തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ഉണ്ടെന്ന വാദം തള്ളി കരാര്‍ കമ്പനി; ഏത് അന്വേഷണം നേരിടാന്‍ തയ്യാറെന്ന് ദിണ്ടിഗലിലെ എആര്‍ ഡയറി; അന്വേഷണത്തിന് സിബിഐ വരുമോ?
വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്
ഹൈദരാബാദ്: തിരുപ്പതിയിലെ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കിവരുന്ന ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തി എന്ന വിവാദം ആളിക്കത്തുകയാണ്. മൃഗക്കൊഴുപ്പ് കണ്ടെത്തിയതിനെ പിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കുന്ന തിരുപ്പതി ലഡുവിലെ മൃഗകൊഴുപ്പ് കണ്ടെത്തിയെന്ന വിവാദത്തില്‍ വിശദികരണവുമായി എത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ ദിണ്ടിഗലിലെ എ.ആര്‍.ഡയറി.
അവര്‍ പറയുന്നത് ഏത് അന്വേഷണം നേരിടാന്‍ തയ്യാറെന്നാണ്. ക്ഷേത്രത്തിനായി നല്‍കിയത് നിലവാരം കുറഞ്ഞ നെയ്യ് എന്ന ആരോപണം തെറ്റാണെന്നാണ് കരാര്‍ കമ്പനി വിശധികരിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ നിന്നും പരിശോധനയ്ക്ക് ശേഷമാണു നെയ്യ് കൈമാറിയതെന്നും. കമ്പനി ഏത് അന്വേഷണവും നേരിടാന്‍ തയാറെന്നും കമ്പനി പറയുന്നു. കഴിഞ്ഞ ജൂണിലും ജൂലൈയിലുമാണ് ടിടിഡി ക്ക് കമ്പനി നെയ്യ് നല്‍കിയിരിക്കുന്നത്. ഇതിനുശേഷം കമ്പനിയെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിരുന്നു
ഇതിനിടെ തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോര്‍ട്ട് വന്നതിനുപിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഗുജറാത്തിലുള്ള നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിലെ സെന്റര്‍ ഓഫ് അനാലിസിസ് ആന്‍ഡ് ലേണിംഗ് ഇന്‍ ലൈവ്സ്റ്റോക്ക് ആന്‍ഡ് ഫുഡ് ബുധനാഴ്ച പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടിലാണ് തിരുപ്പതി ലഡു നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി വെളിപ്പെടുത്തിയത്.
ജഗന്‍ മോഹന്‍ റെഡ്ഢി സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു ഉണ്ടാക്കാനായി മൃഗകൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്രം അന്വേഷണത്തിന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആരോപണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും, കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രള്‍ഹാദ് ജോഷി വ്യക്തമാക്കി. ദേശീയ തലത്തില്‍ തന്നെ സനാതന ധര്‍മ രക്ഷണ ബോര്‍ഡ് രൂപീകരിക്കണമെന്നും, എല്ലാ ക്ഷേത്രങ്ങളിലെയും പ്രശ്ങ്ങള്‍ ബോര്‍ഡ് പരിശോധിക്കണമെന്നും ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടെ ക്ഷേത്രത്തിലേക്കുള്ള നെയ്യിന്റെ ഗുണനിലവാരം അടക്കം പരിശോധിക്കാന്‍ നാലംഗ വിദഗ്ധ സമിതിയെ തിരുപ്പതി ദേവസ്വം നിയോഗിക്കുകയും ചെയ്തു. മൃഗസംരക്ഷണ- ക്ഷീരമേഖലയിലെ വിദഗ്ധര്‍ അടങ്ങുന്നതാണ് സമിതി. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടായിരുന്ന സമയത്തെ ലഡുവാണ് പരിശോധിച്ചത്. പിന്നാലെ നെയ്യില്‍ മത്സ്യ, പന്നി എന്നിവയുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
തിരുപ്പതി ലഡ്ഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ ചേര്‍ത്താണ് ഉണ്ടാക്കിയിരിക്കുന്നത്. അവര്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും കഴിഞ്ഞ ദിവസം അമരാവതിയില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ നിലവില്‍ ക്ഷേത്രത്തിലെ എല്ലാ അന്നദാനങ്ങള്‍ക്കും ഗുണനിലവാരമുള്ള സാധനങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. തിരുപ്പതിയില്‍ പ്രതിദിനം മൂന്ന് ലക്ഷം ലഡു നിര്‍മ്മിക്കുന്നുവെന്നാണ് കണക്കുകള്‍. ലഡു നിര്‍മാണത്തിനായി ക്ഷേത്ര ട്രസ്റ്റ് ആറുമാസം കൂടുമ്പോള്‍ ഇ-ടെന്‍ഡര്‍ വഴി വന്‍തോതില്‍ നെയ്യ് വാങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇതിനിടെ ലഡു വിവാദം സുപ്രീം കോടതിയില്‍ ഹര്‍ജിയായി എത്തുകയും ചെയ്തു. ഇതെല്ലാം ഹിന്ദുമതാചാരങ്ങളുടെ ലംഘനമാന്നെന്ന് കാണിച്ച് ഒരു അഭിഭാഷകനാണ് സുപ്രീംകോടതിയെ സമീപിച്ചത്.