'ടോക്സിക്' സമ്പ്രദായികമായ കാര്യങ്ങളെ തിരുത്തും; ചര്‍ച്ചകള്‍ക്കിടെ കുറിപ്പുമായി ഗീതുമോഹന്‍ദാസ്; കണ്ണിന്റെ സ്റ്റിക്കര്‍ ചുണ്ടില്‍ വച്ചുകൊണ്ട് വ്യത്യസ്ത പോസ്റ്റുമായി പാര്‍വ്വതി തിരുവോത്തും; സമൂഹ മാധ്യമത്തില്‍ നിന്നും അണ്‍ഫോളോ ചെയ്തെന്നും വ്യഖ്യാനം;'ടോക്സിക്' കൂടുതല്‍ ചര്‍ച്ചകളിലേക്ക്
'ടോകിസ്‌ക്' സമ്പ്രദായികമായ കാര്യങ്ങളെ തിരുത്തും;
തിരുവനന്തപുരം: നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന്റെ ഏറ്റവും പുതിയ ചിത്രം ടോക്സിക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്. കഴിഞ്ഞ ദിവസം ചിത്രത്തിലെ നായകന്‍ യാഷിന്റെ പിറന്നാള്‍ ദിനത്തില്‍ ഗീതുമോഹന്‍ദാസ് പങ്കുവെച്ച ടോക്സിന്റെ ടീസറിനെക്കുറിച്ച് സംവിധായകന്‍ നിതിന്‍ രഞ്ജിപണിക്കര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചതോടെയാണ് ചിത്രം ചര്‍ച്ചയിലേക്ക് എത്തിയത്. നിതിന്റെ പ്രതികരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ചര്‍ച്ചകള്‍ കൊഴുക്കുമ്പോഴാണ് ഗീതുമോഹന്‍ദാസ് പുതിയ കുറിപ്പുമായി എത്തിയിരിക്കുന്നത്.യാഷിനുള്ള പിറന്നാള്‍ ആശംസയ്ക്കൊപ്പമാണ് സംവിധായിക ചിത്രത്തെക്കുറിച്ച് കൂടി പങ്കുവെച്ചിരിക്കുന്നത്.
ടോക്സിക് എന്ന ചിത്രം സമ്പ്രദായികമായ കാര്യങ്ങളെ തിരുത്തുകയും നമ്മുടെ ഉള്ളിലെ സംഘര്‍ഷങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യുമെന്ന് ഗീതു കുറിക്കുന്നു.മുന്നോട്ടുള്ള യാത്രയുടെ ആവേശത്തിനപ്പുറം മറ്റൊന്നും അദ്ദേഹത്തിന് ഉറപ്പുള്ള കാര്യമല്ല.സിനിമയോട് അചഞ്ചലമായ അഭിനിവേശമുള്ള നടനാണ് യഷെന്നും ഗീതു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വിശദമാക്കുന്നു.ടോക്സിക് എന്ന ചിത്രം സമ്പ്രദായികമായ കാര്യങ്ങളെ തിരുത്തുകയും നമ്മുടെ ഉള്ളിലെ സംഘര്‍ഷങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യും. യാഷിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ചിത്രത്തിന്റെ ചെറിയ ഒരു ഭാഗം ഇന്ന് പുറത്തുവിട്ടിരുന്നു.
മറ്റുള്ളവര്‍ സാധാരണമായി കാണുന്ന കാര്യങ്ങളെ അസാധാരണമായി നോക്കിക്കാണുന്ന ഒരാളോടൊപ്പം ഈ സിനിമയുടെ ലോകം എഴുതാന്‍ സാധിച്ചത് സന്തോഷമുള്ള കാര്യമാണ്.രണ്ട് വ്യത്യസ്ത ചിന്താശ്രേണികള്‍ തമ്മിലുള്ള കുട്ടിമുട്ടലില്‍ അതിന്റെ ഫലം വിട്ടുവീഴ്ചയോ സംഘര്‍ഷങ്ങളോ അല്ല. മറിച്ച്, ഭാഷയുടേയും സംസ്‌കാരത്തിന്റേയും അതിര്‍വരമ്പുകള്‍ക്കപ്പുറം കലാപരമായി കൊമേഴ്സ്യല്‍ കഥ പറയുന്നതിലെ കൃത്യതയ്ക്കാവശ്യമായ പരിവര്‍ത്തനമാണ്.വെറും കാഴ്ചയ്ക്കപ്പുറത്തേക്ക് അനുഭവിക്കാനാകുന്ന സിനിമാ അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കാനാകുമെന്ന പ്രതീക്ഷയും ഗീതു തന്റെ കുറിപ്പിലൂടെ പങ്കുവെക്കുന്നു.
