ഡിസിസി ട്രഷററുടെ മരണം തീര്‍ത്ത ആഘാതത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്; എംഎല്‍എ ഒളിവില്‍ പോകേണ്ട ഘട്ടത്തില്‍ എത്തിയപ്പോള്‍ സതീശന്‍ ഉണര്‍ന്നു; പ്രതിപക്ഷ നേതാവ് നാളെ എന്‍ എം വിജയന്റെ വീട്ടിലേക്ക്; കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും; ഐ.സി ബാലകൃഷ്ണനെതിരെ കോണ്‍ഗ്രസ് നേതാവ്

ഡിസിസി ട്രഷററുടെ മരണം തീര്‍ത്ത ആഘാതത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്

Update: 2025-01-12 14:49 GMT

സുല്‍ത്താന്‍ ബത്തേരി: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണം തീര്‍ത്ത ആഘാതത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. സംസ്ഥാനത്തെ കോണ്‍ഗ്രസിനെ പിടിച്ചുലക്കുന്ന വിഷയമായി ഇത് മാറിയിട്ടുണ്ട്. സ്ഥലം എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ഒളിവില്‍ പോകേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടല്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതിനിടെ എന്‍ എം വിജയന്റെ വീട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സന്ദര്‍ശിക്കും.

ഇതാദ്യമായാണ് വി ഡി സതീശന്‍ എന്‍ എം വിജയന്റെ വീട്ടിലെത്തുന്നത്. വിജയന്‍ എഴുതിയ കത്ത് കുടുംബം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ കത്തില്‍ വ്യക്തതയില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞത് വിവാദമായിരുന്നു. നാളെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. അതേസമയം കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്. ആത്മഹത്യ കുറിപ്പിലും ഒപ്പം പുറത്ത് വന്ന കത്തിലും പ്രതികളെ കുറിച്ചുള്ള പരാമര്‍ശം സാമ്പത്തിക ഇടപാടുകള്‍ക്ക് തെളിവാണെന്നതാണ് പൊലീസ് നിഗമനം.

ഇത് വരെ 30 പേരുടെ മൊഴിയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തത്. വിജിലസിന്റെ അന്വേഷണവും കേസുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. സംഭവത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഐസി ബാലകൃഷ്ണനെയും എന്‍ ഡി അപ്പച്ചനെയും പതിനഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി കഴിഞ്ഞ ദിവസം വാക്കാല്‍ നിര്‍ദേശം നല്‍കിയത്.

അതിനിടെ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണനെതിരെ വീണ്ടും ആരോപണങ്ങള്‍ ഉയരുകയാണ്. കോണ്‍ഗ്രസ് നേതാവും അര്‍ബന്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ പ്രൊഫസര്‍ കെ.പി. തോമസ് എഴുതിയ പുസ്തകമാണ് ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടു ചര്‍ച്ചയാകുന്നത്. ബാങ്ക് ചെയര്‍മാനായിരുന്ന തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിന് പിന്നില്‍ ഐ.സി. ബാലകൃഷ്ണനാണെന്ന് വെളിപ്പെടുത്തുന്ന തോമസ്, ബാങ്കിലെ 50ലേറെ നിയമനങ്ങളില്‍ കണ്ണുവച്ചായിരുന്നു ഈ നീക്കമെന്നും ആരോപിക്കുന്നു.

വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡണ്ടും ബത്തേരി അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമായിരുന്നു കെപി തോമസ്. ബത്തേരി സെന്റ് മേരീസ് കോളജ് അധ്യാപകന്‍ കൂടിയായിരുന്ന പ്രൊഫസര്‍ തോമസായിരുന്നു സഹകരണ രംഗത്ത് കോണ്‍ഗ്രസിന്റെ പ്രധാന മുഖങ്ങളിലൊന്ന്. ഐസി ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റായതിന് പിന്നാലെ അവിശ്വാസ പ്രമേയത്തിലൂടെ തോമസിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കി. ഇതിലേക്ക് നയിച്ച സാഹചര്യങ്ങളും തനിക്കെതിരെ നടന്ന രാഷ്ട്രീയ കരുനീക്കങ്ങളുമാണ് 48 പേജ് വരുന്ന പുസ്തകത്തിലൂടെ പ്രൊഫസര്‍ തോമസ് വിവരിക്കുന്നത്. പ

