ഉമ തോമസ് വെന്റിലേറ്ററില്‍ തുടരും; ശ്വാസകോശത്തിലെ ചതവുകളും രക്തം കെട്ടിക്കിടക്കുന്നതും ആശങ്ക; ആന്തരിക രക്തസ്രാവം കൂടിയിട്ടില്ല; തലയുടെ പരിക്ക് ഗുരുതരമായിട്ടില്ല; അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് മെഡിക്കല്‍ സംഘം; കലൂര്‍ ദുരന്തത്തില്‍ സമഗ്ര അന്വേഷണം വരും

ഉമ തോമസ് വെന്റിലേറ്ററില്‍ തുടരും

Update: 2024-12-30 06:31 GMT

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഗ്യാലറിയില്‍നിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് മെഡിക്കല്‍ സംഘം. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സ തുടരും. ആന്തരിക രക്തസ്രാവം കൂടിയിട്ടില്ല. ആരോഗ്യസ്ഥിതി നേരത്തെയുണ്ടായിരുന്നതില്‍ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. ഇന്ന് രാവിലെ നടത്തിയ സിടി സ്‌കാന്‍ പരിശോധനയില്‍ തലയുടെ പരിക്കിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായിട്ടില്ലെന്ന് റിനെ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

ശ്വാസകോശത്തിലെ ചതവുകള്‍ കൂടിയിട്ടുണ്ട്. തലയിലെ മുറിവില്‍നിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ നടത്തിയ സിടി സ്‌കാനില്‍ തലയുടെ പരുക്ക് കൂടുതല്‍ ഗുരുതരമായിട്ടില്ല എന്നു കണ്ടെത്തി. അതേ സമയം, ശ്വാസകോശത്തിനേറ്റ ചതവും ഇവിടെ രക്തം കെട്ടിക്കിടക്കുന്നതുമാണ് ആശങ്കയുണ്ടാക്കുന്നത്.

ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പ്പം കൂടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിലും കൂടുതല്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. രോഗിയുടെ വൈറ്റല്‍സ് സ്റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിന് ഏറ്റ ഗുരുതരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ട സാഹചര്യമുണ്ട്.

ശ്വാസകോശത്തിന്റെ ചതവിനായി ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. വിശദമായി നടത്തിയ സ്‌കാനില്‍ അണ്‍ഡിസ്‌പ്ലേസ്ഡ് സെര്‍വിക്കല്‍ സ്‌പൈന്‍ ഫ്രാക്ചര്‍ ഉണ്ടെങ്കില്‍ കൂടി അടിയന്തരമായി ഇടപെടലുകള്‍ ആവശ്യമില്ല. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിനുശേഷം ആവശ്യമെങ്കില്‍ ചികിത്സാ നടപടിക്രമങ്ങള്‍ സ്വീകരിക്കാവുന്നതാണെന്നെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിശേഷം മെഡിക്കല്‍ സംഘം മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഹൃദയത്തിന് നേരത്തെ തന്നെ സ്റ്റെന്റ് ഇട്ടിട്ടുണ്ട്. അതിന്റെ മരുന്ന് കഴിക്കുന്നത് കൊണ്ടാണ് കൂടുതല്‍ രക്തസ്രാവം ഇന്നലെ ഉണ്ടായത്. ശ്വാസകോശത്തിന്റെ ആരോഗ്യ അവസ്ഥയാണ് പ്രധാനപ്പെട്ടത്. ആന്റിബയോട്ടിക് ചികിത്സകള്‍ തുടങ്ങിയിട്ടുണ്ട്. മറ്റ് അവയവങ്ങള്‍ക്ക് ഏറ്റ പരിക്ക് ഭേദമാകുന്ന മുറയ്ക്ക് തലചോറിനേറ്റ പരിക്ക് ഭേദമാകുകയുള്ളുവെന്നും മെഡിക്കല്‍ സംഘം പറഞ്ഞു.

