കുരിശ് വിശ്വാസികളുടെ വീടുകളില്‍ മാത്രമല്ല നാരങ്ങാനംകാരുടെ എല്ലാ വീട്ടിലും സ്ഥാപിക്കുന്നു; തൊമ്മന്‍കുത്തില്‍ പള്ളി സ്ഥാപിച്ച കുരിശ് വനംവകുപ്പ് പിഴുതുമാറ്റിയ സംഭവത്തില്‍ പ്രതിഷേധം പുതിയ തലത്തിലേക്ക്; ഇടവകക്കാരുടെ വീട്ടുമുറ്റത്ത് കുരിശ് സ്ഥാപിച്ചതിന് പുറമേ അന്യമതസ്ഥരും സ്വമേധയാ കുരിശുവയ്ക്കുന്നു; പള്ളി കുരിശ് സ്ഥാപിച്ചത് സംരക്ഷിത വനഭൂമിയിലല്ലെന്നും റിപ്പോര്‍ട്ട്
തൊമ്മന്‍കുത്തില്‍ പള്ളി സ്ഥാപിച്ച കുരിശ് വനംവകുപ്പ് പിഴുതുമാറ്റിയ സംഭവത്തില്‍ പ്രതിഷേധം പുതിയ തലത്തിലേക്ക്
തൊടുപുഴ: കോതമംഗലം രൂപതയില്‍പെട്ട തൊമ്മന്‍കുത്ത് സെന്റ്‌തോമസ് പള്ളി നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിഴുതു മാറ്റിയ സംഭവം വിശ്വാസികളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആറു പതിറ്റാണ്ടായി ജനങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് പള്ളിവക സ്ഥലത്താണ് കുരിശ് സ്ഥാപിച്ചതെന്നു സെന്റ്‌തോമസ് പള്ളി വികാരി ഫാ.ജോര്‍ജ് ഐക്കരമറ്റത്തിന്റെ നിലപാട്. എന്നാല്‍, വനഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്നും അതിനാലാണ് പിഴുതു മാറ്റിയതെന്നും വനം വകുപ്പ് വാദിക്കുന്നു. വാദ-പ്രതിവാദങ്ങള്‍ക്കിടെ, പ്രതിഷേധ സൂചകമായി നാരങ്ങാനത്തുള്ള ഇടവകക്കാരുടെ വീട്ടു മുറ്റത്ത് കുരിശ് സ്ഥാപിച്ചിരിക്കുകയാണ് വിശ്വാസികള്‍. ഇതിനുപുറമേ അന്യമതസ്ഥരും തങ്ങളുടെ മുറ്റത്തും പറമ്പിലും സ്വമേധയാ കുരിശ് വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ, വനം വകുപ്പ് കുരിശ് പിഴുതു കൊണ്ട് പോയ സംഭവത്തില്‍ പ്രതിഷേധം പുതിയ തലത്തിലേയ്ക്ക് നീങ്ങുകയാണ്.
കുരിശ് വിശ്വാസികളുടെ വീട്ടില്‍ മാത്രമല്ല നാരങ്ങാനത്തെ നാട്ടുകാരുടെ എല്ലാം പറമ്പിലും സ്ഥാപിക്കാനാണ് തീരുമാനം. തൊമ്മന്‍കുത്ത് സെയ്ന്റ് തോമസ് പള്ളി കൈവശഭൂമിയില്‍ സ്ഥാപിച്ച കുരിശ് പിഴുതു കൊണ്ട് പോയതില്‍ പ്രതിഷേധിച്ച് നാരങ്ങാനത്തുള്ള ഇടവകക്കാരുടെ വീട്ടു മുറ്റത്ത് കുരിശ് സ്ഥാപിക്കാന്‍ വിശ്വാസികളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതുപൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നാട്ടുകാരായ മറ്റു മതസ്ഥരും തങ്ങളുടെ പറമ്പിലും മുറ്റത്തും കുരിശ് വയ്ക്കാന്‍ തീരുമാനിച്ചത്.
