ചേട്ടന്റെ പാത പിന്തുടര്‍ന്ന് സൈന്യത്തിലെത്തിയത് 18-ാം വയസ്സില്‍; നാലു കൊല്ലത്തിന് ശേഷം 1968ല്‍ ദുരന്തം; ആദ്യ തെളിവ് കണ്ടെത്തിയത് 2003ല്‍ അടല്‍ ബിഹാരി വാജ്പെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്‍ടെനെയ്റിംഗിലെ വിദ്യാര്‍ത്ഥികള്‍; ഇത് ഇലന്തൂരിലെ തോമസ് ചെറിയാന്റെ കഥ

തോമസ് ചെറിയാന്‍ ഉള്‍പ്പെടെ 4 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് രാജ്യചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തിരച്ചില്‍ ദൗത്യത്തിലൂടെ

Update: 2024-10-01 03:12 GMT

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ റോത്തങ് പാസില്‍ 1968ലുണ്ടായ സൈനിക വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയും കരസേനയില്‍ ക്രാഫ്റ്റ്‌സ്മാനുമായിരുന്ന തോമസ് ചെറിയാന്‍ ഉള്‍പ്പെടെ 4 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് രാജ്യചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തിരച്ചില്‍ ദൗത്യത്തിലൂടെ. ഹിമാചല്‍പ്രദേശിലെ റോഹ്താങ് ചുരത്തില്‍ 1968-ലുണ്ടായ വിമാനാപകടത്തില്‍ കാണാതായവരില്‍ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്ത വിവരം സൈന്യം കഴിഞ്ഞ ദിവസമാണ് ബന്ധുക്കളെ അറിയിച്ചത്. പത്തനംതിട്ടയിലെ ഇലന്തൂര്‍ സ്വദേശിയായ തോമസ് ചരണാണ് അതിലൊരാള്‍. മല്‍ഖാന്‍ സിങ്, ശിപായ് നാരായണ്‍ സിങ്, എന്നിവരാണ് മറ്റുള്ളവര്‍. മറ്റൊരാള്‍ ആരെന്നു വ്യക്തമല്ല.

''ഇലന്തൂര്‍ ഈസ്റ്റ് ഒടാലില്‍ കുടുംബത്തിലേക്ക് ചേട്ടന്റെ ദുരന്തവിവരം എത്തിയതുമുതല്‍ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പായിരുന്നു. 56 വര്‍ഷത്തിനിപ്പുറവും തുടര്‍ന്ന കാത്തിരിപ്പ്. ഇടയ്‌ക്കൊരിക്കല്‍ മരണം സംബന്ധിച്ച് സൈന്യം ചില സ്ഥിരീകരണങ്ങള്‍ പറഞ്ഞെങ്കിലും ഞങ്ങളത് വിശ്വസിച്ചിരുന്നില്ല. ഒരമ്മയുടെ വയറ്റില്‍ പിറന്ന ഞങ്ങള്‍ക്ക് അതിന് കഴിയില്ലല്ലോ. പക്ഷേ ഇപ്പോള്‍...'' തോമസ് ചെറിയാന്റെ ഇളയ സഹോദരന്‍ തോമസ് തോമസ് പ്രതികരിച്ചത് ഇങ്ങനെയാണ്. മൃതദേഹം നാടട്ിലെത്തിക്കും. ആറന്മുള പോലീസ് സ്റ്റേഷനില്‍നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വീട്ടിലെത്തിയാണ് തോമസ് ചെറിയാന്റെ മൃതദേഹാവശിഷ്ടം ഹിമാലയത്തില്‍നിന്ന് കിട്ടിയകാര്യം തിങ്കളാഴ്ച വൈകീട്ട് തോമസ് തോമസിനെ അറിയിച്ചത്. പിന്നീട് സൈന്യത്തിന്റെ സ്ഥിരീകരണവും ഉണ്ടായി.

ഇലന്തൂര്‍ ഈസ്റ്റ് ഒടാലില്‍ പരേതനായ ഒ.എം.തോമസ് ഏലിയാമ്മ ദമ്പതികളുടെ 5 മക്കളില്‍ രണ്ടാമനായിരുന്ന തോമസ് ചെറിയാന് കാണാതാകുമ്പോള്‍ 22 വയസ്സായിരുന്നു. മല്‍ഖാന്‍ സിങ്ങിന്റെയും നാരായണ്‍ സിങ്ങിന്റെയും വസ്ത്രങ്ങളില്‍നിന്ന് ലഭിച്ച രേഖകളാണ് തിരിച്ചറിയാന്‍ സഹായിച്ചത്. തോമസ് ചെറിയാന്റെ ശരീരത്തില്‍ നിന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ വിവരങ്ങളും ലഭിച്ചു. 2003ലാണ് ആദ്യമായി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. 2005, 2006, 2013, 2019 വര്‍ഷങ്ങളില്‍ വിമാനത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയിരുന്നു. 2019ലെ തിരച്ചിലില്‍ 5 പേരുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തിരുന്നു.

18-ാം വയസ്സിലാണ് തോമസ് ചെറിയാന്‍ കരസേനയിലേക്ക് പോകുന്നത്. ചേട്ടന്‍ തോമസ് മാത്യുവും കരസേനയിലായിരുന്നു. പട്ടാളത്തില്‍ ചേര്‍ന്ന് നാല് വര്‍ഷത്തിനുശേഷമായിരുന്നു ദുരന്തം. പലതവണ സൈന്യം ഹിമാലയത്തില്‍ തിരച്ചിലുകള്‍ നടത്തിയതിനെപ്പറ്റിയും അവശിഷ്ടങ്ങള്‍ കിട്ടുന്നതുമൊക്കെ കുടുംബം അറിഞ്ഞുകൊണ്ടിരുന്നു. 1990-ല്‍ അച്ഛന്‍ ഒ.എം.തോമസ് വിടവാങ്ങുംവരെ മകന്റെ മരണവിവരം അറിഞ്ഞിരുന്നില്ല. എന്നാല്‍, 1998-ല്‍ അമ്മ ഏലിയാമ്മ മരിക്കുംമുന്‍പ് കരസേന അത് സ്ഥിരീകരിച്ചു.

മിലിട്ടറിയിലുണ്ടായിരുന്ന മൂത്തയാള്‍ സഹോദരന്റെ ദുരന്തം താങ്ങാനാകാതെ സേവനത്തില്‍നിന്ന് വിരമിച്ചു. ഇദ്ദേഹം കുറച്ചുനാള്‍ മുന്‍പ് മരിച്ചു. ഹരിദ്വാറിലെ ബി.എച്ച്.ഇ.എല്ലില്‍നിന്ന് വിരമിച്ച തോമസ് തോമസിനെ കൂടാതെ മേരി തോമസ്, തോമസ് വര്‍ഗീസ് എന്നിവരാണ് ഇനിയുള്ള സഹോദരങ്ങള്‍. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചില്‍ ഓപ്പറേഷനാണ് ഫലം കണ്ടിരിക്കുന്നത്. തിരംഗ മൗണ്‍ടെന്‍ റെസ്‌ക്യൂ, സൈന്യത്തിലെ ദോഗ്ര സ്‌കൗട്സ് എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

2019 വരെ അഞ്ച് പേരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് ആകെ കണ്ടെത്തിയിരുന്നത്. 2003ല്‍ അടല്‍ ബിഹാരി വാജ്പെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്‍ടെനെയ്റിംഗിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. ഇതിന്റെ തുടര്‍ച്ചയായി നിരവധി തെരച്ചിലുകള്‍ നടത്തിയിരുന്നു.

Tags:    

Similar News