കേരളത്തില്‍ സെക്രട്ടേറിയറ്റിന് അകത്ത് വരെ പുലി വരുമെന്ന് പരിഹസിക്കുന്ന പി വി അന്‍വര്‍ സഹായത്തിനായി ഓടിയത് ബംഗാളില്‍ മമതയുടെ അടുത്തേക്ക്; കേരളത്തെ അപേക്ഷിച്ച് കാട്ടാന- കടുവയാക്രമണങ്ങളില്‍ കൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ടത് ബംഗാളില്‍; അന്‍വര്‍ ആദ്യം പരിഹാരം കാണേണ്ടത് തൃണമൂലിന്റെ നാട്ടിലെ വന്യജീവി ശല്യത്തിന്

അന്‍വര്‍ ആദ്യം പരിഹാരം കാണേണ്ടത് തൃണമൂലിന്റെ നാട്ടിലെ വന്യജീവി ശല്യത്തിന്

Update: 2025-01-13 16:06 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം തടയുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് പി വി അന്‍വറിന്റെ മുഖ്യ ആരോപണങ്ങളില്‍ ഒന്ന്്. മലയോര മേഖലയിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിന് വേണ്ടിയാണ് എം എല്‍ എ സ്ഥാനം രാജി വെച്ചതെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. വന്യജീവി ശല്യം പരിഹരിക്കാന്‍ അദ്ദേഹം ആശ്രയിക്കുന്നത് ആകട്ടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെയും. സിപിഎമ്മിന്റെ ബദ്ധശത്രുവായ പാര്‍ട്ടി. മലയോര മേഖലയിലെ ജനങ്ങള്‍ക്കായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി നിന്നു പ്രവര്‍ത്തിക്കുമെന്നാണ് അന്‍വറിന്റെ പ്രഖ്യാപനം. കേരളം നേരിടുന്ന പ്രധാന പ്രശ്‌നമാണ് വന്യജീവി ആക്രമണമെന്നും ഇക്കാര്യത്തില്‍ ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കാമെന്നു മമത ബാനര്‍ജി ഉറപ്പുനല്‍കിയെന്നും അന്‍വര്‍ പറഞ്ഞു.

വനനിയമഭാദഗതിയെ എതിര്‍ക്കുന്ന അന്‍വര്‍ സെക്രട്ടറിയേറ്റിന് അകത്തുവരെ പുലി വരുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് പരിഹസിക്കുന്നത്.

ശരിയാണ്, കേരളത്തില്‍ 2023-24 വര്‍ഷം 22 ആളുകള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരാളെ കടുവ വകവരുത്തി. മറ്റു വന്യജീവി ആക്രമണങ്ങളില്‍ നിന്നുണ്ടായ മരണം 71 ആണ്. രാജ്യസഭയില്‍, കേന്ദ്ര പരിസ്ഥിതി-വനം കാലാവസ്ഥാ മാറ്റ കാര്യ മന്ത്രി ഭൂപേന്ദര്‍ യാദവാണ് നേരത്തെ ഇക്കാര്യം അറിയിച്ചത്.

രാജ്യത്തൊട്ടാകെ, 2012-13 നും 2023-24 നും മധ്യേ 12 വര്‍ഷത്തിനുള്ളില്‍ 6,015 മനുഷ്യജീവനുകളാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഓരോ വര്‍ഷവും ശരാശരി 517 പേര്‍ കൊല്ലപ്പെടുന്നു. 2023-24 ലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്: 628. ആനകളുടെ എണ്ണം ഏറിയതിനൊപ്പം മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണം തേടിയോ, കുടിയേറ്റത്തിന്റെ ഭാഗമായോ കൂടുതലായി ഇറങ്ങി വരാനുള്ള പ്രവണതയും ഈ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് കാരണമായി.

കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ കൂടുതലും ഈ സംസ്ഥാനങ്ങളില്‍

ആനകളുടെ സംഖ്യയില്‍ 10 ശതമാനവും കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. ഈ കാലഘട്ടത്തില്‍, കാട്ടാന ആക്രമണം മൂലമുള്ള മരണങ്ങള്‍ കൂടുതല്‍ സംഭവിച്ചത് ഒഡിഷയിലാണ് (1170). രണ്ടാമതായി ബംഗാളാണ്( 977). ജാര്‍ഖണ്ഡ്-939, അസം-881. ഛത്തീസ്ഗഡ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ 500 ലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 394 മരണവും, കേരളത്തില്‍ 397 മരണവും രേഖപ്പെടുത്തി( 2012-13- 2023-24 ). ഏറ്റവും കൂടുതല്‍ ആനകള്‍ കര്‍ണാടകയിലും രണ്ടാമതായി കേരളവും, മൂന്നാമതായി അസമുമാണ്.