ഉമ തോമസിന്റെ ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നായിരുന്നു നേരത്തെ മന്ത്രി പി രാജീവ് പ്രതികരിച്ചത്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘത്തോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

''രാവിലെ സി.ടി സ്‌കാന്‍ ചെയ്യാന്‍ ഉമാ തോമസിനെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. സിടി സ്‌കാന്‍ ചെയ്ത ശേഷമാകും ഇപ്പോഴത്തെ ചികിത്സ തന്നെ തുടരുകയാണോ അതോ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുക. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വന്നിരുന്നു. അവര്‍ ഉമ തോമസിനെ കണ്ടു, ഡോക്ടര്‍മാരുമായി സംസാരിച്ചു. നിലവിലുള്ള ചികിത്സാ രീതി തുടരുക എന്നതു തന്നെയാണ് അവരുടെയും പക്ഷം. ആശുപത്രിയിലേക്ക് കൊണ്ടുവന്നതിനേക്കാളും മെച്ചപ്പെട്ട സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. മറ്റ് കാര്യങ്ങള്‍ സംബന്ധിച്ച് സിടി സ്‌കാന്‍ ചെയ്ത ശേഷം മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി പുറത്തിറക്കും. ഒരു ശസ്ത്രക്രിയ വേണ്ടതില്ല എന്ന നിലപാടു തന്നെയാണ് കോട്ടയത്തെയും ഇവിടത്തെയും ഒപ്പം ബന്ധപ്പെട്ട വിദഗ്ധ ഡോക്ടര്‍മാരുടെയും അഭിപ്രായം. എങ്കിലും കുറച്ചുസമയത്തേക്കുകൂടി വെന്റിലേറ്ററിന്റെ പിന്തുണ വേണ്ടിവരും. അഞ്ചംഗ വിദഗ്ധ സംഘം നിരീക്ഷണം തുടരും. കഴിഞ്ഞ ദിവസം ആശങ്കപ്പെട്ടതുപോലെയുള്ള ഒരു അവസ്ഥ ഇന്നില്ല. തുടക്കത്തില്‍ അതീവ ഗുരുതരാവസ്ഥയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ ആ സാഹചര്യമില്ല.''

അതേസമയം അപകടം നടന്ന ശേഷമാണ് ഇത്തരത്തില്‍ ഒരു പരിപാടി നടക്കുന്ന കാര്യം അറിയുന്നതെന്നും രാജീവ് പറഞ്ഞു. സംഘാടകരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെതിരേ നടപടിയെടുക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഹൈബി ഈഡന്‍ എംപിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അതേസമയം, അപകടത്തെ തുടര്‍ന്ന് ജിസിഡിഎ എന്‍ജിനീയര്‍മാര്‍ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. സ്റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെയാണെന്ന് എന്‍ജിനീയര്‍മാര്‍ പറഞ്ഞു. വിളക്ക് കൊളുത്താന്‍ മാത്രമാണ് സ്റ്റേജെന്നാണ് സംഘാടകര്‍ പറഞ്ഞത്. പരിപാടി നടത്താന്‍ മാത്രമാണ് സ്റ്റേഡിയം തുറന്നു കൊടുത്തതെന്നും എന്‍ജിനീയര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ ജിസിഡിഎ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു. അഞ്ച് മിനുട്ട് ചടങ്ങിന് വേണ്ടിയാണ് ആ പ്ലാറ്റ് ഫോം ഉണ്ടാക്കിയത്. ബാരിക്കേഡ് ഉണ്ടായിരുന്നില്ല. അതാണ് അപകട കാരണം. സ്റ്റേഡിയത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ല. ഉത്തരവാദിത്തം സംഘാടകര്‍ക്കാണ്. എല്ലാ മുന്‍കരുതലും എടുക്കണമെന്ന് രേഖാമൂലം കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതില്‍ ജിസിഡജിഎ സമഗ്രമായ അന്വേഷണം നടത്തുമെന്നും ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള പറഞ്ഞു.

ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു വീണാണ് കഴിഞ്ഞ ദിവസം ഉമാ തോമസിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുന്‍പ് വൈകീട്ട് ആറരയോടെയാണ് അപകടം. വേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്കാലിക റെയിലിലെ റിബ്ബണില്‍ പിടിച്ചപ്പോള്‍ നിലതെറ്റി വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് വീണത്. ഉടന്‍ ആംബുലന്‍സില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News