കെസിബിസിയും സിബിസിഐയും പിന്തുണച്ചതോടെ കേന്ദ്രത്തിന് ആത്മവിശ്വാസം; പരസ്യമായി നിലപാടറിയിക്കാതെ ജെഡിയുവും, ടിഡിപിയും; വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍; കാര്യോപദേശക സമിതി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം; സിപിഎം എംപിമാര്‍ അവധിയില്‍; അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ ഭരണപക്ഷം
വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയില്‍ അവതരിപ്പിക്കുക. എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. എല്ലാ എം.പിമാര്‍ക്കും വിപ്പ് നല്‍കാന്‍ ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. വഖഫ് ബില്‍ ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കില്ല. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള മൂന്ന് എംപിമാര്‍ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ കാരണം പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചു. പ്രതിപക്ഷ നിര്‍ദ്ദേശങ്ങള്‍ പാടെ തള്ളിയാണ് ജെപിസി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന വഖഫ് ഭേദഗതി ബില്ലില്‍ എന്‍ഡിഎയിലെ ഘടകകക്ഷികളുടെ നിലപാടും നിര്‍ണായകമാണ്. കേന്ദ്രത്തെ പിന്തുണയ്ക്കുന്ന ജെഡിയു, ടിഡിപി, എല്‍ജെപി, ആര്‍എല്‍ഡി പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ സമ്മര്‍ദത്തിലാണ്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് ആദ്യത്തെ അഗ്‌നിപരീക്ഷ. ബില്ലിനെ നിതീഷ് കുമാര്‍ പിന്തുണച്ചാല്‍ 17.6 ശതമാനം മുസ്ലിം സാന്നിധ്യമുള്ള ബിഹാറില്‍ ജെഡിയുവിന്റെ മുസ്ലിം വോട്ടുബാങ്കില്‍ വിള്ളല്‍വീഴാനിടയുണ്ട്.
ബില്ലിനെ എതിര്‍ക്കുന്നവര്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് എന്‍ഡിഎ ഘടകകക്ഷികളിലാണ്. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍, ചിരാഗ് പാസ്വാന്‍, ജയന്ത് ചൗധരി എന്നിവര്‍ പറഞ്ഞാല്‍ ബില്‍ കൊണ്ടുവരില്ലെന്നായിരുന്നു കഴിഞ്ഞദിവസം മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് നേതാക്കള്‍ പറഞ്ഞത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് രഞ്ജന്‍ സിങ് ബില്ലിനെ ആദ്യം പിന്തുണച്ചെങ്കിലും പ്രാദേശികരാഷ്ട്രീയം തിരിച്ചറിഞ്ഞ് ജെഡിയു നിലപാട് മാറ്റിയിരുന്നു.
അതേസമയം, ബില്ലിനെ പിന്തുണച്ച് പ്രമുഖ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്നത് കേന്ദ്രസര്‍ക്കാരിന് നേട്ടമായി. നിഷ്പക്ഷമായ സമീപനം സ്വീകരിക്കണമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളോടും പാര്‍ലമെന്റംഗങ്ങളോടും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അഭ്യര്‍ഥിച്ചു. ബില്ലിനെ പിന്തുണച്ച് ഞായറാഴ്ച കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ എഴുതിയ കത്തിനെ സ്വാഗതംചെയ്ത് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനും ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവും രംഗത്തുവന്നു.
ജെപിസിയിലൂടെ കടന്ന് ഭരണപക്ഷ നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ വഖഫ് നിയമഭേദഗതി ബില്ലാണ് പാര്‍ലമെന്റിലേക്ക് എത്തുന്നത്. പുതിയ രൂപത്തില്‍ വരുന്ന ബില്ലില്‍ 8 മണിക്കൂര്‍ ചര്‍ച്ചയുണ്ടാകും, തുടര്‍ന്ന് പാസാക്കും. മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാകും ശ്രമം. ബില്ല് പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയില്ല. ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചാരണം കേന്ദ്രം പാടേ തള്ളുകയാണ്. കെസിബിസിയും സിബിസിഐയുമൊക്കെ പിന്തുണച്ച സാഹചര്യത്തില്‍ സര്‍ക്കാരിന് ആത്മവിശ്വാസം കൂടിയിട്ടുണ്ട്. പിന്നാലെ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
എന്‍ഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും, ടിഡിപിയും ഇനിയും പരസ്യമായി നിലപാടറിയിച്ചിട്ടില്ല. ബില്ല് പാര്‍ലമെന്റിലെത്തുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്. വഖഫ് ബില്ലിനെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നാണ് അര്‍ത്ഥശങ്കയിടയില്ലാത്ത വിധം കോണ്‍ഗ്രസിന്റെ വടക്കേ ഇന്ത്യയിലെ എംപിമാര്‍ വ്യക്തമാക്കുന്നത്. ബില്ലിനനകൂലമായി വോട്ട് ചെയ്യണമെന്ന കെസിബിസി ആവശ്യത്തോടെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രം ഇനി പ്രതികരണമെന്നാണ് ലീഗ് എംപിമാരുടെയും നിലപാട്.
സിപിഎം എംപിമാര്‍ അവധിയില്‍
കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച അവതരിപ്പിക്കാനിരിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കാന്‍ സിപിഎം എംപിമാര്‍ ലോക്സഭയില്‍ ഉണ്ടാകില്ലെന്ന് സൂചന. മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടതിനാല്‍ അടുത്ത നാല് ദിവസം സിപിഎം എംപിമാര്‍ ലോക്സഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം അറിയിച്ച് ആലത്തൂര്‍ എംപി കെ.രാധാകൃഷ്ണന്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തുനല്‍കിയിട്ടുണ്ട്.
കെ.രാധാകൃഷ്ണന്‍, അമ്ര റാം, എസ്.വെങ്കിടേശന്‍, ആര്‍.സച്ചിതാനന്ദം എന്നീ എംപിമാരാണ് ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ നാലാം തീയതി വരെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് കത്തിലൂടെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ ഞങ്ങള്‍ എതിര്‍ക്കുകയാണെന്നും ഈ എതിര്‍പ്പ് സഭയില്‍ അവതരിപ്പിക്കേണ്ടതാണെന്നും സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ കെ.രാധാകൃഷ്ണന്‍ അറിയിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്ന് മാറി നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തില്‍ നിര്‍ണായകമായ വഖഫ് ഭേദഗതി ബില്ലില്‍ സിപിഎമ്മിന്റെ നാല് എംപിമാരും എതിര്‍ക്കുകയില്ലെന്നും ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നുമാണ് വിലയിരുത്തലുകള്‍. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്, സിപിഎം എംപിമാര്‍ വഖഫ് ബില്ലിനെ അനുകൂലിക്കണമെന്നാണ് കെസിബിസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.