ഒളിവില്‍ പോയ സുകാന്ത് സുരേഷിന്റെ മലപ്പുറത്തെ വീട്ടില്‍ റെയ്ഡ്; ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെടുത്ത് പൊലീസ്; പെണ്‍കുട്ടിയെ പലയിടങ്ങളില്‍ കൊണ്ടുപോയതിന്റെ രേഖകള്‍ കണ്ടെത്തി; പ്രതിക്കായി വ്യാപകമായി തിരച്ചില്‍
സുകാന്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്
മലപ്പുറം: തിരുവനന്തപുരം വിമാനത്താവള ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതി സുകാന്ത് സുരേഷിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. ഞായറാഴ്ച രാത്രിയാണ് തിരുവനന്തപുരം പോലീസ് റെയ്ഡ് നടത്തിയത്. സുകാന്തിന്റെ മലപ്പുറത്തെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. വീട്ടില്‍നിന്ന് തെളിവുകള്‍ കണ്ടെടുത്തതായാണ് വിവരം. അതേസമയം, സുകാന്ത് എവിടെ എന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരത്ത് നിന്നെത്തി മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്ന പോലീസാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണ് പോലീസ് സുകാന്തിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. വീട്ടില്‍നിന്ന് സുകാന്തിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ഡയറികള്‍, യാത്രാ രേഖകള്‍ തുടങ്ങിയവ ലഭിച്ചതായാണ് വിവരം. സുകാന്തിനെ കണ്ടെത്താന്‍ സംഘങ്ങളായി തിരിഞ്ഞ് വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്.
ഐബി ഉദ്യോഗസ്ഥയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി എന്ന് തെളിയിക്കുന്ന യാത്രാരേഖകളാണ് ലഭിച്ചതെന്നാണ് വിവരം. മൊബൈല്‍ ഫോണില്‍നിന്ന് ചാറ്റുകളും ലാപ്‌ടോപില്‍നിന്ന് കേസുമായി ബന്ധിപ്പെട്ട തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ സുകാന്ത് ഒളിവില്‍പോയിരിക്കുകയാണ്. നേരത്തേ ഇയാളുടെ മലപ്പുറം എടപ്പാളിലെ വീട്ടില്‍ പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയെങ്കിലും വീട് അടച്ചിട്ടനിലയിലായിരുന്നു.
മാര്‍ച്ച് 24-നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍, യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവര്‍ത്തകനായ സുകാന്തിനെതിരേ കുടുംബം പരാതി നല്‍കിയിരുന്നു.
യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണംചെയ്തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. പിന്നാലെ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെയും തെളിവുകള്‍ കൈമാറി. കഴിഞ്ഞദിവസം പേട്ട പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി യുവതിയുടെ പിതാവ് തന്നെയാണ് തെളിവുകള്‍ കൈമാറിയത്. ഇതിനുപിന്നാലെയാണ് പോലീസ് ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി സുകാന്തിനെതിരേ കേസെടുത്തത്.
മലപ്പുറം സ്വദേശിയായ സുകാന്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പലതവണകളായി പണം കൈക്കലാക്കിയെന്നാണ് കണ്ടെത്തല്‍. ചെന്നൈയിലും കൊച്ചിയിലും കൊണ്ടുപോയി യുവതിയെ ചൂഷണംചെയ്തതായും പരിക്കേല്‍പ്പിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.
അതേ സമയം സുകാന്ത് സുരേഷിന്റെ പുതിയ പെണ്‍സുഹൃത്തും ഐബിയിലെ തന്നെ ഒരു വനിതാ ഓഫീസറെന്ന് വിവരം. സുകാന്തിനെതിരെ ലൈംഗിക പീഡനത്തിനും പണം തട്ടിയെടുത്തതിനും പുതിയ വകുപ്പുകള്‍ കൂടി ചുമത്തി. ഇയാളെ പിടികൂടാന്‍ സംസ്ഥാനത്തിന് പുറത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ലുക്കൗട്ട് നോട്ടീസ് നേരത്തെ ഇറക്കിയ സാഹചര്യത്തില്‍ രാജ്യംവിട്ടു പോകാന്‍ സാധ്യതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
രാജസ്ഥാനിലെ പരിശീലന കാലയളവിലാണ് ജീവനൊടുക്കിയ വനിതാ ഉദ്യോഗസ്ഥയെ സുകാന്ത് പരിചയപ്പെട്ടത്. നെടുമ്പാശേരിയില്‍ ഇമിഗ്രേഷന് ഓഫീസറായ സുകാന്ത് അവിടെ അപ്പാര്‍ട്ട്മെന്റ് വാടകക്കെടുത്ത് യുവതിയെ ഒപ്പം താമസിപ്പിച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്റെ സിവില്‍ സര്‍വീസ് പരീക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. ഇതിനിടെയാണ് ഗര്‍ഭം അലസിപ്പിച്ചെന്ന വിവരവും വെളിച്ചത്ത് വന്നത്.
സുകാന്ത് പിന്നീട് നെടുമ്പാശ്ശേരിയില്‍ ജോലി ചെയ്യുന്ന മറ്റൊരു വനിതാ ഐബി ഓഫീസറുമായി അടുത്ത ബന്ധം സ്ഥാപിച്ചുവെന്നാണ് അന്വേഷണത്തില്‍ വെളിവായത്. സുകാന്ത് നല്‍കിയ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ഇത് വരെയുള്ള അന്വേഷണത്തിലെ വിവരങ്ങള്‍ പൊലീസ് കോടതിയെ അറിയിക്കും.