സിപിഎം കോട്ടയിലേക്ക് കോണ്‍ഗ്രസ് പോരിന് അയയ്ക്കുന്നത് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെ; പാര്‍ട്ടിയുടെ പ്രക്ഷോഭങ്ങളിലെ മുന്നണി പോരാളിയായ കെ എസ് യു ജില്ല വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മാറ്റുരയ്ക്കുന്നത് മുട്ടട വാര്‍ഡില്‍; ആക്കുളത്ത് നിലവിലെ കൗണ്‍സിലറുടെ ഭാര്യയും പാളയത്ത് മുന്‍ എംപി എ. ചാള്‍സിന്റെ മരുമകളും; കോണ്‍ഗ്രസ് ആദ്യ പട്ടികയില്‍ 27 വനിതകള്‍
സിപിഎം കോട്ടയിലേക്ക് കോണ്‍ഗ്രസ് പോരിന് അയയ്ക്കുന്നത് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെ
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ തങ്ങളുടെ അംഗസംഖ്യ 10 ല്‍ നിന്ന് 51 ആക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് കാലേക്കൂട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങുന്നത്. പട്ടികയില്‍, പുതുമുഖങ്ങളെയും യുവനിരയെയും അണിനിര്‍ത്തി സിപിഎമ്മിനെയും ബിജെപിയെയും കൊമ്പുകുത്തിക്കാനാണ് ശ്രമം. 48 പേരടങ്ങുന്ന ആദ്യഘട്ട പട്ടികയില്‍ 27 വനിതകളുണ്ട്.
നാല് നിയമസഭാ മണ്ഡലങ്ങള്‍ കോര്‍പറേഷന്‍ പരിധിയില്‍ വരുന്നത് കെ.എസ്.ശബരിനാഥനെ മത്സരപ്പിക്കുന്നതിന് പിന്നിലെ കാരണമായി കെ.മുരളീധരന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് കോര്‍പ്പറേഷനിലെ വിജയം ആക്കംകൂട്ടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പാര്‍ട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെന്ന വിശേഷണത്തോടെയാണ് കെ.എസ്. ശബരീനാഥന്റെ നേതൃത്വത്തിലുള്ള പട്ടികയില്‍, 24 കാരിയായ കെ എസ് യു ജില്ല വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷിനെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മുട്ടട വാര്‍ഡില്‍ മത്സരിപ്പിക്കുന്നത്.തിരുവനന്തപുരം ഗവ.വനിതാ കോളജിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്ന വൈഷ്ണ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
ടെക്‌നോപാര്‍ക്ക് ജീവനക്കാരിയും നിയമ വിദ്യാര്‍ത്ഥിനിയുമായ വൈഷ്ണ, പേരൂര്‍ക്കട ലോ കോളേജില്‍ പഠനം തുടരുന്നതിനോടൊപ്പം തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടി. വിവിധ ടിവി ചാനലുകളിലും പ്രധാന ഷോകളിലും അവതാരകയായി തിളങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രക്ഷോഭങ്ങളില്‍ സജീവമായ വൈഷ്ണ, കെഎസ്യു വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ബാസ്‌കറ്റ് ബോളില്‍ കഴിവു തെളിയിച്ച വൈഷ്ണ കര്‍ണാടക സംഗീതജ്ഞയുമാണ്.
ഇതുകൂടാതെ, ആക്കുളം വാര്‍ഡില്‍ നിലവിലെ കൗണ്‍സിലര്‍ ആക്കുളം സുരേഷിന്റെ ഭാര്യ സുധാകുമാരി സുരേഷും, പാളയം വാര്‍ഡില്‍ തിരുവനന്തപുരം മുന്‍ എംപി എ. ചാള്‍സിന്റെ മരുമകള്‍ ഷേര്‍ളിയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. മറ്റ് പ്രധാന വാര്‍ഡുകളില്‍ ഉളളൂര്‍ ജോണ്‍സണ്‍ ജോസഫ്, കഴക്കൂട്ടം എം.എസ്. അനില്‍കുമാര്‍, പൗഡിക്കോണം ഗാന്ധി സുരേഷ്, ചേങ്കോട്ടുക്കോണം വി.ഐ. സരിത, ഗൗരീശപട്ടം സുമവര്‍ഗ്ഗീസ്, പേട്ട ഡി.അനില്‍കുമാര്‍, നാലാഞ്ചിറ ത്രേസ്യാമ്മ തോമസ്, മണക്കാട് ലേഖ സുകുമാരന്‍, കുടപ്പനക്കുന്ന് അനിത എസ് എന്നിവരും സ്ഥാനാര്‍ത്ഥികളാകും. കാട്ടായിക്കോണം സുചിത്ര.എ, കാര്യവട്ടം ജയന്തി, പാങ്ങപ്പാറ നീതു രഘുവരന്‍, പാതിരിപ്പള്ളി എസ്.പി. സജികുമാര്‍, അമ്പലമുക്ക് അഖില.എ, നെട്ടയം ആശ മുരളി, കാച്ചാണി രാജി എസ്.ബി, വാഴോട്ടുക്കോണം പി. സദാനന്ദന്‍, കൊടുങ്ങാനൂര്‍ എസ്. രാധാകൃഷ്ണന്‍ നായര്‍, വട്ടിയൂര്‍ക്കാവ് ഉദയ്കുമാര്‍ എസ് എന്നിങ്ങനെ വാര്‍ഡുകളില്‍ മത്സരിക്കുന്ന മറ്റ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയും പുറത്തുവന്നിട്ടുണ്ട്.
