തെളിവില്ലാത്ത കെജ്രിവാളിനെ കേസില്‍ ഉള്‍പ്പെടുത്തിയത് എന്തിനെന്ന കോടതിയുടെ ചോദ്യത്തില്‍ വെട്ടിലായി സിബിഐ; വെറുതേ വിട്ടതിന് പിന്നാലെ 'ഗൂഢാലോചന നടത്തിയത് മോദിയും അമിത് ഷായു'മെന്ന് ആരോപിച്ചു കെജ്രിവാള്‍; പൊട്ടിക്കരഞ്ഞ് വികാരാധീനനായ നേതാവിനെ കെട്ടിപ്പിടിച്ചു വീട്ടിലേക്ക് സ്വീകരിച്ചു ഭാര്യ സുനിത; മദ്യനയത്തിലെ ക്ലീന്‍ചിറ്റോടെ കെജ്രിവാള്‍ 2.0യുടെ രാഷ്ട്രീയ മടങ്ങി വരവിന് കളമൊരുങ്ങും
തെളിവില്ലാത്ത കെജ്രിവാളിനെ കേസില്‍ ഉള്‍പ്പെടുത്തിയത് എന്തിനെന്ന കോടതിയുടെ ചോദ്യത്തില്‍ വെട്ടിലായി സിബിഐ
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ ആം ആദ്മിക്ക് തിരിച്ചുവരവിന് അവസരം ഒരുങ്ങുന്നതാണ് ഡല്‍ഹി മദ്യനയ കേസില്‍ ഇന്ന് പുറത്തുവന്ന വിധി. ഡല്‍ഹി രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും എതിരെ തെളിവിന്റെ കണികയില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കുന്നത്. ഈ വിധിയോട് വൈകാരികമായാണ് കെജ്രിവാള്‍ പ്രതികരിച്ചതും.
ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഡല്‍ഹി റൗസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതി, അന്വേഷണം നടത്തിയ സിബിഐയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം നടത്തുകയും ചെയ്തു. ഇത് കേന്ദ്ര ഏജന്‍സിക്കേറ്റ കനത്ത തിരിച്ചടിയാകും. തെളിവില്ലാത്ത കേസില്‍ ഉള്‍പ്പെടുത്തിയതെന്തിനെന്ന് കോടതി സിബിഐയോടു ചോദിച്ചു. സത്യം ജയിച്ചുവെന്ന് മാധ്യമങ്ങളോടു പറഞ്ഞ കേജ്രിവാള്‍ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന കെട്ടിച്ചമച്ച കേസാണിതെന്നും കേജ്രിവാള്‍ പറഞ്ഞു. ഇത് രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തുടക്കമായി വിലയിരുത്തപ്പെടുന്നു.
താനും മനീഷ് സിസോദിയയും സത്യസന്ധരാണെന്ന് കേജ്രിവാള്‍ മാധ്യമങ്ങോട് പ്രതികരിച്ചത്. ''സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് മോദിയും അമിത് ഷായുമാണ്. ആംആദ്മി പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന അഞ്ച് നേതാക്കളെ അഴിക്കുള്ളിലാക്കി പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമായിരുന്നു അത്. സത്യം എപ്പോഴും വിജയിക്കും. ഞാന്‍ അഴിമതിക്കാരനല്ല. കേജ്രിവാളും സിസോദിയയും സത്യസന്ധരാണെന്ന് കോടതി പറഞ്ഞു. ഞങ്ങള്‍ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും ഒഴിവാക്കി. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസം ഉണ്ട്. മുഖ്യമന്ത്രിയെ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയി ജയിലില്‍ ഇടുകയായിരുന്നു. എന്റെ ജീവിതത്തില്‍ സത്യസന്ധത മാത്രമേ ഞാന്‍ നേടിയിട്ടുള്ളു'' കേജ്രിവാള്‍ പറഞ്ഞു.
കോടതിവിധി കേട്ടശേഷം വീട്ടിലെത്തിയ കേജ്രിവാളിനെ ഭാര്യ സുനിത കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. മനീഷ് സിസോദിയയും ഒപ്പമുണ്ടായിരുന്നു. ഇരുവരുടെയും ഭാര്യമാര്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ''ദൈവത്തോട് നന്ദി പറയുന്നു. അരവിന്ദ്ജി ഈ ജീവിതമത്രയും സത്യസന്ധതയോടെയാണ് ജീവിച്ചത്. പക്ഷേ ബിജെപിക്കാര്‍ അദ്ദേഹത്തെയും കൂട്ടാളികളെയും ജയിലിലേക്ക് അയച്ചു. സത്യം ജയിക്കുമെന്നതില്‍ വിശ്വാസമുണ്ടായിരുന്നു. ഞങ്ങള്‍ക്കൊപ്പംനിന്ന എല്ലാവരോടും നന്ദി പറയുന്നു'' സുനിത കേജ്രിവാള്‍ പറഞ്ഞു.