ആനകളുടെ മൊത്തം കണക്കെടുപ്പില്‍, കേരളം, കര്‍ണാടക, തമിഴ്‌നാട് ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍, പകുതിയോളം സംഖ്യ വരും. ഈ മേഖലയില്‍ അഞ്ചിലൊന്ന് മരണങ്ങളേ ഉണ്ടാകുന്നുള്ളു. അതേസമയം, കിഴക്കന്‍ സംസ്ഥാനങ്ങളായ ഒഡിഷ, പശ്ചിമ ബംഗാള്‍. ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ആനകളുടെ സംഖ്യയിലെ 10 ശതമാനമാണ് വരിക. എന്നാല്‍, 55 ശതമാനം മരണങ്ങളും ഈ മേഖലയിലാണ് ഉണ്ടാകുന്നത്.

2014 നും 2024 നു മധ്യേ മഹാരാഷ്ട്രയില്‍ കടുവയാക്രമണങ്ങളില്‍ 269 പേര്‍ കൊല്ലപ്പെട്ടു. ആകെ മരണത്തിന്റെ 43 ശതമാനം. യുപിയാണ് രണ്ടാമത്. 111 മരണം. ബംഗാളില്‍ 85 പേര്‍ മരിച്ചു. ഈ മൂന്നു സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കടുവയാക്രമണം മൂലമുള്ള കൊലകളുടെ 75 ശതമാനവും നടക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെയാണ് പി വി അന്‍വര്‍ വന്യജീവി ശല്യം തടയാന്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ സഹായം തേടിയത്.

'കേരളം നേരിടുന്ന പ്രധാന പ്രശ്‌നമായ വന്യജീവി ആക്രമണത്തില്‍ ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കണമെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുമായി സഹകരിച്ചാല്‍ ദേശീയ തലത്തില്‍ പ്രശ്നം ഉന്നയിക്കാമെന്നു മമത ഉറപ്പ് നല്‍കി. ഇന്ത്യയിലെ മലയോര മേഖലയിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് ഇനി പോരാട്ടം. അതിനുവേണ്ടിയാണ് രാജിവച്ചത്.

കേരളത്തിലെ മാത്രമല്ല, ഇന്ത്യയില്‍ പലയിടത്തും ജനങ്ങള്‍ നേരിടുന്ന വന്യമൃഗ ആക്രമണം തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നു മമത അറിയിച്ചു. ഇതേ തുടര്‍ന്നാണ് തൃണമൂലിന്റെ ഭാഗമായത്. വനംനിയമ ഭേദഗതി സംസ്ഥാന സര്‍ക്കാരാണു കൊണ്ടുവന്നത്. ഇതു മലയോര ജനതയുടെ മാത്രം പ്രശ്‌നമല്ല. തിരുവനന്തപുരം നഗരത്തില്‍ കുരങ്ങന്റെ ശല്യം കാരണം ജീവിക്കാനാവുന്നില്ലെന്ന് എംഎല്‍എ ഓഫിസില്‍ വന്ന് ഒരാള്‍ പരാതിപ്പെട്ടിരുന്നു. സെക്രട്ടേറിയറ്റ് വളപ്പില്‍ വരെ പന്നി കയറി. മൂന്നരക്കോടി ജനങ്ങളുടെയും ജീവിതം ദുസ്സഹമാക്കുന്ന സാഹചര്യമാണ്. ജനങ്ങള്‍ നിസ്സഹായരായും പ്രതിസന്ധിയിലായും പശ്ചിമഘട്ടത്തില്‍നിന്ന് ഇറങ്ങണമെന്നാണു വനംവകുപ്പിന്റെ ആവശ്യം. നിയമഭേദഗതിയിലൂടെ വനംവകുപ്പിനു കൂടുതലായി അധികാരം നല്‍കുകയാണ്. വിഷയം പ്രതിപക്ഷം ഏറ്റെടുക്കണം.'- അന്‍വര്‍ ആവശ്യപ്പെട്ടു. എന്തായാലും അന്‍വറും മമതയും ചേര്‍ന്ന് ആദ്യം ബംഗാളിലെ വന്യജീവി ശല്യ പരിഹാരത്തിന് ആദ്യം പരിഹാരം കാണേണ്ടി വരും. അതേ മാതൃക ഈ നേതാക്കള്‍ കേരളത്തിലും തുടരുമായിരിക്കും.

Tags:    

Similar News