മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും; ആംബുലന്‍സ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ഓഗസ്റ്റ് 20ന് ചിത്രീകരിച്ച വീഡിയോയില്‍ മുഖ്യമന്ത്രി പോറ്റിയോട് സംസാരിച്ചിട്ടില്ല; ഭീമാ ഗ്രൂപ്പ് സ്‌പോണ്‍സര്‍മാരായ അന്നത്തെ പരിപാടിയുടെ നോട്ടീസിലും പോറ്റിയുടെ പേരില്ല
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്ത്. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങളുടെ ഭാഗമായുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആംബുലന്‍സ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സെക്രട്ടറിയേറ്റിലായിരുന്നു ആഗസ്റ്റ് 20ലെ പരിപാടി.
ഈ പരിപാടിയുടെ ഫോട്ടോ വക്രീകരിച്ചതെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. ഫോട്ടോ വിവാദത്തിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. പുറത്തുവന്ന വീഡിയോയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുഖ്യമന്ത്രി സംസാരിച്ചിട്ടില്ല. പോറ്റിയുമായി സംസാരിക്കുന്നതെന്ന പേരില്‍ പ്രചരിച്ചത്, മുഖ്യമന്ത്രി കടന്ന് പോകുമ്പോള്‍ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ശബരിമലയിലേക്ക് ഭീമാ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത ആംബുലന്‍സ് ഉദ്ഘാടന പരിപാടിയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പങ്കെടുത്തത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ എന്നിവരുണ്ടെങ്കിലും, പരിപാടിയുടെ പോസ്റ്ററില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരില്ല. സ്‌പോണ്‍സര്‍മാരുടെ ക്ഷണപ്രകാരമായിരുന്നു പോറ്റി എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പോറ്റിയോട് അടക്കം പറഞ്ഞു സംസാരിച്ചു എന്നടക്കമുള്ള വാദങ്ങളായിരുന്നു പ്രചരിച്ചത്. എന്നാല്‍ പോറ്റിയെ തൊഴുത് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നേരത്തെ പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രം പങ്കുവെച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രമണ്യനെതിരെയാണ് ചേവായൂര്‍ പൊലീസ് സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തി കേസെടുത്തത്. മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ചേര്‍ന്നുള്ള ചിത്രം എഐ നിര്‍മ്മിതമാണെന്നും ഇക്കാര്യത്തില്‍ വസ്തുതകള്‍ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍ സുബ്രമണ്യന്‍ ഇന്നലെ ഫേസ്ബുക്കില്‍ ഫോട്ടോകള്‍ പങ്കുവെച്ചത്.
പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ പിന്നീട് ഇതില്‍ ഒരു ഫോട്ടോ പിന്‍വലിച്ചു. ഫോട്ടോ പങ്കുവെച്ചതിന് കലാപാഹ്വാനത്തിനാണ് ചേവായൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തത്.
സമൂഹത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ഫോട്ടോ പങ്കുവെച്ചെന്നാണ് എഫ്‌ഐആര്‍. ആധികാരികത ഉറപ്പിച്ച ശേഷമാണ് പോസ്റ്റിട്ടതെന്നും എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് കേസെന്നും സുബ്രമണ്യന്‍ പ്രതികരിച്ചു. ഒരു ഫോട്ടോ പിന്‍വലിച്ചത് കൂടുതല്‍ വ്യക്തതയുള്ള ഫോട്ടോ ഇടാനാണെന്നും സുബ്രമണ്യന്‍ വിശദീകരിച്ചു.