സത്യമേവ ജയതെ എന്നായിരുന്നു കുറ്റവിമുക്തനാക്കപ്പെട്ടശേഷമുള്ള സിസോദിയയുടെ ആദ്യ പ്രതികരണം. ''ബാബ സാഹിബ് അംബേദ്കര്‍ജിയുടെ ദീര്‍ഘവീക്ഷണമുള്ള ചിന്തയിലും അദ്ദേഹം തയാറാക്കിയ ഭരണഘടനയിലും എനിക്ക് ഇന്ന് ഒരിക്കല്‍ക്കൂടി അഭിമാനം തോന്നുന്നു. ഞങ്ങള്‍ സത്യസന്ധരല്ല എന്ന് മോദിജിയുടെ പാര്‍ട്ടി മുഴുവനും എല്ലാ അന്വേഷണ ഏജന്‍സികളും തെളിയിക്കാന്‍ ശ്രമിച്ചിട്ടും കേജ്രിവാളും സിസോദിയയും സത്യസന്ധരാണെന്ന് ഇന്ന് തെളിയിക്കപ്പെട്ടു'' അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ്തല അന്വേഷണം നടത്താനും കോടതി ഉത്തരവ്
കുറ്റപത്രത്തില്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ സിബിഐക്ക് ആയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പ്രത്യേക ജഡ്ജി ജിതേന്ദര്‍ സിങ്ങ് ആണ് വിധി പറഞ്ഞത്. മനീഷ് സിസോദിയയ്ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ സിബിഐക്ക് തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ്തല അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. ഇത് സിബിഐക്ക് കനത്ത പ്രഹരമാണ്. വിധിക്കെതിരെ സിബിഐ അപ്പീല്‍ നല്‍കിയേക്കും.
ആയിരക്കണക്കിന് പേജുകള്‍ ഉള്ള സിബിഐ കുറ്റപത്രത്തില്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ പര്യാപ്തമായ സാക്ഷിമൊഴികള്‍ ഒന്നും തന്നെയില്ലെന്നും കോടതി പറഞ്ഞു കേസില്‍ അറസ്റ്റിലായ കേജ്രിവാള്‍ രണ്ടുതവണയായി 156 ദിവസവും സിസോദിയ 530 ദിവസവും ജയിലില്‍ കിടന്നു. കേസില്‍ കോടതി വെറുതെവിട്ടവരില്‍ തെലങ്കാന ജാഗ്രതി പ്രസിഡന്റ് കെ. കവിതയുമുണ്ട്. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളാണ് കവിത. കേജ്രിവാളും സിസോദിയയും കവിതയും അടക്കം 23 പേരെയാണ് കോടതി വെറുതെവിട്ടത്.
കുല്‍ദീപ് സിങ്, നരീന്ദര്‍ സിങ്, വിജയ് നായര്‍, അഭിഷേക് ബൊയിന്‍പള്ളി, അരുണ്‍ രാമചന്ദ്ര പിള്ള, മൂത്ത ഗൗതം, സമീര്‍ മഹേന്ദ്രു, അമന്‍ദീപ് സിങ് ധാല്‍, അര്‍ജുന്‍ പാണ്ഡെ, രാജേഷ് ജോഷി, ദാമോദര്‍ പ്രസാദ് ശര്‍മ, പ്രിന്‍സ് കുമാര്‍, അരവിന്ദ് കുമാര്‍ സിങ്, ഛന്‍പ്രീത് സിങ് റായത്, ദുര്‍ദേശ് പഥക്, അമിത് അറോറ, വിനോദ് ചൗഹാന്‍, ആശിഷ് ചന്ദ് മഥൂര്‍, ശരത് ചന്ദ്ര റെഡ്ഡി എന്നിവരാണ് വെറുതെവിട്ട മറ്റുള്ളവര്‍.
കെജ്രവാള്‍ 2.0 ഒരുങ്ങുന്നു
റദ്ദാക്കപ്പെട്ട ഡല്‍ഹി മദ്യനയത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുത്താന്‍ സൗത്ത് ലോബിയില്‍ നിന്ന് 100 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു സിബിഐയുടെ ആരോപണം. ഈ ഗൂഢാലോചനയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും വിചാരണ നേരിടാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നുമാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഡിപി സിംഗ് കോടതിയില്‍ വാദിച്ചത്. കേജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ ഹരിഹരന്‍ സിബിഐയുടെ ആരോപണങ്ങളെ ശക്തമായി എതിര്‍ത്തു.
ആദ്യത്തെ മൂന്ന് അനുബന്ധ കുറ്റപത്രങ്ങളിലും കേജ്രിവാളിന്റെ പേരുണ്ടായിരുന്നില്ല. നാലാമത്തെ കുറ്റപത്രത്തില്‍ മാത്രമാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകള്‍ മാത്രമാണ് അദ്ദേഹം നിര്‍വഹിച്ചത്. ഗൂഢാലോചനയുമായി ബന്ധിപ്പിക്കാന്‍ കേജ്രിവാളിനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും പ്രതിഭാഗം വാദിച്ചു.
കോടതി വിധി എഎപി ക്യാമ്പിന് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. മദ്യനയക്കേസ് ഉയര്‍ത്തിവിട്ട രാഷ്ട്രീയ കൊടുങ്കാറ്റിലായിരുന്നു അരവിന്ദ് കേജ്രിവാളിന് ഡല്‍ഹി മുഖ്യമന്ത്രി പദം നഷ്ടമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ബിജെപി പ്രയോഗിച്ച ഏറ്റവും വലിയ രാഷ്ട്രീയ ആയുധവും ഈ അഴിമതി ആരോപണമായിരുന്നു. കേജ്രിവാള്‍ നേരിട്ട് പണം കൈപ്പറ്റിയെന്നും സിസോദിയ ഇടനിലക്കാരനായി നിന്നുവെന്നും ബിജെപി പ്രചരിപ്പിച്ചു. ഡല്‍ഹിയില്‍ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ഈ ആരോപണങ്ങള്‍ കരുത്തുപകര്‍ന്നു. കേസില്‍പ്പെട്ട സിസോദിയ ഒന്നരവര്‍ഷത്തോളവും കേജ്രിവാള്‍ ആറ് മാസത്തോളവുമാണ് ജയിലില്‍ കഴിയേണ്ടിവന്നത്.
