സംസ്ഥാനത്തെ ഏറ്റവും വലിയ ആരോഗ്യ സ്ഥാപനമായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയകള്‍ക്കാവശ്യമായ പ്രധാന ഉപകരണങ്ങള്‍ ഇല്ല; ഹൃദയ ശസ്ത്രക്രിയകള്‍ തടസ്സപ്പെടാന്‍ സാധ്യത; സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഇടപെടല്‍ അനിവാര്യമെന്ന് ആശുപത്രി അധികൃതര്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി രൂക്ഷമാകുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ആരോഗ്യ സ്ഥാപനമായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയകള്‍ക്കാവശ്യമായ പ്രധാന ഉപകരണങ്ങള്‍ ലഭ്യമാകാത്ത അവസ്ഥ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന മുന്നറിയിപ്പിലാണ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍.
കാര്‍ഡിയോളജി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് നല്‍കിയ കത്തിലാണ് പ്രശ്‌നത്തിന്റെ ഗുരുത്വം വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയ ശസ്ത്രക്രിയകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ സ്റ്റെന്റുകളുടെ സ്റ്റോക്ക് ആശുപത്രിയില്‍ ഉള്ളതിനാല്‍ ശസ്ത്രക്രിയകള്‍ തുടരുന്നുവെങ്കിലും അനുബന്ധ ഉപകരണങ്ങളുടെ ക്ഷാമം കാരണം ഒരിക്കലും ശസ്ത്രക്രിയകള്‍ മുടങ്ങേണ്ട സാഹചര്യം വരാമെന്ന ആശങ്ക ശക്തമാണ്.
സംസ്ഥാനത്തെ 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നായി 158 കോടി രൂപ കുടിശികയായതിനെ തുടര്‍ന്നാണ് വിതരണക്കാര്‍ ഒന്നാം തീയതി മുതല്‍ ഉപകരണ വിതരണത്തില്‍ നിന്നും പിന്‍മാറിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനൊറ്റയ്ക്കു നല്‍കാനുണ്ടായിരിക്കുന്നത് 29 കോടി 56 ലക്ഷം രൂപയാണ്. ഇതുമൂലം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് തിരിച്ചടിയാകുകയാണ്. പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ വിതരണ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഹൃദയ ശസ്ത്രക്രിയകള്‍ തടസ്സപ്പെടാതിരിക്കാനുള്ള സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഇടപെടല്‍ ഇപ്പോള്‍ അനിവാര്യമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
അതേസമയം, മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തിലും ശസ്ത്രക്രിയ ഉപകരണങ്ങളുടെ ഗുരുതര ക്ഷാമം നേരിട്ടിരുന്നത് പരിഹരിച്ചുകൊണ്ടിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ഡോ. ഹാരിസ് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിഭാഗത്തിലെ പ്രശ്‌നം വലിയ ചര്‍ച്ചയായി. രണ്ട് കോടി രൂപ ചെലവില്‍ മൂത്രാശയ കല്ല് പൊടിക്കുന്നതിന് ആവശ്യമായ ഉപകരണം വാങ്ങാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
എഎസ്ഡബ്ല്യുഎല്‍ ഉപകരണത്തിന്റെ കാലാവധി കഴിഞ്ഞ് രണ്ട് വര്‍ഷമായി പുതിയ ഉപകരണം ലഭിക്കാതെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുകയാണ്. ഡോ. ഹാരിസ് പൊതുവേദിയില്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ചില അടിയന്തര ഉപകരണങ്ങള്‍ എത്തിച്ചതായും അധികൃതര്‍ അറിയിച്ചു. എന്നാല്‍, പ്രധാന ഉപകരണങ്ങള്‍ ലഭിക്കാനായി സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് രണ്ട് വര്‍ഷം കഴിഞ്ഞു. സമഗ്രമായ ഇടപെടലുകളില്ലാതെ മെഡിക്കല്‍ കോളേജിലെ പ്രധാന ശസ്ത്രക്രിയകള്‍ തന്നെ തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ആരോഗ്യ സംവിധാനത്തെയാകെ ബാധിക്കുന്ന പ്രതിസന്ധിയാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.