14 കോടിയുടെ റേഡിയോ തെറാപ്പി യന്ത്രം; അറ്റകുറ്റ പണി കരാര്‍ പുതുക്കാത്തത് വിനയായി; കേടായ യന്ത്രം നശിച്ചാല്‍ പുതിയത് വാങ്ങാം; കമ്മീഷന്‍ മോഹികളുടെ കള്ളക്കളിയില്‍ വലയുന്നത് സാധാരണക്കാരായ ക്യാന്‍സര്‍ രോഗികള്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഈ ദുരിതം ആരോഗ്യ മന്ത്രി അറിഞ്ഞില്ലേ?

Update: 2025-02-06 07:08 GMT

തിരുവനന്തപുരം: ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റേഡിയോ തെറാപ്പി യന്ത്രം തകരാറിലായതോടെ പ്രതിസന്ധിയിലായി സാധാരണക്കാരായ രോഗികള്‍. യന്ത്രം തകരാറിലായി രണ്ടാഴ്ചയോളമായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനോ അധികാരികള്‍ക്കോ കഴിഞ്ഞിട്ടില്ല. കമ്മീഷന്‍ മോഹികളായ ചിലരുടെ കുതന്ത്രമാണ് ഈ അവസ്ഥയ്ക്ക് കാരണം.

സാമ്പത്തിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ സര്‍വ്വീസ് കാലാവധി കഴിഞ്ഞ യന്ത്രത്തിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ പുതുക്കിയില്ല. ഇതോടെ നിലവിലുണ്ടായ തകരാര്‍ പരിഹരിക്കാന്‍ 75 ലക്ഷത്തോളം രൂപ വേണമെന്നാണ് സൂചന. യന്ത്രത്തിന്റെ വാറന്റി കഴിയുന്നതിന് മുന്‍പേ വാര്‍ഷിക കരാര്‍ പുതുക്കണമെന്ന അറിയിപ്പ് വേരിയന്‍ കമ്പനി പലവട്ടം കെ.എം.എസ്.സി.എല്ലിന് ഇ മെയിലായി നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും അധികാരികള്‍ മുഖവിലക്കെടുത്തിരുന്നില്ല. 3 വര്‍ഷം മുമ്പ് 14 കോടി ചെലവഴിച്ചാണ് യന്ത്രം സ്ഥാപിച്ചത്. വേരിയന്‍ കമ്പനിയുടെ യന്ത്രമാണെങ്കിലും ഇപ്പോള്‍ കമ്പനി സീമെന്‍സ് ഏറ്റെടുത്തിട്ടുണ്ട്. ഈ യന്ത്രം കുറേ കാലം കഴിയുമ്പോള്‍ പ്രവര്‍ത്തിക്കാതെ പൂര്‍ണ്ണമായും കേടാകും. അപ്പോള്‍ പുതിയ യന്ത്രം വാങ്ങും. ചിലര്‍ക്ക് കമ്മീഷനും കിട്ടും. ഇതിന് വേണ്ടിയാണ് വാര്‍ഷിക കരാറുകള്‍ പുതുക്കാത്തതെന്ന സൂചനയുമുണ്ട്.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ റേഡിയോ തെറാപ്പി യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ചെയ്ത വകയില്‍ കോടികള്‍ കുടിശികയുണ്ട്. ഇത് നല്‍കാതെ തകരാര്‍ പരിഹരിക്കില്ലെന്ന് കമ്പനി തീരുമാനമെടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. വിദേശ കമ്പനിയായ വേരിയന്റെ യന്ത്രമാണ് ആശുപത്രികളില്‍ ഉപയോഗിക്കുന്നത്. വാര്‍ഷിക അറ്റകുറ്റപ്പണി കരാറുണ്ടെങ്കില്‍ യന്ത്രം തകരാറിലായാല്‍ ഉടന്‍ എന്‍ജിനിയര്‍ സ്ഥലത്തെത്തും. വിദേശ കമ്പനിയുടെ എന്‍ജിനിയര്‍മാര്‍ തലസ്ഥാനത്തുണ്ടെങ്കിലും കോടികള്‍ കുടിശികയുള്ളതിനാല്‍ കമ്പനി അധികൃതര്‍ അയക്കില്ലെന്ന നിലപാടിലാണ്. 75ലക്ഷം രൂപയാണ് നിലവില്‍ കുടിശ്ശികയായി ഉള്ളത്. ഈ തുക ആശുപത്രിക്ക് നല്‍കാനോ കമ്പനിയുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനോ ആശുപത്രി അധികൃതര്‍ക്ക് സാധിക്കില്ല.

തെറാപ്പിക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളെ ആര്‍.സി.സിയിലേക്കും ആലപ്പുഴ,കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്കും അയക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ ഇത് രോഗികളോട് കാണിക്കുന്ന വലിയ അനീതിയാണ്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ രോഗികള്‍ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ്. നിലവില്‍ ചികിത്സയിലുള്ള രോഗികളെ മറ്റ് ജില്ലകളിലേക്ക് അയക്കാന്‍ കഴിയില്ല. അതിനാല്‍ പഴയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിലാണ് ഇവര്‍ക്ക് റേഡിയേഷന്‍ നല്‍കുന്നത്. ഇത് ചികില്‍സയുടെ കൃത്യതയേയും ബാധിക്കുന്നുണ്ട്.

ചികിത്സക്കായി മറ്റ് ജില്ലകളിലേക്ക് പോകുക എന്നത് സാധാരണക്കാരായ രോഗികളെ സംബദ്ധിച്ചിടത്തോളം വലിയ പ്രയാസകരമായ കാര്യമാണ്. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍, തക്കല, കന്യാകുമാരി എന്നിവിടങ്ങളിലുള്ളവരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. കഴിഞ്ഞ 25നാണ് യന്ത്രം തകരാറിലായത്. സാധാരണക്കാരായ ക്യാന്‍സര്‍ രോഗികള്‍ക്ക് അത്താണിയായ ആശുപത്രിയിലെ റേഡിയോ തെറാപ്പി യന്ത്രം സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് തകരാറിലായത്. അത്യാധുനിക റേഡിയേഷന്‍ യന്ത്രമായ 3ഡി ലീനിയര്‍ ആക്സിലേറ്ററിന് മൂന്നുവര്‍ഷത്തെ വാറന്റിയാണുണ്ടായിരുന്നത്.

അതിനാല്‍ വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ക്യാന്‍സര്‍ രോഗികള്‍ വലിയ ദുരിതത്തിലാകും. 3ഡി ലീനിയര്‍ ആക്സിലേറ്ററില്‍ പ്രതിദിനം 42പേര്‍ക്കാണ് റേഡിയേഷന്‍ നല്‍കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ളവരെയാണ് മറ്റ് ആശുപത്രികളിലേക്ക് അയക്കുന്നത്.ചികിത്സ ആരംഭിച്ച രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് അയക്കുന്നത് പ്രായാസകരമാണ്. ഇതിനാല്‍ പഴയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കൊബാള്‍ട്ട് യന്ത്രം ഉപയോഗിച്ചാണ് നിലവില്‍ രോഗികള്‍ക്ക് റേഡിയേഷന്‍ നല്‍കുന്നത്. ഈ യന്ത്രത്തിന് പല പോരായ്മകള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ ഇത് ആശുപത്രികളില്‍ ഉപയോഗിക്കാറില്ല.

Tags:    

Similar News