എന്‍.സി.പിയില്‍ മന്ത്രിമാറ്റം; ശശീന്ദ്രന് പകരം തോമസ് കെ.തോമസ് മന്ത്രിയാകും; ശരദ് പവാര്‍ തീരുമാനമെടുത്തെന്ന് പി.സി.ചാക്കോ; അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രിയെ കാണുമെന്നും പ്രതികരണം; പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് ശശീന്ദ്രന്‍

കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് മന്ത്രിയാകും

Update: 2024-09-28 08:52 GMT

കോഴിക്കോട്: എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ എന്‍.സി.പിയില്‍ ധാരണ. എ.കെ.ശശീന്ദ്രന് പകരം കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകും. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് നിന്നും മാറണമെന്ന് ശരദ് പവാര്‍ നിര്‍ദേശിച്ചതായി പി.സി. ചാക്കോ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയുണ്ടെന്ന് തോമസ് കെ. തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം മാറണമെന്നാണ് എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നിര്‍ദേശമെന്ന് പി.സി. ചാക്കോ അറിയിച്ചു. ശശീന്ദ്രനും തോമസ് കെ തോമസിനുമൊപ്പം മുഖ്യമന്ത്രിയെ കാണാനാണ് നിര്‍ദേശം. ഒക്ടോബര്‍ മൂന്നിനായിരിക്കും കൂടിക്കാഴ്ച. ശശീന്ദ്രന്‍ മാറണമെന്ന പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രന്‍, തോമസ് കെ.തോമസ് എംഎല്‍എ എന്നിവര്‍ തലസ്ഥാനത്ത് മുഖ്യമന്ത്രിയെ കാണാനിരുന്നതാണെങ്കിലും പിണറായിയുടെ തിരക്ക് മൂലം അതിനു സാധിച്ചില്ല. പിബി യോഗത്തിനുശേഷം 29നേ മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തൂ. എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോടു ചര്‍ച്ച ചെയ്യാനാണ് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ മൂന്നു നേതാക്കളോടും നിര്‍ദേശിച്ചത്. ശശീന്ദ്രന് തന്നെ നീക്കുന്നതിനോട് യോജിപ്പില്ല. തനിക്കൊപ്പം നില്‍ക്കുന്ന പരമാവധി നേതാക്കളെ സംഘടിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

എന്‍.സി.പി.യിലെ രണ്ട് എം.എല്‍.എ.മാരും രണ്ടരവര്‍ഷംവീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനിടെ, കോണ്‍ഗ്രസില്‍നിന്നു പി.സി. ചാക്കോയെത്തി എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായി.

മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ തോമസ് കെ തോമസ് അസംതൃപ്തനായിരുന്നു. വൈകാതെ പി.സി ചാക്കോയും തോമസ്.കെ തോമസിന്റെ ആവശ്യത്തെ പിന്തുണച്ചതോടെയാണ് ശശീന്ദ്രന് സ്ഥാനം ഒഴിയേണ്ടി വരുന്നത്.

പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുണ്ടെന്നു വന്നാല്‍ തീരുമാനം സിപിഎം നീട്ടുമെന്ന് ശശീന്ദ്രന്‍ കരുതുന്നു. ശരദ് പവാറിന്റെയും പി.സി.ചാക്കോയുടെയും ആവശ്യം മുന്നണിക്ക് അംഗീകരിക്കേണ്ടി വരുമെന്ന് തോമസ് കെ.തോമസും പ്രതീക്ഷിക്കുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന ശശീന്ദ്രന്‍ ഒഴിയണമെന്നാണ് തോമസ് കെ.തോമസിന്റെ ആവശ്യം. നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ പിന്തുണ ലഭിച്ചിരുന്നില്ല. ശശീന്ദ്രനെ അനുകൂലിച്ചിരുന്ന പി.സി.ചാക്കോ തോമസിനൊപ്പമായതോടെയാണ് മന്ത്രിമാറ്റ ചര്‍ച്ചകള്‍ സജീവമായത്.

മന്ത്രിസ്ഥാനത്തിന്റെ പേരിലുള്ള തര്‍ക്കം എന്‍സിപിയെ പിളര്‍പ്പിലേക്കെത്തിക്കുമോ എന്ന ചര്‍ച്ചയ്ക്കിടെയാണ് പിസി ചാക്കോ നിലപാട് വ്യക്തമാക്കിയത്. ശശീന്ദ്രനെ മാറ്റുന്നതിനെ എതിര്‍ത്ത് തൃശൂരില്‍ യോഗം വിളിച്ച വൈസ് പ്രസിഡണ്ട് പി.കെ രാജന്‍ മാസ്റ്ററെ നേരത്തെ ചാക്കോ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിമതയോഗം എന്ന നിലക്കുള്ള നടപടി ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തിയിരുന്നത്. ചാക്കോയുടെ നടപടിക്കെതിരെ പരസ്യപ്രസ്താവന ഇറക്കിയായിരുന്നു ശശീന്ദ്രന്റെ മറുപടി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചാക്കോക്ക് അയച്ച കത്ത് ശശീന്ദ്രന്‍ പരസ്യമാക്കിയതും പിന്നോട്ടില്ലെന്ന സന്ദേശം നല്‍കുന്നു.

കാരണം കാണിക്കല്‍ നോട്ടീസ് പോലുമില്ലാതെ എടുത്ത നടപടിക്കെതിരെ ശശീന്ദ്രന്‍ പക്ഷം പവാറിന് കത്ത് നല്‍കിയിട്ടുണ്ട്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ കടുപ്പിക്കാനാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ നീക്കം. ശശീന്ദ്രനെ മാറ്റാനുള്ള പിസി ചാക്കോയുടെയും തോമസ് കെ തോമസിന്റെയും നീക്കം ഇനിയും ഫലം കണ്ടിട്ടില്ല. മുഖ്യമന്ത്രിയാകും ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുക.

Tags:    

Similar News