മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ട്രാക്കിലൂടെ വരുന്ന ട്രെയിനുകളെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കും; അലാറം, വൈബ്രേഷന്‍, ഫോണ്‍ ലൈറ്റ് എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കും; വണ്ടി എത്ര അകലെയെന്ന് കണ്ടെത്താന്‍ സാധിക്കും; 'രക്ഷക്കി'നു പകരം 'ദോസ്ത്';ആദ്യ പരീക്ഷണം വിജയം: റെയില്‍വേ ട്രാക്ക് ജീവനക്കാരുടെ രക്ഷയ്ക്ക് പുതിയ ആപ്പ്
തൃശ്ശൂര്‍: റെയില്‍വേ ട്രാക്കില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 'ദോസ്ത്' എന്ന മൊബൈല്‍ ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായി നടപ്പാക്കി. തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ വള്ളത്തോള്‍ നഗര്‍ മുതല്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷന്‍ വരെ നടത്തിയ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി. വളവുകളും തിരിവുകളും ഏറെയുള്ള അപകടമേഖലയാണിവിടം. റെയില്‍വേ കീമാന്‍മാരും നൈറ്റ് പട്രോളിങ് ചെയ്യുന്നവരും അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ സഹായിക്കുന്നതായാണ് ഈ ആപ്പ് വികസിപ്പിച്ചത്.
നേരത്തെ, ജീവന്‍രക്ഷാ ഉപകരണമായ 'രക്ഷക്' വിതരണം കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയതിനാലാണ് 'ദോസ്ത്' ആപ്പ് നടപ്പിലാക്കിയത്. 2023 ജൂണില്‍, തൃശ്ശൂരിലെ അവിണിശ്ശേരിയില്‍ ഒരു കീമാന്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. മുന്നറിയിപ്പ് യന്ത്രം ഇല്ലായിരുന്നതാണ് അപകടകാരണമെന്ന് പിന്നീട് റെയില്‍വേ വിഭാഗം കണ്ടെത്തി. ഈ പശ്ചാത്തലത്തിലാണ് 'ദോസ്ത്' ആപ്പിന്റെ വികസനം.
മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അതുവഴി ആ ട്രാക്കിലൂടെ വരുന്ന ട്രെയിനുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിക്കും. അലാറം, വൈബ്രേഷന്‍, ഫോണ്‍ ലൈറ്റ് എന്നിവ ഒരുമിച്ച് പ്രവര്‍ത്തിക്കും. ട്രെയിന്‍ എത്ര അകലെയാണെന്ന് മനസ്സിലാക്കി ജീവനക്കാര്‍ക്ക് സുരക്ഷിത ദൂരത്തിലേക്ക് മാറാനാകും. നെറ്റ് കണക്ഷന്‍ നഷ്ടമായാലും മുന്നറിയിപ്പ് ലഭിക്കും. 75% ശബ്ദശേഷി കുറഞ്ഞാലും മുന്നറിയിപ്പുശബ്ദം നിലനില്‍ക്കും. ഫോണ്‍ കോളുകള്‍ വന്നാലോ, മറ്റ് ആപ്പുകള്‍ പ്രവര്‍ത്തിക്കുമ്പോഴോ, ശബ്ദസന്ദേശം തുടരുമെന്നതും ആപ്പിന്റെ സവിശേഷതയാണ്. സ്റ്റേഷനുകളിലെ സിഗ്‌നല്‍ കണ്‍ട്രോളിനു കീഴിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ ആപ്പ് രണ്ട് ട്രാക്കുകളിലും ഒരേസമയം ട്രെയിന്‍ വരുന്നത് അറിയിക്കാന്‍ സാധിക്കുന്നില്ല എന്നതും മൊബൈല്‍ ഹാങ്ങാകുകയോ, ചാര്‍ജ് തീരുകയോ ചെയ്താല്‍ പ്രതിസന്ധിയുണ്ടാകും എന്നതും ജീവനക്കാരുടെ പ്രധാന ആശങ്കകളാണ്. അതുകൊണ്ടുതന്നെ ഈ ആപ്പ് റെയില്‍വേയുടെ ഔദ്യോഗിക ഉപകരണമായി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു.
ജീവനക്കാരുടെ ഈ ആവശ്യം ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന്‍ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ക്ക് നിവേദനം നല്‍കി. 'ദോസ്ത്' ആപ്പിന്റെ കാര്യക്ഷമതയും സുരക്ഷാ പ്രശ്നങ്ങളും വിശദമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ അധികൃതരെ സമീപിച്ചു. റെയില്‍വേ ട്രാക്കിലെ സുരക്ഷ ഉറപ്പാക്കാന്‍ 'ദോസ്ത്' ആപ്പ് വലിയൊരു മുന്നേറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് ട്രാക്ക് ജീവനക്കാര്‍.