സ്റ്റോപ്പില്‍ ഇറങ്ങാന്‍ മറന്ന യാത്രക്കാരന്‍ അപായ ചങ്ങല വലിച്ചു; ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ വളപട്ടണം പാലത്തില്‍ നിന്നുപോയി ട്രെയിന്‍; നിസ്സഹായരായി ലോക്കോ പൈലറ്റും ഗാര്‍ഡും; ഒടുവില്‍ രക്ഷകനായത് ഈ യുവാവ്

ട്രെയിനിന് രക്ഷകനായി ടിക്കറ്റ് എക്‌സാമിനര്‍

Update: 2025-09-08 12:12 GMT

കണ്ണൂര്‍: കണ്ണൂരിലിറങ്ങേണ്ട യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് വളപട്ടണം പുഴയിലെ പാലത്തിനു മുകളില്‍ നിന്ന ട്രെയിനിന് രക്ഷകനായത് ടിക്കറ്റ് എക്‌സാമിനറായ യുവാവ്. പാലക്കാട് സ്വദേശിയായ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ (ടിടിഇ) എം.പി. രമേഷാ (39)ണ് അപകടസാധ്യത ഒഴിവാക്കിയ ഇടപെടല്‍ നടത്തിയത്. സ്വന്തം ഡ്യൂട്ടിയല്ലാതിരുന്നിട്ടു കൂടിയും രമേഷ് യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചു സാഹസിക പ്രവൃത്തിക്ക് ഇറങ്ങുകയായിരുന്നു.

കഴിഞ്ഞദിവസം പുലര്‍ച്ചെ 3.45ന് തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു ഓണം സ്‌പെഷല്‍ (06042) ട്രെയിനാണ് പുഴയ്ക്കു നടുവില്‍ നിന്നത്. കണ്ണൂരില്‍ ഇറങ്ങാന്‍ വിട്ടുപോയ യാത്രക്കാരന്‍ എസ്-വണ്‍ കോച്ചില്‍ നിന്ന് അപായച്ചങ്ങല വലിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിലച്ചത്. ട്രെയിന്‍ വീണ്ടും ഓടിക്കാന്‍ പ്രഷര്‍ വാല്‍വ് പൂര്‍വസ്ഥിതിയിലാക്കേണ്ടിയിരുന്നു. എന്നാല്‍, ട്രെയിന്‍ പാലത്തിനു മുകളിലായതിനാല്‍ ലോക്കോ പൈലറ്റിനും ഗാര്‍ഡിനും എത്തിപ്പെടാന്‍ കഴിയാതെ വന്നു. ട്രെയിന്‍ ഏറെ നേരം പാലത്തില്‍ തന്നെ നില്‍ക്കുന്നത് അപകടാവസ്ഥയുണ്ടാക്കുമെന്ന ആശങ്കയും പരന്നു.

ഈ സമയത്താണ് വെസ്റ്റിബൂള്‍ വഴി കോച്ചിനടിയില്‍ ഇറങ്ങിയ രമേഷ്, കൈയിലെ മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലും പിന്നീട് ടോര്‍ച്ചിന്റെ സഹായത്തിലും ദൗത്യം ഏറ്റെടുത്തത്. ഗാര്‍ഡിന്റെയും ലോക്കോ പൈലറ്റിന്റെയും നിര്‍ദേശങ്ങള്‍ പ്രകാരം അദ്ദേഹം പ്രഷര്‍ വാല്‍വ് പൂര്‍വസ്ഥിതിയിലാക്കി. വെറും എട്ടു മിനിറ്റിനുള്ളില്‍ ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നു.

ടിടിഇയുടെ ഇടപെടല്‍ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. പാലക്കാട് കല്‍പാത്തി അംബികാപുരം ഉത്തരത്തെ മണിയുടെയും ബേബി സരോജയുടെയും മകനായ രമേഷിനെ ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ഡിവിഷന്‍ ഭാരവാഹികള്‍ അഭിനന്ദിച്ചു. അപായചങ്ങല വലിച്ച യുവാവിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.അതിശക്തമായ കാറ്റും മഴയും ഉള്ള സമയത്താണ് ട്രെയിന്‍ അവിചാരിതമായി പാലത്തില്‍ നിന്നു പോയത്.


Tags:    

Similar News