തൃശൂര്‍ പൂരത്തിന്റെ ആധ്യാത്മിക പ്രൗഢി പുതുതലമുറയ്ക്ക് പകരാന്‍ ലക്ഷ്യമിട്ട് തൃശൂര്‍ പൂരം ഹിന്ദു മഹാസംഗമം; ശ്രീശങ്കര ഹാളിലെ സ്വാമി രംഗനാഥാനന്ദ നഗറില്‍ സംഗമം നടക്കുക 27നും 28 നും; സംഗമം ഉദ്ഘാടനം ചെയ്യുക അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി

തൃശൂര്‍ പൂരം ഹിന്ദു മഹാസംഗമം 27നും 28 നും

Update: 2025-04-22 11:52 GMT

തൃശ്ശൂര്‍ : പാഞ്ചജന്യം ഭാരതം തൃശ്ശിവപേരൂര്‍ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ 27, 28 തീയതികളില്‍ തൃശ്ശൂര്‍ പൂരം ഹിന്ദു മഹാസംഗമം സംഘടിപ്പിക്കും. പൂരത്തിന്റെ ആധ്യാത്മിക പ്രൗഢി പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം. മഹാ സംഗമത്തിന്റെ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

തൃശൂര്‍ പൂരം ഹിന്ദു മഹാസംഗമത്തിന്റെ സവിശേഷത

തൃശൂരിലെ വടക്കുംനാഥന്‍ ക്ഷേത്രം കൂടാതെ ഗുരുവായൂര്‍, തൃപ്രയാര്‍, കൂടല്‍മാണിക്യം തുടങ്ങിയ സ്ഥലങ്ങളിലെ മഹാക്ഷേത്രങ്ങള്‍ ഇന്ത്യയിലെ ഭക്തര്‍ക്ക് മുഴുവന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. തൃശ്ശൂര്‍ പൂരത്തോട് അനുബന്ധിച്ച് നടക്കുന്ന വാദ്യമേളങ്ങളും, കുടമാറ്റവും, വെടിക്കെട്ടും എല്ലാം കേരളം ഒന്നായി ഏറ്റെടുക്കുകയും ആഘോഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ പൂരത്തിന് വലിയ ഒരു പശ്ചാത്തലം ഉണ്ടെന്നും ആ ആധ്യാത്മികപശ്ചാത്തലം തിരിച്ചറിയണമെന്നുമുള്ള ആഹ്വാനമാണ് തൃശൂര്‍ പൂരം ഹിന്ദു മഹാ സംഗമത്തിലൂടെ പങ്കുവയ്ക്കുന്നത്.




ആധ്യാത്മിക ഉറവിടങ്ങളെ തിരിച്ചറിയാന്‍ ഒരുവേദി

വടക്കുംനാഥന്‍ മഹാദേവ ക്ഷേത്രത്തില്‍ ആദി ശങ്കരാചാര്യരുടെ മാതാപിതാക്കള്‍ നടത്തിയ പ്രാര്‍ത്ഥനയാണ് ശങ്കരാചാര്യരെ പോലുള്ള ലോകം കണ്ട ഏറ്റവും വലിയ ദാര്‍ശനികനെ സൃഷ്ടിച്ചത്. ഇത്തരത്തിലുള്ള ആധ്യാത്മിക ഉറവിടത്തെ നാടിന്റെ ഈടിരിപ്പുകളായി പുതുതലമുറ തിരിച്ചറിയണമെന്നതും ഹിന്ദുമഹാസംഗമത്തിന്റെ ലക്ഷ്യമാണ്. കൂടാതെ പുതുതലമുറയ്ക്ക് മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുക എന്നുള്ള ആശയവും മുന്നോട്ടുവയ്ക്കുന്നു.

ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്ന ശ്രീരാമകൃഷ്ണമഠത്തിന്റെ ആഗോള അധ്യക്ഷന്‍ തൃശ്ശൂര്‍കാരനായ സ്വാമി രംഗനാഥാനന്ദയായിരുന്നു. ശങ്കരാചാര്യക്കുശേഷം കേരളം സംഭാവന ചെയ്ത ഇത്തരം ആധ്യാത്മിക വ്യക്തിത്വങ്ങളെ നമ്മുടെ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കണം എന്നുള്ളതും സംഗമത്തിന്റെ ലക്ഷ്യമാണ്.