ചര്‍ച്ചകള്‍ ആരംഭിച്ചത് തൊട്ട് നടി പാര്‍വ്വതി തിരുവോത്തിന്റെ പേരും സജീവമാകുന്നുണ്ട്.കസബയ്ക്കെതിരെ പാര്‍വ്വതിയെക്കൊണ്ട് സംസാരിപ്പിച്ചതിന് പിന്നില്‍ ഗീതുമോഹന്‍ദാസാണെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍ ആരംഭിച്ചത്.വിഷയത്തില്‍ പ്രതികരണങ്ങള്‍ കൂടിയതോടെ പാര്‍വ്വതി തിരുവോത്ത് വ്യത്യസ്ത പോസ്റ്റുമായി രംഗത്തെത്തി.കണ്ണിന്റെ സ്റ്റിക്കര്‍ ചുണ്ടില്‍ വച്ചുകൊണ്ട് താടിക്ക് കയ്യും കൊടുത്തിരിക്കുന്ന ചിത്രമാണ് പാര്‍വതി തിരുവോത്ത് പങ്കുവച്ചത്. ഇതിനു താഴെ പലതരത്തിലുള്ള വ്യാഖ്യാനങ്ങളുമായി ആരാധകരെത്തി. 'കണ്ടതു പറയും' എന്നാണ് പാര്‍വതി ഉദ്ദേശിച്ചതെന്നും ഗീതു മോഹന്‍ദാസ് വിഷയത്തിലെ നിലപാടാണ് ഇതെന്നും പലരും പ്രതികരിച്ചു.
ഗീതു മോഹന്‍ദാസിനെ സമൂഹമാധ്യമത്തില്‍ പാര്‍വതി തിരുവോത്ത് 'അണ്‍ഫോളോ' ചെയ്തുവെന്ന തരത്തിലും ചര്‍ച്ചകള്‍ സജീവമാകുന്നുണ്ട്.പാര്‍വ്വതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഗീതുമോഹന്‍ദാസിന്റെ പേര് സര്‍ച്ച് ചെയ്യുമ്പോള്‍ വരുന്നില്ലെന്ന സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ പങ്കുവെച്ചാണ് പാര്‍വ്വതി ഗീതുവിനെ അണ്‍ഫോളോ ചെയ്തുവെന്ന് സ്ഥാപിക്കുന്നത്.പാര്‍വ്വതിയുടെ പ്രതികരണം കൂടി വന്നതോടെ ചര്‍ച്ചകള്‍ കൂടുതല്‍ കടുക്കുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടോക്സിക് സിനിമയുടെ പ്രൊമോയില്‍ നായകനായ യഷ് സ്ത്രീകളെ എടുത്ത് ഉയര്‍ത്തുന്നതും, അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ട്.'എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച വ്യക്തി ഒരുക്കിയ സിനിമയില്‍ നായകന്‍ തന്നെ സ്ത്രീവിരുദ്ധതയെ ആഘോഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ കഴിഞ്ഞ പരസ്യമായി രംഗത്തെത്തയത്.ഇതിനെത്തുടര്‍ന്നാണ് ചര്‍ച്ചകള്‍ സജീവമായത്.
'സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന 'ആണ്‍നോട്ട'ങ്ങളിലാത്ത, 'കസബ'യിലെ 'ആണ്‍മുഷ്‌ക്ക്' മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം.; ''സെ ഇറ്റ്.. സെ ഇറ്റ്'' എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോള്‍ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി' എന്നായിരുന്നു നിതിന്റെ പ്രതികരണം. വലിയ ബജറ്റില്‍ വിദേശ താരങ്ങളടക്കം ഉള്‍പ്പെടുന്ന വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് ടോക്‌സിക്. ഈ വര്‍ഷം ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.