ചി: അധികാരത്തിന്റെ ഹുങ്കില്‍ പോലീസ് ചമച്ച കള്ളക്കഥകളെ നിയമപോരാട്ടത്തിലൂടെ തകര്‍ത്തെറിഞ്ഞ് എറണാകുളം സ്വദേശിനി ഷൈമോള്‍ നേടുന്നത് സമാനതകളില്ലാത്ത വിജയം. ഗര്‍ഭിണിയായിരിക്കെ പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് എസ്.എച്ച്.ഒയുടെ മര്‍ദനമേല്‍ക്കേണ്ടി വരികയും, പിന്നീട് തനിക്കെതിരെ തന്നെ പോലീസ് കെട്ടിച്ചമച്ച കേസുകളെ നേരിടുകയും ചെയ്ത ഷൈമോളിന്റെ പോരാട്ടം ഒടുവില്‍ വിജയത്തിലേക്ക്. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ഹൈക്കോടതി ഇടപെടലിലൂടെ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ ഷൈമോളിന്റെ വാദങ്ങള്‍ ശരിയാണെന്ന് അടിവരയിടുകയാണ്.

യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ സ്റ്റേഷനില്‍ പൊലീസ് വളഞ്ഞിട്ട് ക്രൂരമായി മര്‍ദിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നത് 2025 സെപ്റ്റംബറിലായിരുന്നു.. രണ്ടര വര്‍ഷം നിയമവഴിയിലൂടെ സഞ്ചരിച്ചപ്പോഴാണ് സുജിത്തിന് ആ ദൃശ്യങ്ങള്‍ ലഭിച്ചതും കുറ്റവാളികളെ ശിക്ഷിക്കാനായതും. അതു പോലെ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഷൈമോള്‍ക്കേറ്റ ക്രൂരദൃശ്യവും പുറത്തെത്താന്‍ വേണ്ടിവന്നത് ഒരു വര്‍ഷം നീണ്ട നിയമപോരാട്ടമായിരുന്നു. രണ്ടിടത്തും രക്ഷയ്ക്കെത്തിയത് സുപ്രീം കോടതിയുടെ ഇടപെടലില്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളാണ്. ഈ സിസിടിവി പോലീസിന്റെ കൈയ്യിലുണ്ടായിട്ടും നീതി തേടി ഷൈമോള്‍ക്ക് അലയേണ്ടി വന്നു. ദൃശ്യം പുറത്തു വരും മുമ്പ് സിഐ പ്രതാപചന്ദ്രനെതിരെ നടപടി എടുക്കാമായിരുന്നു. പക്ഷേ അതുണ്ടായില്ല.

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം 'ബെന്‍ ടൂറിസ്റ്റ് ഹോമും' ഹോട്ടലും നടത്തുന്ന ബെന്‍ജോ ബേബിയുടെ ഭാര്യയാണ് ഷൈമോള്‍. തന്റെ കുടുംബത്തോടൊപ്പം സമാധാനപരമായി ബിസിനസ് നടത്തിവന്ന ഷൈമോള്‍, പോലീസിന്റെ അനീതിക്കെതിരെ പ്രതികരിച്ചതോടെയാണ് അധികൃതരുടെ കണ്ണിലെ കരടായത്. ഹോട്ടല്‍ ജീവനക്കാരെ പോലീസ് മര്‍ദിക്കുന്നത് ഷൈമോളിന്റെ ഭര്‍ത്താവ് ബെന്‍ജോ മൊബൈലില്‍ പകര്‍ത്തിയതായിരുന്നു എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഈ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ വേണ്ടി ബെന്‍ജോയെ പോലീസ് ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവിനെ പോലീസ് ജീപ്പില്‍ കൊണ്ടുപോകുന്നത് കണ്ട് പിന്നാലെ ഓട്ടോറിക്ഷ വിളിച്ച് സ്റ്റേഷനിലെത്തിയ ഷൈമോള്‍ കണ്ടത് ഭര്‍ത്താവിനെ പോലീസ് ക്രൂരമായി മര്‍ദിക്കുന്ന കാഴ്ചയാണ്.

ഭര്‍ത്താവിനെ എന്തിനാണ് തല്ലുന്നത് എന്ന് ചോദിച്ച ഷൈമോളെ അന്ന് നോര്‍ത്ത് സിഐ ആയിരുന്ന കെ.ജി. പ്രതാപചന്ദ്രന്‍ നെഞ്ചില്‍ പിടിച്ച് തള്ളുകയും കരണത്തടിക്കുകയും ചെയ്തു. ഗര്‍ഭിണിയാണെന്ന പരിഗണന പോലും നല്‍കാതെയായിരുന്നു ഈ അതിക്രമം. മര്‍ദനമേറ്റ ഷൈമോള്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ പോലീസ് മറ്റൊരു തന്ത്രം മെനഞ്ഞു. സിഐയുടെ ദേഹം ഷൈമോള്‍ മാന്തിപ്പൊളിച്ചു. സ്റ്റേഷനിലെ ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി. ഇങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തി ഷൈമോളിനെതിരെ പോലീസ് കള്ളക്കേസ് എടുത്തു. ഈ കള്ളക്കേസായിരുന്നു ഷൈമോളെ പോട്ടത്തിന് ഇറക്കിയത്.

