ബ്രിട്ടനില്‍ പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫിന്; ചിലവ് ചുരുക്കണമെന്ന ലേബര്‍ സര്‍ക്കാരിന്റെ ആഹ്വാനത്തിനിടെ പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം വാങ്ങുന്നത് 300 ല്‍ അധികം ഉദ്യോഗസ്ഥര്‍

ബ്രിട്ടനില്‍ പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫിന്

Update: 2024-09-20 03:12 GMT

ലണ്ടന്‍: ചിലവ് ചുരുക്കണമെന്ന് ആഹ്വാനം ചെയ്യുമ്പോഴും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ ചീഫ് ഓഫ് സ്റ്റാഫ്, പ്രധാനമന്ത്രിയേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് ലേബര്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ചീഫ് ഓഫ് സ്റ്റാഫായ സ്യൂ ഗ്രേ പ്രതിവര്‍ഷം 1,70,000 പൗണ്ട് ശമ്പളം വാങ്ങുന്നുവെന്ന വാര്‍ത്ത പുറത്തെത്തിയതാണ് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. രാജ്യത്തെ പൊതുധനക്കമ്മി രൂക്ഷമായ സാഹചര്യത്തില്‍ വിന്റര്‍ ഫ്യുവല്‍ പേയ്മെന്റ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തുന്നതിന് നിര്‍ബന്ധിതമായ പശ്ചാത്തലത്തിലാണ് അവരുടെ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.

എന്നാല്‍ അവര്‍ ഒരാള്‍ മാത്രമല്ല, വെസ്റ്റ്മിനിസ്റ്ററിലും വൈറ്റ്ഹാളിലും ജോലി ചെയ്യുന്നവരില്‍ പ്രധാനമന്ത്രിയേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവരായി ഉള്ളത്. പ്രധാനമന്ത്രിയുടെ വാര്‍ഷിക ശമ്പളം 1,67,000 പൗണ്ട് ആണ്. അതേസമയം, ലഭ്യമായ വിവരമനുസരിച്ച് എട്ട് സിവില്‍ സര്‍വ്വീസ് പെര്‍മനന്റ് സെക്രട്ടറിമാര്‍ക്ക് ഇതിലുമധികം തുക ശമ്പളമായി ലഭിക്കുന്നുണ്ട്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ എന്ന നിലയില്‍ ക്രിസ് വിറ്റി വാങ്ങുന്നത് പ്രതിവര്‍ഷം 2 ലക്ഷം പൗണ്ട് ആണെന്ന് രേഖകള്‍ പറയുന്നു.

എന്നാല്‍, ഇവരുടെ ആരുടെയും ശമ്പളം എച്ച് എസ് 2 ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് മാര്‍ക്ക് തേഴ്സ്റ്റണിന്റെ ശമ്പളവുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല. ലഭ്യമായ ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ശമ്പളം 2022 ല്‍ 6,40,000 പൗണ്ടിനും 6,49,000 പൗണ്ടിനും ഇടയിലായിരുന്നു. 20,000 പൗണ്ടിന്റെ വര്‍ദ്ധനവ് തൊട്ട് മുന്‍പത്തെ വര്‍ഷം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ശമ്പളം ആ നിലയിലെത്തിയത്.

ഏറ്റവുമധികം ശമ്പളം വാങ്ങുന്ന പത്ത് പേരില്‍ നാല് പേര്‍ നെറ്റ്വര്‍ക്ക് റെയില്‍ ജീവനക്കാരാണ്. സി ഇ ഒ ആന്‍ഡ്രൂ ഹെയ്നസ് വാങ്ങുന്നത് പ്രതിവര്‍ഷം 5,90,000 പൗണ്ടാണ്. ഏറ്റവുമധികം ശമ്പളം വാങ്ങുന്ന 664 ഉദ്യോഗസ്ഥരില്‍ 370 ഉദ്യോഗസ്ഥരുടെ പേയ് സ്‌കെയില്‍ പരിധി പ്രധാനമന്ത്രിയുടെ ശമ്പളത്തേക്കാള്‍ കൂടുതലാണെന്ന് 2022 ല്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹോം സെക്രട്ടറി സര്‍ മാത്യു റൈക്രോഫ്റ്റും ഇക്കൂട്ടത്തില്‍ പെടും.

വെയ്ല്‍സിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഫ്രാന്‍സിസ് ആതെര്‍ടണ്‍, ഡെപ്യൂട്ടി സി എം ഒ ക്രിസ് ജോണ്‍സ്, സ്‌കോട്ടിഷ് സര്‍ക്കാരിന്റെ പെര്‍മനന്റ് സെക്രട്ടറി ജെ പി മാര്‍ക്ക്‌സ് എന്നിവരും ബ്രിട്ടീഷ് പ്രധാനമന്ത്രിയേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവരില്‍ ഉള്‍പ്പെടുന്നു. പ്രതിരോധ സേനാ തലവന്‍ അഡ്മിറല്‍ സര്‍ ടോണി റഡാകിന്‍ 2,74,999 പൗണ്ട് പ്രതിവര്‍ഷം ശമ്പളമായി കൈപ്പറ്റുമ്പോള്‍ ക്യൂ, റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ റിച്ചാര്‍ഡ് ഡെവെരെല്‍ കൈപ്പറ്റുന്നത് 1,74,000 പൗണ്ടാണ്.

എന്നാല്‍, ഇപ്പോള്‍ വിവാദമായിരിക്കുന്നത് സ്യൂ ഗ്രെയുടെ നിയമനവും ശമ്പളവുമാണ്. മുന്‍ സീനിയര്‍ സിവില്‍ സര്‍വന്റ് ആയിരുന്ന ഇവരുടെ, കോവിഡ് കാല വിരുന്നിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഒരു പരിധി വരെ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ പതനത്തിന് കാരണമായത്. ഇവര്‍ക്ക് മുന്‍പ് ടോറി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ചീഫ് ഓഫ് സ്റ്റാഫ് ടോറി ലിയം സ്മിത്തിന് നല്‍കിയിരുന്ന ശമ്പളം 1,40,000 പൗണ്ട് മാത്രമായിരുന്നു എന്നതാണ് ഇവരുടെ ശമ്പള തുക വിവാദമാകാന്‍ കാരണം.

Tags:    

Similar News