ബാഹ്യ ഇടപെടലില്ല; അട്ടിമറിയും; ഏകോപനക്കുറവും അനുനയത്തിന്റെ അസാന്നിധ്യവും പൂരം കലക്കി; തൃശൂര്‍ പൂര അട്ടിമറിയിലെ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളുന്നത് ഗൂഡാലോചനാ വാദം; 1300ലധികം പേജുള്ള റിപ്പോര്‍ട്ടും വിവാദമായേക്കും
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് തള്ളുന്നത് ഗൂഡാലോചന വാദം
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് തള്ളുന്നത് ഗൂഡാലോചന വാദം. ബാഹ്യ ഇടപെടല്‍ ഇതിലുണ്ടായില്ലെന്നും തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്ക്കുണ്ടായ ഏകോപന കുറവാണ് പൂരത്തില്‍ പ്രതിസന്ധിയുണ്ടാക്കിയതെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്. ഇത് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചേക്കും. ദേവസ്വങ്ങള്ക്കെതിരേയും അന്വേഷണത്തില്‍ പരാമര്‍ശമുണ്ട്. ഇത് സിപിഐ അടക്കം അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. വിശദ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിട്ടുള്ളത്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്. അജിത്ത് കുമാറാണ് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണം പ്രഖ്യാപിച്ച് അഞ്ച് മാസത്തിന് ശേഷം രാഷ്ട്രീയ വിവാദം ആളിക്കത്തിയ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രിക്ക് കൈമാറും. അതിന് ശേഷം ഇതിലെ വിവരങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കാനും സാധ്യതയുണ്ട്. സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍ തന്നെ വിവരാവകാശ അപേക്ഷ നല്‍കിയിട്ടുണ്ട്. 1300 പേജില്‍ അധികമുള്ള റിപ്പോര്‍ട്ടാണ് കൈമാറിയത്. വിശദമായ മൊഴികള്‍ അടക്കം ഇതിലുണ്ട്.
പ്രശ്നം തുടങ്ങിയത് കോടതി വിധിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ നീക്കങ്ങളാണ്. അസ്വാഭാവികതയൊന്നും പൂരം കലങ്ങളില്‍ ഇല്ലെന്ന് പറഞ്ഞു വയ്ക്കുകയാണ് അന്വേഷണ റിപ്പോര്‍ട്ട്. അട്ടിമറിയോ ഗൂഡാലോചനയോ ഇല്ലെന്ന് അജിത് കുമാര്‍ വിശദീകരിക്കുന്നു. പൂരം കലക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ എം.ആര്. അജിത്ത് കുമാര്‍ തന്നെയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആര് എസ് എസ് നേതാക്കള്‍ അടക്കമുള്ളവരുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ചയയും ചര്‍ച്ചകളിലുണ്ട്. ഇതും വിവാദത്തിന് പുതിയ തലം നല്‍കും.
കോടതിയുടെ ഉത്തരവുകള്‍ കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. അതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് പ്രതിസന്ധിയായത്. കമ്മീഷണറെ പോലും രൂക്ഷ വിമര്‍ശനത്തിന് എഡിജിപി വിധേയമാക്കുന്നില്ല. ബന്തവസ് കൂട്ടിയപ്പോള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുന്നതിലെ ഏകോപനകുറവാണ് എഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്. അനുനയത്തിന്റെ കുറവ് മാത്രമാണ് എഡിജിപി പൂരം കലങ്ങലിന് കാരണമായി പറയുന്നത്. ദേവസ്വങ്ങളാണ് പൂരം കലങ്ങലിന് കാരണമെന്ന നിരീക്ഷണവും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം അഞ്ച് മാസത്തിനിപ്പുറവും എങ്ങുമെത്തിയില്ല എന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴി തുറന്നത്. പിന്നാലെ, സെപ്റ്റംബര്‍ 24-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് എ.ഡി.ജി.പി. എം.ആര്. അജിത്ത് കുമാര്‍ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിച്ചത്. ഇത് മുഖ്യമന്ത്രിക്കും നല്‍കിയിട്ടുണ്ട്.
ഈ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അംഗീകരിക്കില്ല. സുനില്‍കുമാറും ഇതുമായി ബന്ധപ്പെട്ട് പ്രകോപിതനാണ്. അതുകൊണ്ട് തന്നെ തൃശൂര്‍ പൂരത്തില്‍ സുനില്‍ കുമാര്‍ ഇനി പറയുന്നതും നിര്‍ണ്ണായകമാണ്. ഏതായാലും ഈ അട്ടിമറിയില്ലെന്ന കണ്ടെത്തലും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കും. ചിത്രങ്ങള്‍ അടക്കം വച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി നല്‍കുന്നത്. ഈ വിഷയത്തില്‍ തൃശൂര്‍ കമ്മീഷണര്‍ക്ക് നേരത്തെ സര്‍ക്കാര്‍ സ്ഥലം മാറ്റം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ അതിന് അപ്പുറത്തേക്ക് നടപടിയുണ്ടാകില്ലെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട് നല്കുന്ന സന്ദേശം.