തന്റെയും ഭര്‍ത്താവിന്റെയും നിരപരാധിത്വം തെളിയിക്കാന്‍ ഷൈമോള്‍ കോടതിയെ സമീപിച്ചു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ തരാതിരിക്കാന്‍ പോലീസ് പല കാരണങ്ങള്‍ പറഞ്ഞെങ്കിലും ഹൈക്കോടതിയുടെ കര്‍ശന ഉത്തരവിലൂടെ ദൃശ്യങ്ങള്‍ ഷൈമോള്‍ക്ക് ലഭിച്ചു. ഈ ദൃശ്യങ്ങളില്‍ പോലീസിന്റെ മര്‍ദനവും ഷൈമോള്‍ക്കെതിരെ ചുമത്തിയ ആരോപണങ്ങള്‍ വ്യാജമാണെന്നും വ്യക്തമായതോടെ പോലീസിന്റെ കള്ളക്കഥകള്‍ പൊളിഞ്ഞു. മര്‍ദിച്ച സിഐക്കെതിരെ എറണാകുളം എസിജെഎം കോടതിയില്‍ ഷൈമോള്‍ നല്‍കിയ സ്വകാര്യ അന്യായം ഇപ്പോഴും തുടരുകയാണ്. 'നീതി ലഭിക്കുന്നത് വരെ ഈ പോരാട്ടം നിര്‍ത്തുകയില്ല' എന്ന് ഉറച്ച ശബ്ദത്തോടെ ഷൈമോള്‍ പറയുന്നു. പോലീസ് സ്റ്റേഷന് വിളിപ്പാടകലെ താമസിക്കുന്ന ഈ ദമ്പതിമാര്‍ ഇന്ന് ഒരു നാടിന് മുഴുവന്‍ മാതൃകയാണ്അധികാരത്തിന് മുന്നില്‍ മുട്ടുമടക്കാത്ത സാധാരണക്കാരന്റെ പോരാട്ട വീര്യത്തിന്.

ഭര്‍ത്താവിനെ പോലീസ് ജീപ്പില്‍ കൊണ്ടുപോകുന്നത് കണ്ട് പിന്നാലെ ഓട്ടോറിക്ഷ വിളിച്ച് സ്റ്റേഷനിലെത്തിയ ഷൈമോള്‍ കണ്ടത് ഭര്‍ത്താവിനെ പോലീസ് ക്രൂരമായി മര്‍ദിക്കുന്ന കാഴ്ചയായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രശ്‌നമായത്. മര്‍ദനമേറ്റ ഷൈമോള്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ പോലീസ് കഥയില്‍ മറ്റൊരു കള്ളം കൂടി കൊണ്ടു വന്നു. അതെല്ലാം സിസിടിവിയില്‍ പൊളിയുകയാണ്. ഷൈമോളിനെ മര്‍ദിച്ച അതേ സംഭവത്തില്‍ ഭര്‍ത്താവ് ബെന്‍ജോയെ പോലീസ് ഒരാഴ്ചക്കാലം ജയിലിലടച്ചിരുന്നു. ഭര്‍ത്താവ് ജയിലിലായപ്പോഴും തനിക്കേറ്റ മര്‍ദനത്തിന് നീതി തേടി ഗര്‍ഭിണിയായ ഷൈമോള്‍ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി. പോലീസ് മര്‍ദനത്തിന് പിന്നാലെ ഷൈമോള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ഡിജിപി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടക്കത്തില്‍ പോലീസ് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഷൈമോളിന്റെ ഉറച്ച നിലപാടാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

നോര്‍ത്ത് പോലീസ് സ്റ്റേഷന് തൊട്ടടുത്ത് തന്നെ ഷൈമോളും ഭര്‍ത്താവും ടൂറിസ്റ്റ് ഹോം നടത്തുന്നുണ്ട്. മുമ്പും ചില നിസ്സാര കാര്യങ്ങളില്‍ പോലീസുമായി ഇവര്‍ക്ക് തര്‍ക്കങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബെന്‍ജോ ഒരു സ്ത്രീയെ മര്‍ദിച്ചുവെന്നാരോപിച്ച് പോലീസ് മുന്‍പ് കേസെടുത്തിരുന്നതായി അന്നത്തെ സിഐ പ്രതാപചന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങളെ നിരന്തരമായി ബുദ്ധിമുട്ടിക്കുന്ന പോലീസ് ശൈലിക്കെതിരെയുള്ള പോരാട്ടമാണ് ഇതെന്ന് ഷൈമോള്‍ ഉറച്ചു വിശ്വസിക്കുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ സിഐ പ്രതാപചന്ദ്രന്‍ മാത്രമല്ല, മറ്റൊരു വനിതാ പോലീസ് ഉദ്യോഗസ്ഥയും ഷൈമോളെ മര്‍ദിക്കുന്നത് കാണാം. താന്‍ മൂന്ന് മാസം ഗര്‍ഭിണിയാണെന്നും ഡോക്ടറെ കാണാന്‍ പോകേണ്ടതാണെന്നും കരഞ്ഞു പറഞ്ഞിട്ടും പോലീസ് ദയ കാട്ടിയില്ലെന്ന് ഷൈമോള്‍ പറഞ്ഞിരുന്നു.

സാധാരണയായി പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ 30 ദിവസം കഴിഞ്ഞാല്‍ നശിപ്പിക്കപ്പെടാറുണ്ട്. ഇത് മുന്‍കൂട്ടി കണ്ട ഷൈമോള്‍, സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹൈക്കോടതിയെ സമീപിച്ച് ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവ് വാങ്ങി. ഈ ദീര്‍ഘവീക്ഷണമാണ് ഇപ്പോള്‍ സിഐക്കെതിരെയുള്ള ഏറ്റവും വലിയ തെളിവായി മാറിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംസ്ഥാന പോലീസ് മേധാവി സംഭവത്തില്‍ കര്‍ശന നടപടിക്ക് ഉത്തരവിട്ടിട്ടുണ്ട്. പ്രതാപചന്ദ്രനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

Tags:    

Similar News