'സുരേഷ് ഗോപിക്കല്ല കുഴപ്പം, ജയിപ്പിച്ച തൃശൂരുകാര്‍ക്കാണ്; കട്ട് പറയേണ്ടതും ജനങ്ങള്‍; ഭരത് ചന്ദ്രന്‍ ഇറങ്ങിയ കാലം കാറില്‍ പൊലീസിന്റെ തൊപ്പി വെച്ച് നടന്നയാളാണ്'; വിമര്‍ശിച്ച് ഗണേഷ് കുമാര്‍

'ഭരത് ചന്ദ്രന്‍ ഇറങ്ങിയ കാലം കാറില്‍ പൊലീസിന്റെ തൊപ്പി വെച്ച് നടന്നയാളാണ്'

Update: 2025-04-07 09:50 GMT

പാലക്കാട്: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്ന് കെബി ഗണേഷ് കുമാര്‍ പാലക്കാട് പറഞ്ഞു. സുരേഷ് ഗോപിക്ക് കട്ട് പറയാന്‍ താന്‍ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാല്‍, ജനങ്ങളാണ് കട്ട് പറയേണ്ടത്.

ഏറെക്കാലമായി അടുത്തറിയുന്നയാളാണ് സുരേഷ് ഗോപി. പറയാനുള്ളതെല്ലാം തെരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞു കഴിഞ്ഞു. ഇനി പുതുതായി പറയാനില്ല. എനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന ഒരാളെ കുറിച്ച് പ്രത്യേകിച്ച് ഒന്നും ഇനി പറയാനില്ല. ഇനിയെല്ലാവരും അനുഭവിച്ചോട്ടെ. തെരഞ്ഞെടുപ്പ് വേളയിലെ എന്റെ പ്രസംഗം കേട്ട് അന്ന്, പലരും വിളിച്ചുചോദിച്ചു എന്തിനാണ് ഇങ്ങനെയൊക്കൊ പറഞ്ഞതെന്ന്. ഇപ്പോള്‍ കാര്യം മനസിലായില്ലെയെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. ഇപ്പോള്‍ അദ്ദേഹത്തിനെന്തോ കുഴപ്പം എന്ന് പറയുന്നവരോട് സുരേഷ് ഗോപിക്കല്ല കുഴപ്പം തെരഞ്ഞെടുത്ത തൃശൂര്‍കാര്‍ക്കാണ്.

സുരേഷ് ഗോപിയുമായുള്ള മുന്‍ അനുഭവവും ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗണേഷ് കുമാര്‍ വെളിപ്പെടുത്തി. കമ്മീഷണര്‍ എന്ന സിനിമ റീലിസ് ചെയ്തപ്പോള്‍ കാറിന് പുറകില്‍ എസ്പിയുടെ തൊപ്പി വെച്ചിരുന്നയാളാണ് സുരേഷ് ഗോപിയെന്ന് ഗണേഷ് കുമാര്‍ പരിഹസിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരത് ചന്ദ്രന്‍ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പൊലീസ് തൊപ്പി കാറിന്റെ പിന്നില്‍ സ്ഥിരമായി വെച്ചിരുന്നത്. സാധാരണ ഉന്നത പൊലീസുകാര്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ തൊപ്പി ഊരി സീറ്റിന്റെ പിന്നില്‍ വെക്കാറുണ്ട്.

അത്തരത്തില്‍ സുരേഷ് ഗോപിയുടെ കാറില്‍ കുറെക്കാലം എസ്പിയുടെ ഐപിഎസ് എന്നെഴുതിയ തൊപ്പി കാറിന്റെ പിന്നില്‍ വെച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു വെച്ചിരുന്നത്. അത്രയെ അദ്ദേഹത്തെക്കുറിച്ച് പറയാനുള്ളുവെന്നും ഗണേഷ്‌കുമാര്‍ പരിഹസിച്ചു.

തിരുവനന്തപുരത്തുകാര്‍ക്ക് നന്നായി അറിയാം. തൃശൂരുകാര്‍ക്ക് ദോഷം വരുത്തരുതെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ആക്ഷനും റിയാക്ഷനും അവരവരുടെ ഇഷ്ടമാണ്. ഞാന്‍ സംവിധായകനൊന്നുമല്ലല്ലോ കട്ട് പറയാന്‍. ഇനി ജനം പറഞ്ഞോളുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ മാധ്യമപ്രവര്‍ത്തകരോടുള്ള സമീപനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കെബി ഗണേഷ് കുമാര്‍.

ഇതിനിടെ, പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെബി ഗണേഷ്‌കുമാറിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ബസ് സ്റ്റാന്‍ഡില്‍ വൃത്തിയുള്ള ശൗചാലയം ആണ് ആദ്യം വേണ്ടതെന്ന് പറഞ്ഞാണ് മന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നത്.

Tags:    

Similar News