ുസ്തകം പുറത്തിറക്കിയതിന് പിന്നാലെ രാഷ്ട്രീയ ജീവിതം മതിയാക്കി തോമസ് ജന്മദേശമായ അങ്കമാലിയിലേക്ക് മടങ്ങി. 2020 മെയില്‍ പുറത്തിറക്കിയ പുസ്തകത്തില്‍ ഇപ്പോള്‍ വിവാദ കേന്ദ്രമായി നില്‍ക്കുന്ന ബത്തേരി അര്‍ബന്‍ ബാങ്കിനെക്കുറിച്ച് പ്രവചന സ്വഭാവത്തോടെയായിരുന്നു തോമസ് പല കാര്യങ്ങളും പറഞ്ഞത്. ചുമതലയിലെത്തുമ്പോള്‍ ബാങ്കിന്റെ സ്ഥിതി എന്തെന്ന് വിവരിച്ചാണ് ബത്തേരി അര്‍ബന്‍ ബാങ്കിനെക്കുറിച്ചുളള വിവരണം തോമസ് തുടങ്ങുന്നത്.

ലിക്വിഡേഷന്റെ വക്കോളം എത്തിയ ബാങ്ക്, കിട്ടാക്കടം 60 ശതമാനത്തിലധികം, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുളള റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. എന്നാല്‍ ഭരണസമിതി ഏക മനസോടെ നിന്നും കിട്ടാക്കടം പിരിച്ചെടുത്തും നില മെച്ചപ്പെടുത്തിയപ്പോഴാകട്ടെ മത്സരത്തിനിറങ്ങാന്‍ പാര്‍ട്ടിയില്‍ വടം വലി. രണ്ട് പ്രാവശ്യം കോണ്‍ഗ്രസ് പാനല്‍ പൂര്‍ണമായി ജയിച്ചു, ബാങ്ക് കോണ്‍ഗ്രസിന്റേതെന്ന് ഉറപ്പാക്കപ്പെട്ടു. പുതിയ ബ്രാഞ്ചുകളും ഒട്ടേറെ ജോലി സാധ്യതയും രൂപപ്പെട്ടതോടെയാണ് ബാങ്കില്‍ പിടിമുറുക്കാന്‍ ഡിസിസി നേതൃത്വം ശ്രമം തുടങ്ങിയത്.

2017ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ രണ്ടു പ്രാവശ്യം മല്‍സരിച്ചവര്‍ വീണ്ടും മല്‍സരിക്കേണ്ടെന്ന നിര്‍ദ്ദേശവുമായി ഡിസിസി നേതൃത്വമെത്തി. എന്നാല്‍ രണ്ടിലേറെ വട്ടം മല്‍സരിച്ച ഡോ സണ്ണി ജോര്‍ജിനോട് മല്‍സരിക്കാന്‍ പരോക്ഷമായി നിര്‍ദ്ദേശം നല്‍കുന്ന രീതിയിലായിരുന്നു ഡിസിസി പ്രസിഡണ്ടായിരുന്ന ഐസി ബാലകൃഷ്ണന്റെ പ്രതികരണം. തുടര്‍ന്ന് താന്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തപ്പോള്‍ ആറ് മാസം കഴിയുമ്പോള്‍ രാജി വയ്ക്കണമെന്ന് ഐസി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഈ നീക്കവും അംഗീകരിക്കാതെ വന്നതോടയാണ് തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് തോമസ് പറയുന്നു.

ഈ നീക്കത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് പറയുന്നതാണ് ഏറെ ഗൗരവതരം. വിവിധ തസ്തികകളിലുളള 50 ഓളം നിയമനങ്ങള്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് തോമസ് സൂചിപ്പിക്കുന്നു. ഇന്റര്‍വ്യൂ ഘട്ടത്തിലിരിക്കുന്ന 12 ജൂനിയര്‍ ക്‌ളാര്‍ക്കുമാരുടെ നിയമനം, ബാങ്കില്‍ ഉണ്ടാകാനിരിക്കുന്ന അര ഡസനോളം റിട്ടയര്‍മെന്റ് വേക്കന്‍സിയിലേക്കുളള നിയമന സാധ്യത, കല്‍പ്പറ്റ മേപ്പാടി, മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളില്‍ തുടങ്ങുന്ന പുതിയ ബ്രാഞ്ചുകളുടെ പേരില്‍ അനുവദിച്ച് കിട്ടുന്ന നിയമനങ്ങള്‍. ഇതെല്ലാമാകാം തന്നെ പുറത്താക്കാനുളള നീക്കത്തിന് പിന്നിലെന്ന് പ്രൊഫസര്‍ തോമസ് ആരോപിക്കുന്നു.

Tags:    

Similar News