മധ്യകേരളത്തിലെ ലീഗ് കരുത്തന്‍; നാലുവട്ടം എംഎല്‍എ; ഭരണമികവിന് അംഗീകാരങ്ങള്‍ തേടിയെത്തിയ മന്ത്രിപദവി; ഒടുവില്‍ പാലാരിവട്ടം കേസില്‍ വിവാദച്ചുഴിയില്‍; 'ഉദ്യോഗസ്ഥരുടെ പിഴവിന് മന്ത്രിയെ എന്തിന് പഴിചാരുന്നു' എന്ന് വാക്കുകള്‍ കൊണ്ട് എതിരാളികളെ നേരിട്ട പോരാളി; വി.കെ. ഇബ്രാഹിംകുഞ്ഞ് വിടവാങ്ങുമ്പോള്‍

വി.കെ. ഇബ്രാഹിംകുഞ്ഞ് വിടവാങ്ങുമ്പോള്‍

Update: 2026-01-06 10:55 GMT

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിലെയും മുസ്ലിം ലീഗിലെയും പ്രബല സാന്നിധ്യമായിരുന്ന നേതാവായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ് (73) നാലുതവണ എംഎല്‍എയായും രണ്ടുതവണ മന്ത്രിയായും തിളങ്ങിയ ഇബ്രാഹിംകുഞ്ഞ്, മധ്യകേരളത്തില്‍ മുസ്ലിം ലീഗിനെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവാണ്.

എംഎസ്എഫില്‍ നിന്ന് മന്ത്രിപദത്തിലേക്ക്

ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിലൂടെയാണ് ഇബ്രാഹിംകുഞ്ഞ് പൊതുരംഗത്ത് എത്തിയത്. യൂത്ത് ലീഗിലും ജില്ലാ മുസ്ലിം ലീഗിലും കരുത്തുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച അദ്ദേഹം പടിപടിയായാണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ന്നത്. 2001-ല്‍ മട്ടാഞ്ചേരിയില്‍ നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തിയത്. പിന്നീട് 2006-ല്‍ മട്ടാഞ്ചേരിയില്‍ നിന്നും, 2011 ലും 2016 ലും കളമശ്ശേരിയില്‍ നിന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ വ്യവസായം, പൊതുമരാമത്ത് തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തു.

അംഗീകാരങ്ങളുടെ തിളക്കം

മികച്ച മന്ത്രിയെന്ന നിലയില്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഡെക്കാന്‍ ക്രോണിക്കിളിന്റെ 2012-ലെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. സര്‍വ്വേ അടിസ്ഥാനമാക്കിയാണ് പത്രം മികച്ച മന്ത്രിയെ തിരഞ്ഞെടുക്കുന്നത്. യുഎസ്എ ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ അവാര്‍ഡ്, ബെസ്റ്റ് മിനിസ്റ്റര്‍ ഓഫ് 2013, കേളീ കേരള രത്ന പുരസ്‌കാരം എന്നിവ അദ്ദേഹത്തിന്റെ ഭരണമികവിനുള്ള സാക്ഷ്യപത്രങ്ങളായിരുന്നു. സിയാല്‍ ഡയറക്ടര്‍, കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഗോശ്രീ ഐലന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൗദ്യോഗിക അംഗം, ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ തുടങ്ങിയ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു.

കേരള നിയമസഭയുടെ അഷൂറന്‍സ് കമ്മറ്റിചെയര്‍മാന്‍, ചന്ദ്രിക പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, കൊച്ചി എഡിഷന്‍ ഗവേണിംഗ് ബോഡി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്നു.

വിവാദച്ചുഴിയിലാക്കിയ പാലാരിവട്ടം കേസ്

ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസായിരുന്നു. തന്റെ കാലത്ത് നിര്‍മ്മിച്ച പാലത്തില്‍ അഴിമതി നടന്നെന്നാരോപിച്ച് വിജിലന്‍സ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. എന്നാല്‍, താന്‍ ഭരണാനുമതി നല്‍കുക മാത്രമാണ് ചെയ്തതെന്നും സിമന്റും കമ്പിയും അളക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നുമുള്ള നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു.

'മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭരണാനുമതി മാത്രമാണ് മന്ത്രിയെന്ന നിലയില്‍ നല്‍കാനാകൂ. സിമന്റിന്റെയും കമ്പിയുടെയും അളവ് പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. റോഡുപണി നടക്കുമ്പോഴും പാലം പണി നടക്കുമ്പോഴും സിമന്റ് എത്രയിട്ടു, കമ്പി എത്രയിട്ടു എന്നൊക്കെ മന്ത്രിക്ക് നോക്കാനാകുമോ. അതൊക്കെ ഉദ്യോഗസ്ഥരല്ലേ ചെയ്യേണ്ടത്. അതിന് ചുമതലപ്പെടുത്തിയ ആളുകളുണ്ട്. അവര് നോക്കിയില്ലെങ്കില്‍ അവര്‍ കുറ്റക്കാരാണ്. ഇത് മന്ത്രിയുടെ പണിയല്ലെന്ന് കോമണ്‍സെന്‍സ് ഉപയോഗിച്ച് ചിന്തിച്ചാല്‍ മനസ്സിലാകുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു.

പാലാരിവട്ടം പാലം അഴിമതിയിലൂടെ നേടിയ പത്ത് കോടി രൂപയുടെ കളളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നായിരുന്നു ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം.

ഇ ശ്രീധരനുമായുള്ള വാക്‌പോര്

പാലാരിവട്ടം പാലം പൊളിച്ചുപണിയണമെന്ന 'മെട്രോ മാന്‍' ഇ ശ്രീധരന്റെ നിര്‍ദ്ദേശത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. ഇ ശ്രീധരന്‍ പറയുന്നത് പലതും നടക്കില്ലെന്നും, അദ്ദേഹത്തെ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുനടന്നതാണെന്നും അദ്ദേഹം തുറന്നടിച്ചു. പാലാരിവട്ടം കേസില്‍ തന്നെ വേട്ടയാടാന്‍ നോക്കിയ സിപിഎമ്മിനും അദ്ദേഹം കൃത്യമായ മറുപടി നല്‍കിയിരുന്നു. മേല്‍പ്പാലം അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് കണ്ടുകെട്ടണമെന്ന സിപിഎമ്മിന്റെ ആവശ്യത്തോടും രൂക്ഷമായാണ് മുന്‍മന്ത്രി പ്രതികരിച്ചത്. ബംഗാളില്‍ ഇമ്മാതിരി പണി നടത്തിയിട്ടാണ് സിപിഎം ഇപ്പോള്‍ ഉപ്പുവെച്ച കലം പോലെയായത്. സിപിഎമ്മിന് അധികാരമുണ്ടെങ്കില്‍ അവരത് നടത്തിക്കോട്ടെയെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞിരുന്നു.

ലീഗിന് നികത്താനാവാത്ത നഷ്ടം

വിവാദങ്ങള്‍ ഒരുവശത്ത് നില്‍ക്കുമ്പോഴും പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും വലിയ സ്വാധീനമുള്ള നേതാവായിരുന്നു അദ്ദേഹം. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും ഐയുഎംഎല്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. മധ്യകേരളത്തില്‍ ലീഗിന്റെ ജനകീയ മുഖമായിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പാര്‍ട്ടിക്കും യുഡിഎഫിനും വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്.

Tags:    

Similar News