അതുകൂടാതെ ഉത്സവങ്ങള്‍ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുവാനുള്ള വേദിയാവണം എന്നതും പ്രധാനപ്പെട്ട ഒരു സന്ദേശമാണ്. ലഹരി ഉപയോഗവും കെട്ടുകാഴ്ചകളും എന്നതിനപ്പുറത്ത് യഥാര്‍ത്ഥ ലഹരിയെ തിരിച്ചറിയുവാനുള്ള ഒരു വേദിയാവണം ഉത്സവങ്ങള്‍ എന്ന കാഴ്ചപ്പാടും ഇതിന് പിന്നിലുണ്ട്. തൃശ്ശൂരില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ സന്ദര്‍ശനവും, ശ്രീനാരായണഗുരുദേവന്‍ നടത്തിയ ശിവപ്രതിഷ്ഠയും ഒക്കെ ചര്‍ച്ചയാകുന്ന തൃശൂര്‍ പൂരം ഹിന്ദു മഹാ സംഗമത്തില്‍ കേരളത്തിലെ പ്രധാന സന്യാസിമാരും, തന്ത്രിമുഖ്യന്മാരും, വിശിഷ്ടവ്യക്തികളും പങ്കെടുക്കും.




സംഘാടകര്‍ പാഞ്ചജന്യം ഭാരതം സാംസ്‌കാരിക സംഘടന

തൃശ്ശൂര്‍ പൂരം ഹിന്ദു മഹാസംഗമം സംഘടിപ്പിക്കുന്നത് പാഞ്ചജന്യം ഭാരതം സാംസ്‌കാരിക സംഘടന ആണ്. ഡല്‍ഹി ആസ്ഥാനമായ സാംസ്‌കാരിക സംഘടനയാണ് ഇത്. സംഘടനയുടെ തൃശ്ശൂര്‍ ഘടകമാണ് ഈ പരിപാടിക്കു നേതൃത്വം കൊടുക്കുന്നത്. മഹാ സംഗമത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ഹൈന്ദവ മഠങ്ങളിലെയും സന്യാസിമാര്‍ പങ്കെടുക്കുന്നത് സവിശേഷതയാണ്. കൂടാതെ പാറമേക്കാവ്, തിരുവമ്പാടി തുടങ്ങിയ തൃശ്ശൂരിലെ വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും, സാമുദായിക സംഘടനകളുടെ ഭാരവാഹികളും, ആധ്യാത്മിക സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തകരും ഒന്നിച്ചു പങ്കെടുക്കുന്ന ഒരു അപൂര്‍വ്വ സംഗമവും കൂടിയാവും ഇത്.





സംഗമത്തിന്റെ മുഖ്യ ആകര്‍ഷണം..

സംഗമത്തിന്റെ പ്രധാന ആകര്‍ഷണം വിളംബര ഘോഷയാത്രയാണ്. 27-ന് വൈകീട്ട് നാലിന് വിളംബര ഘോഷയാത്ര നടക്കും. 28-ന് ശ്രീശങ്കരഹാളില്‍ രാവിലെ 7.45 മുതല്‍ ഒന്‍പതുവരെ സര്‍വൈശ്വര്യ പൂജയുണ്ടാകും. ഒമ്പതിന് തെക്കേമഠം വാസുദേവാനന്ദ ബ്രഹ്‌മാനന്ദഭൂതി മൂപ്പില്‍ സ്വാമിയാര്‍ പതാകയുയര്‍ത്തും. 9.30-ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 12-ന് നരനാരായണ പൂജയും 2.30-ന് യൂത്ത് പാര്‍ലമെന്റും നടക്കും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സന്യാസിമാര്‍ പൂജിക്കുന്ന ചടങ്ങാണ് നര നാരായണ പൂജ. യൂത്ത് പാര്‍ലമെന്റില്‍ കേരളത്തിലെ രണ്ട് വൈസ് ചാന്‍സിലര്‍മാരും പങ്കെടുക്കുന്നുണ്ട്.




വൈകീട്ട് നാലിന് യതിസംഗമം ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വപ്രസന്ന തീര്‍ഥ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ എല്ലാ ഹൈന്ദവമഠങ്ങളുടെയും സന്ന്യാസി ശ്രേഷ്ഠന്മാര്‍ അണിനിരക്കുന്ന വിശിഷ്ട പരിപാടിയാണ് യതി സംഗമം.





ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വപ്രസന്ന, ബെംഗളൂരു വിഭു ഫൗണ്ടേഷന്‍ സ്വാമി ശിവപ്രകാശാനന്ദ സരസ്വതി, കുളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി, അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി, കേരള സര്‍വകലാശാല വിസി ഡോ.മോഹന്‍ കുന്നുമ്മല്‍, കൊച്ചി അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വിസി ഡോ.ശിവപ്രസാദ്.കെ എന്നീ പ്രമുഖരാണ് തൃശൂര്‍ പൂരം ഹിന്ദുമഹാസംഗമത്തില്‍ പങ്കെടുക്കുന്നത്. തൃശൂര്‍ എംജി റോഡിലെ ശ്രീശങ്കര ഹാളിലെ സ്വാമി രംഗനാഥാനന്ദ നഗറിലാണ് സംഗമം.

Tags:    

Similar News