ഇതിന് തുടക്കം കുറിച്ച് പ്രകാശന്‍ വടുതലായിലിന്റെ വീട്ടു മുറ്റത്താണ് ശനിയാഴ്ച 3.30-ന് നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളുടെയും സാന്നിധ്യത്തില്‍ പ്രകാശന്‍ കുരിശ് സ്ഥാപിച്ചത്. പള്ളിയുടെ കൈവശഭൂമിയില്‍ നിന്ന് പിഴുതു മാറ്റിയ കുരിശ് പുന:സ്ഥാപിക്കുകയും നാരങ്ങാനത്തെ പട്ടയപ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുകയും ചെയ്യുന്നത് വരെ കുരിശ് മുറ്റത്ത് നിന്ന് മാറ്റില്ലെന്ന തീരുമാനത്തിലാണ് നാരങ്ങാനംകാര്‍
കഴിഞ്ഞ മാസം ദു:ഖ വെള്ളിയാഴ്ച ദിവസം, നാരങ്ങാനത്ത് വനംവകുപ്പ് കുരിശ് നീക്കം ചെയ്ത സ്ഥലത്തേക്ക് സഭാ വിശ്വാസികള്‍ കുരിശിന്റെ വഴി നടത്തിയിരുന്നു. തൊമ്മന്‍കുത്ത് സെയ്ന്റ് തോമസ് പള്ളിയില്‍ നിന്നാണ് കുരിശിന്റെ വഴിയായി നാരങ്ങാനത്തേക്ക് പോയത്. കുരിശിന്റെ വഴി പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും സ്വന്തം ഭൂമിയില്‍ കയറാന്‍ അവകാശമുണ്ടെന്ന നിലപാട് വിശ്വാസികള്‍ സ്വീകരിച്ചതോടെ സംഘര്‍ഷം ഒഴിവാക്കാനായി പോലീസ് തുടരാന്‍ അനുവദിക്കുകയായിരുന്നു.
സ്ഥലത്ത്, തൊമ്മന്‍കുത്ത് സെയ്ന്റ് തോമസ് പള്ളി സ്ഥാപിച്ച കുരിശ് പിറ്റേദിവസം വനം വകുപ്പ് പോലീസ് സന്നാഹത്തോടെ എത്തി പിഴുതെടുത്തു കൊണ്ടു പോവുകയായിരുന്നു. ഇത് വനഭൂമി അല്ലെന്നും കൈവശാവകാശഭൂമിയാണെന്നുമാണ് സഭയുടെയും വിശ്വാസികളുടെയും നിലപാട്. 65 വര്‍ഷമായി കൈവശമുള്ള ഭൂമി വനം വകുപ്പിന്റെ ആക്കി മാറ്റാന്‍ ശ്രമിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കര്‍ഷകര്‍ ആശങ്ക ഉന്നയിക്കുന്നുമുണ്ട്. ഇവിടെയുള്ളവര്‍ എല്ലാം പട്ടയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.
കുരിശ് സ്ഥാപിച്ചത് സംരക്ഷിത വനഭൂമിയിലല്ല
തൊമ്മന്‍കുത്തില്‍ പള്ളി കുരിശ് സ്ഥാപിച്ചത് സംരക്ഷിത വനഭൂമിയിലാണെന്ന വനം വകുപ്പിന്റെ വാദം തെറ്റെന്ന് വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. കുരിശ് സ്ഥാപിച്ച നാരങ്ങാനം ഉള്‍പ്പെടെയുള്ള പ്രദേശത്ത് വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നിട്ടില്ല. ജണ്ടക്ക് പുറത്തുള്ള സ്ഥലത്ത് പരിശോധന നടത്തി പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനിടെയായിരുന്നു വനം വകുപ്പിന്റെ അപ്രതീക്ഷിത നീക്കം. ഇതിനിടെ തര്‍ക്കഭൂമിയുള്‍പ്പെടെ 4005 ഏക്കര്‍ സ്ഥലം വനഭൂമിയാണെന്ന വണ്ണപ്പുറം വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടും വിവാദമായി.
1977 ന് മുമ്പുള്ള കൈവശഭൂമിയില്‍ വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനും തുടര്‍ നടപടികള്‍ വേഗത്തിലാക്കാനുമായിരുന്നു 2016 ല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലെ ധാരണ. ഇടുക്കി, തൊടുപുഴ താലൂക്കുകളിലെ പരിശോധനയില്‍ ഏതാനും വില്ലേജുകളിലെ കൈവശഭൂമി ഒഴിവായെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തീരുമാനിച്ചിരുന്നു.
കുരിശ് സ്ഥാപിച്ച നാരങ്ങാനം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സംയുക്ത പരിശോധന നടക്കാനിരിക്കെയാണ് വനം വകുപ്പിന്റെ ഇടപെടല്‍. കുരിശ് പൊളിച്ചതിന് പിന്നാലെ കാളിയാര്‍ റേഞ്ച് ഓഫീസര്‍ക്ക് വണ്ണപ്പുറം വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നാലായിരത്തിയഞ്ച് ഏക്കര്‍ സ്ഥലം വനഭൂമിയാണെന്ന പരാമര്‍ശവും വിവാദമായി. 1983 ല്‍ വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനക്ക് അംഗീകാരം നല്‍കിയതാണെന്നും 1930 കളിലെ ബി.റ്റി.ആര്‍ രേഖകള്‍ പ്രകാരമുള്ള വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ ദുരൂഹതയുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം.
സംരക്ഷിത വനമേഖലയിലെ കടന്ന് കയറ്റമെന്ന പേരില്‍ ഏപ്രില്‍ പന്ത്രണ്ടിനാണ് തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി സ്ഥാപിച്ച കുരിശ് വനം വകുപ്പ് പൊളിച്ച് നീക്കിയത്.