ചൈനയുടെ വ്യോമ പ്രതിരോധ സംവിധാനത്തില്‍ ബ്രഹ്‌മോസ് മിസൈല്‍ തുളച്ചുകയറി; പാക്കിസ്ഥാന്‍ തൊടുത്തുവിട്ട ഡ്രോണുകളും അതിവേഗ മിസൈലുകളും ഇന്ത്യക്ക് മുന്നില്‍ നിഷ്പ്രഭമായി; ഇന്ത്യയുടെ ബ്രഹ്‌മോസിന്റെ വാലില്‍ കെട്ടാന്‍ കൊള്ളില്ല ചൈനീസ്-പാക് വ്യോമ പ്രതിരോധ സംവിധാനം; പ്രശംസയുമായി അമേരിക്കന്‍ യുദ്ധ വിദഗ്ധന്‍ ജോണ്‍ സ്‌പെന്‍സര്‍
പ്രശംസയുമായി അമേരിക്കന്‍ യുദ്ധ വിദഗ്ധന്‍ ജോണ്‍ സ്‌പെന്‍സര്‍
ന്യൂഡല്‍ഹി: പാക്കിസ്ഥാന് നേരേ ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ പ്രയോഗിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സ്ഥിരീകരിച്ചിരിക്കുകയാണ്.ഓപ്പറേഷന്‍ സിന്ദൂറിനെ വാഴ്ത്തിയും, ബ്രഹ്‌മോസിന്റെ പ്രഹരശേഷിയെ പ്രശംസിച്ചും അമേരിക്കന്‍ യുദ്ധ വിദഗ്ധന്‍ ജോണ്‍ സ്‌പെന്‍സര്‍ രംഗത്തെത്തി. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യോമ പ്രതിരോധ സംവിധാനത്തില്‍ ഇന്ത്യയുടെ മേധാവിത്വം എടുത്തുപറഞ്ഞത്.
ആക്രമണത്തിലും പ്രതിരോധത്തിലും ഇന്ത്യ മേല്‍ക്കൈ പ്രകടിപ്പിച്ചതോടെ, പാക്കിസ്ഥാനില്‍ എവിടെ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാന്‍ കഴിയുമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് ജോണ്‍ സ്‌പെന്‍സര്‍ പറഞ്ഞു. ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലുകള്‍ക്ക് പോന്ന എതിരാളിയല്ല പാക്കിസ്ഥാന്‍ ഉപയോഗിച്ച ചൈനീസ് നിര്‍മ്മിത വ്യോമ പ്രതിരോധ സംവിധാനമെന്ന് തെളിഞ്ഞു.
പാക്കിസ്ഥാനില്‍ ഉടനീളം ലക്ഷ്യങ്ങളെ ഭേദിക്കാനും പ്രത്യാക്രമണങ്ങളെ ചെറുക്കാനും ഇന്ത്യക്ക് കഴിഞ്ഞു. വിശേഷിച്ചും പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണവും അതിവേഗ മിസൈലുകളുടെ വരവും എല്ലാം പ്രതിരോധിക്കാന്‍ സാധിച്ചു. ചൈനയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ തുളച്ചുകയറാന്‍ ശേഷിയുള്ളതാണ് ബ്രഹ്‌മോസ് മിസൈലെന്ന് വ്യക്തമായതോടെ ഇന്ത്യയുടെ അത്യാധുനിക സൈനിക ശേഷിയാണ് വെളിപ്പെടുന്നതെന്ന് മോഡേണ്‍ വാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അര്‍ബന്‍ വാര്‍ സ്റ്റഡീസ് അദ്ധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന സ്‌പെന്‍സര്‍ പറഞ്ഞു.
' ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും മിസൈലുകളെയും താരമത്യം ചെയ്യുമ്പോള്‍, ചൈനയുടെ വ്യോമ പ്രതിരോധ സംവിധാനവും, മിസൈലുകളും നിലവാരം കുറഞ്ഞതാണ്'- ജോണ്‍ സ്‌പെന്‍സര്‍ അഭിപ്രായപ്പെട്ടു. മെയ് 10 ന് പാക് ആക്രമണത്തിന് പ്രത്യാക്രമണമായി പാക്കിസ്ഥാനിലെ 11 വ്യോമ താവളങ്ങളിലാണ് ഇന്ത്യ ആഞ്ഞടിച്ചത്. പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ തകര്‍ക്കാനായി ചൈനീസ് നിര്‍മ്മിത വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കുകയോ, ജാം ചെയ്യുകയോ ചെയ്തു.
ഓപ്പറേഷന്‍ സിന്ദൂര്‍ പാക്കിസ്ഥാന്‍ സേനയ്ക്ക് നഷ്ടക്കളി
ഇന്ത്യയുടെ രാഷ്ട്രീയ -സൈനിക സന്ദേശം വ്യക്തമായിരുന്നു. ഞങ്ങള്‍ക്ക് യുദ്ധം വേണ്ട, പക്ഷേ യുദ്ധത്തിലേക്ക് വഴുതി വീഴാതെ ഞങ്ങള്‍ ഭീകരതയെ ശിക്ഷിക്കും, ജോണ്‍ സ്‌പെന്‍സര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ പാക് സേനയ്ക്ക് വലിയ നഷ്ടവും ഉണ്ടാക്കി. സംഘര്‍ഷ സമയത്ത് ഇന്ത്യയുടെ വിവര വിനിമയ തന്ത്രത്തെയും അദ്ദേഹം പ്രശംസിച്ചു. ഈ ഓപ്പറേഷന്‍ വരും കാലത്ത് സൈനിക തന്ത്രജ്ഞരും വിദ്യാര്‍ഥികളും പഠിക്കും.
സിന്ധു നദീ ജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനം ഉഗ്രന്‍ സമീപനമാണെന്നും ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നത് പാക്കിസ്ഥാന്‍ പുന: പരിശോധിക്കണമെന്നും ജോണ്‍ സ്‌പെന്‍സര്‍ പറഞ്ഞു.