ബ്രിട്ടനിലെ യൂണിവേഴ്സിറ്റികള്‍ പിടിച്ചു നില്‍ക്കുന്നത് പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിലെ വരുമാനത്തില്‍; നിലവില്‍ 62,000 കോടി രൂപയുടെ വരുമാനം ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിന്റെ മൂന്നിരട്ടി; പുതിയ സ്റ്റുഡന്റ് വിസ നിയമം യൂണിവേഴ്‌സിറ്റികളെ വെട്ടിലാക്കും

ബ്രിട്ടനിലെ യൂണിവേഴ്സിറ്റികള്‍ പിടിച്ചു നില്‍ക്കുന്നത് പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിലെ വരുമാനത്തില്‍

Update: 2024-09-20 05:09 GMT

ലണ്ടന്‍: വിദേശ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളുടെ ഫീസ് കുതിച്ചുയര്‍ന്നത് ബ്രിട്ടനിലെ പല യൂണിവേഴ്സിറ്റികള്‍ക്കും ഏറെ ആശ്വസം പകരുന്ന ഒന്നായിരുന്നു. എന്നാല്‍, പോസ്റ്റ് ഗ്രാജ്വേറ്റ് വിസ നിയമം സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമാക്കിയതോടെ പല യൂണിവേഴ്സിറ്റികളും സാമ്പത്തിക പ്രതിസന്ധിയുടെ വക്കത്തെത്തി നില്‍ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ ഏതാണ്ട് 6.2 ബില്യന്‍ പൗണ്ടാണ് വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് ആയി ബ്രിട്ടനിലെ വിവിധ സര്‍വ്വകലാശാലകളിലേക്ക് എത്തുന്നത്.

എന്നാല്‍, കുടിയേറ്റം കുറയ്ക്കുവാനുള്ള സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങളുടെ ഫലമായി വിദേശ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 16 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20,000 വിദ്യാര്‍ത്ഥികള്‍ കുറവ്. ഇത് ഒരു വര്‍ഷം ഏകദേശം 1 ബില്യന്‍ പൗണ്ട് ഫീസ് ഇനത്തില്‍ നഷ്ടപ്പെടുന്നതിന് കാരണമാകും എന്നാണ് കണക്കാക്കപ്പെടുന്നത്. പി എച്ച് ഡി ഒഴിച്ചുള്ള കോഴ്സുകള്‍ക്ക് വരുന്ന വിദ്യാര്‍ത്ഥികളെ കൂടെ കുടുംബത്തെ കൊണ്ടുവരുന്നതില്‍ നിന്നും വിലക്കിയതാണ് പ്രധാനമായും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയാന്‍ ഇടയാക്കിയിരിക്കുന്നത്.

യു കെയില്‍ യൂണിവേഴ്സിറ്റികളുടെ വരുമാനത്തില്‍ 6 ബില്യന്‍ പൗണ്ട് ലഭിക്കുന്നത് വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസില്‍ നിന്നാണ്. അതായത് യൂണിവേഴ്സിറ്റിയുടെ മൊത്തം ഫംണ്ടിംഗിന്റെ 13.1 ശതമാനം വരും ഇത്. ഏകദേശം ഏഴ് വര്‍ഷം മുന്‍പ് ഇത് 2.2 ബില്യന്‍ പൗണ്ട് ആയിരുന്നു. അതായത്, ഇക്കാലയളവില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് വഴിയുള്ള വരുമാനം മൂന്ന് ഇരട്ടിയായി വര്‍ദ്ധിച്ചു എന്ന് ചുരുക്കം.

ബ്രാഡ്‌ഫോര്‍ഡ്, ഈസ്റ്റ് ലണ്ടന്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, കവന്‍ട്രി എന്നിവ ഉള്‍പ്പടെയുള്ള പതിനഞ്ചോളം യൂണിവേഴ്സിറ്റികല്‍ കൂടുതലായി വിദേശ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. അതോടെ ഈ യൂണിവേഴ്സിറ്റികളുടെ മൊത്തം ഫീസ് വരുമാനത്തിന്റെ 25 മുതല്‍ 55 ശതമാനം വരെ ഇപ്പോള്‍ ലഭിക്കുന്നത് വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നാണ്. അതുകൊണ്ടു തന്നെ ഈ വരുമാനത്തില്‍ കുറവുണ്ടായാല്‍ പല യൂണിവേഴ്സിറ്റികളും തകര്‍ന്ന് പോകും എന്നാണ് മുന്‍ സര്‍ക്കാര്‍ ഉപദേഷ്ടാവും ഹൈയ്യര്‍ എജുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ നിക്ക് ഹില്‍മാന്‍ പറയുന്നത്.

മൊത്തം വരുമാനത്തിന്റെ 27 ശതമാനത്തോളം വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന സുന്ദര്‍ലാന്‍ഡ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ , സര്‍ ഡേവിഡ് ബെല്‍ പറയുന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കുടിയേറ്റ നയങ്ങള്‍ പല യൂണിവേഴ്സിറ്റികളെയും തകര്‍ക്കും എന്നാണ്. മാത്രമല്ല, കഴിഞ്ഞ കാല സര്‍ക്കാരിലെ പല മന്ത്രിമാരുടെയും പ്രസ്താവനകള്‍ നല്‍കിയിരുന്ന വ്യംഗ്യാര്‍ത്ഥം യു കെ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പടിവാതിലുകള്‍ അടച്ചു എന്നതായിരുന്നു എന്നും അദ്ദെഹം പറയുന്നു.

Tags:    

Similar News