നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം; പതിനായിരങ്ങള്‍ കാണികളാകുമെന്ന തിരിച്ചറിവിലെ സുരക്ഷ ഒരുക്കിയില്ല; എയര്‍പോര്‍ട്ടുകളിലും മറ്റും തിരക്കു നിയന്ത്രിക്കാന്‍ കുറ്റികളില്‍ നാട വലിച്ചു കെട്ടുന്ന സംവിധാനം സ്ഥാപിച്ചവര്‍ കുറ്റക്കാര്‍; കലൂര്‍ സ്‌റ്റേഡിയത്തില്‍ ഉമാ തോമസിന് സംഭവിച്ചത്

Update: 2024-12-30 01:32 GMT

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടത്തിന് കാരണവും അനാസ്ഥ തന്നെ. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു കലൂര്‍ സ്‌റ്റേഡിയത്തില്‍ ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെയാണ് അപകടം ഉണ്ടായത്. ഉടന്‍ അവിടെ ഉണ്ടായിരുന്നവര്‍ നടത്തിയ ഇടപെടലാണ് ഉമാ തോമസിന്റെ ആരോഗ്യ നില അതിസങ്കീര്‍ണ്ണമാകാതിരിക്കാന്‍ കാരണം. ആശുപത്രിയിലും അതിവേഗ ചികില്‍സ നല്‍കി. ഇതും രക്തസ്രാവം അടക്കം നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായകമായി. മന്ത്രിയടക്കം പങ്കെടുത്ത പരിപാടിയിലുണ്ടായതു ഗുരുതര സുരക്ഷാവീഴ്ചയാണ് എംഎല്‍എയുടെ വീഴ്ചയ്ക്ക് കാരണമായത്. 12000 പേരുടെ പരിപാടിക്ക് പതിനായിരങ്ങള്‍ കാണികളായി എത്തുമെന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമായി മാറിയതെന്നതാണ് വസ്തുതത.

വിഐപി ഗാലറിയിലെ 13 വരി കസേരകള്‍ക്കു മുകളില്‍ രണ്ടു തട്ടുകളിലായി കെട്ടി ഉയര്‍ത്തിയ താല്‍ക്കാലിക വേദിയിലാണു പരിപാടി നടന്നത്. ഗാലറിയുടെ ഇരുമ്പു കൈവരിക്കും മുകളിലായാണു വേദി നിര്‍മിച്ചിരുന്നത്. വേദിയുടെ മുന്നില്‍ കൈവരിക്കു പകരം 'ക്യൂ മാനേജര്‍' മാത്രമാണുണ്ടായിരുന്നത്. എയര്‍പോര്‍ട്ടുകളിലും മറ്റും തിരക്കു നിയന്ത്രിക്കാന്‍ കുറ്റികളില്‍ നാട വലിച്ചു കെട്ടുന്ന സംവിധാനത്തിലൂടെ ഈ ഭാഗത്തെ തിരിക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചതാണ് അപകടമുണ്ടാക്കിയത്. മന്ത്രിയടക്കമുള്ള വിശിഷ്ടാതിഥികളെ അഭിവാദ്യം ചെയ്തശേഷം ഉമ തോമസ് മുന്നോട്ടു നടക്കുന്നതിനിടെ ക്യൂ മാനേജറിന്റെ കുറ്റിയില്‍ പിടിച്ചു. തീരെ ബലമില്ലാത്ത അത് മറിഞ്ഞു. ഉമാ തോമസ് ഇരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇതു സംഭവിച്ചതെന്നും പറയുന്നു. ഏതായാലും ക്യൂ മാനേജറാണ് അപകടമുണ്ടാക്കിയത് എന്ന് വ്യക്തം.

വേദിയിലെത്തി ഒരു കസേരയിലിരുന്ന ശേഷം പരിചയമുള്ള ഒരാളെ കണ്ട് എഴുന്നേറ്റ് കൈകാട്ടി മുന്നോട്ടു നടക്കുകയായിരുന്നു ഉമാ തോമസ് എന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെയാണ് വേദിയുടെ അരികിലെ താത്കാലിക റെയിലിലെ റിബ്ബണില്‍ പിടിച്ചപ്പോള്‍ നിലതെറ്റി വീണത്. വേദിയുടെ താഴെ നിന്നിരുന്നവരാണ് നിലവിളി കേട്ട് ഓടിയെത്തി എം.എല്‍.എ.യെ ആംബുലന്‍സിലെത്തിച്ചത്. എംഎല്‍എ പിടിച്ചതോടെ ക്യൂ മാനേജര്‍ നിലതെറ്റി മൂന്നു കുറ്റികളും നാടയുമുള്‍പ്പെടെ താഴേക്കു പതിച്ചു. താഴെ ഗ്രൗണ്ടിലേക്കു കടക്കാനുള്ള പ്രവേശനദ്വാരത്തില്‍ പാകിയിരുന്ന കോണ്‍ക്രീറ്റ് സ്ലാബില്‍ തലയടിച്ചാണു വീണത്. അപ്പോള്‍ തന്നെ ബോധം മറഞ്ഞു. എംഎല്‍എയെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റിയതാണ് ചികില്‍സയിലും നിര്‍ണ്ണായകമായത്.

സംഭവത്തില്‍സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തു. മൃദംഗമിഷനും സ്റ്റേജ് നിര്‍മിച്ചവര്‍ക്കുമെതിരേയാണ് കേസ്. പാലാവരിവട്ടം പോലീസാണ് കേസെടുത്തത്. ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ്. പൊതുസുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയതിനും കേസുണ്ട്. പതിനാലടിയോളം ഉയരത്തില്‍ നിന്ന് ഉമാ തോമസ് എം.എല്‍.എ താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റെന്നും സ്റ്റേജിന്റെ നിര്‍മാണത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. താത്കാലിക സ്റ്റേജിന്റെ മുന്‍ വശത്തോടുകൂടി ഒരാള്‍ക്ക് നടന്നുപോകാനുള്ള വഴിയുണ്ടായിരുന്നില്ല, സുരക്ഷാവേലിയില്ല തുടങ്ങിയ കാര്യങ്ങളാണ് അപകടത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്.എന്നാല്‍ റിബണ്‍ കണ്ടപ്പോള്‍ ബലമുള്ളതാണെന്ന് തെറ്റിദ്ധരിച്ച് പിടിച്ചതാകാമെന്നാണ് സംഘാടകര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആരുടെയും പേരുവുവിവരങ്ങള്‍ എഫ്.ഐ.ആര്‍ ല്‍ ഇല്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം കൊച്ചി റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി നിലവില്‍ ആശങ്കാജനകമല്ലെന്നാണ് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് എം.എല്‍.എ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച പുലര്‍ച്ചെ 1. 45 ഓടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. നിലവിലുള്ള ചികിത്സ തൃപ്തികരമെന്നും സംഘം വിലയിരുത്തി. തുടര്‍ ചികിത്സകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഞായറാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മെഗാ ഭരതനാട്യം തുടങ്ങുന്നതിനു മുന്‍പ് വൈകീട്ട് ആറരയോടെയാണ് അപകടം. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് ഉമാ തോമസ് എം.എല്‍.എ വീണത്. ഉടന്‍തന്നെ ആംബുലന്‍സില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മന്ത്രി സജി ചെറിയാന്‍, എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ എന്നിവരുള്‍പ്പെടെയുള്ള അതിഥികള്‍ അപകടം നടക്കുമ്പോള്‍ വേദിയിലുണ്ടായിരുന്നു.

Tags:    

Similar News