സച്ചിനെയും യുവിയെയും പിന്നിലാക്കി 12ാം വയസ്സില്‍ രഞ്ജി അരങ്ങേറ്റം; ഓസ്ട്രേലിയക്കെതിരെ 64 പന്തില്‍ സെഞ്ച്വറി നേടി വരവറിയിച്ചു; ഐപിഎല്‍ ലേലത്തില്‍ 30 ലക്ഷത്തില്‍ നിന്ന് ഒരു കോടി പിന്നിട്ട് വീണ്ടും ശ്രദ്ധനേടി; രാജസ്ഥാന്‍ കോടികളെറിഞ്ഞ് നേടിയ വൈഭവ് സൂര്യവന്‍ഷിയെ അറിയാം
രാജസ്ഥാന്‍ കോടികളെറിഞ്ഞ് നേടിയ വൈഭവ് സൂര്യവന്‍ഷിയെ അറിയാം
ജിദ്ദ: കളിക്കളത്തിലെ പോരാട്ടവീര്യം ഐപിഎല്‍ മെഗാലേലത്തിലും പുറത്തെടുത്ത് ലേലത്തിന്റെ അത്ഭുതബാലനായി വൈഭവ് സൂര്യവന്‍ഷി.30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ 1.1 കോടി രൂപയ്ക്കാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.ക്രിക്കറ്റ് ലോകത്തെ ഏറ്റവും പുതിയ ചര്‍ച്ചയായ വൈഭവിന് വേണ്ടി വാശിയേറിയ ലേലം വിളിയാണ് രാസ്ഥാനും ഡല്‍ഹിയും തമ്മില്‍ നടന്നത്.ഒടുവില്‍ രാജസ്ഥാന്റെ ജഴ്സിയിലേക്ക് വൈഭവ് എത്തുകയായിരുന്നു.
നിലവില്‍ ഇന്തന്‍ സീനിയര്‍ വിവിധ ടീമുകളിലെ ശ്രദ്ധേയതാരങ്ങളായ സഞ്ജു സാംസണ്‍,യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നീ യുവതാരങ്ങളെല്ലാം രാജസ്ഥാന്‍ റോയല്‍സിന്റെ സംഭാവനയാണ്.അതുപോലെ രാജസ്ഥാന്റെ മറ്റൊരു കണ്ടെത്തലാകുമോ വൈഭവ് എന്നാണ് ഇനി ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.ചെറിയ പ്രായത്തിലുള്ള രഞ്ജി അരങ്ങേറ്റത്തിലൂടെയും പിന്നാലെ ഓസ്്ട്രേലിയക്കെതിരായ തകര്‍പ്പന്‍ സെഞ്വ്വറിയുടെയുമൊക്കെ കരുത്തില്‍ ഇതിനോടകം കായിക ലോകത്ത് ചര്‍ച്ചാവിഷയമാണ് ഈ പതിമൂന്നുകാരന്‍.
ഐപിഎല്‍ ചരിത്രത്തില്‍ താരലേലത്തിനെത്തുന്ന പ്രായം കുറഞ്ഞ താരം കൂടിയായി മാറി ഈ ബീഹാറുകാരന്‍.വെഭവ് സൂര്യവംശി. വാങ്ങിയത് രാജസ്ഥാനാണെങ്കിലും, ഈ പതിമൂന്നുകാരനെ ഐപിഎലിലേക്ക് സ്വാഗതം ചെയ്ത് മിക്ക ടീമുകളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
അരങ്ങേറ്റത്തിലൂടെ പിന്നിലാക്കിയത് സച്ചിനെയും യുവിയെയും
ബിഹാറിലെ സമസ്മതിപൂരില്‍ നിന്നുള്ള യുവതാരമാണ് വൈഭവ് സൂര്യവന്‍ഷി.2011 മാര്‍ച്ച് 27 നാണ് വൈഭവിന്റെ ജനനം.ഹൈസ്‌കൂള്‍ ക്ലാസ് പിന്നിടും മുന്‍പ് രാജ്യാന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ചറിയുമായാണ് വൈഭവ് തന്റെ 'വൈഭവം' തെളിയിച്ചത്.കൃഷിക്കാരനായ പിതാവ് സഞ്ജിവ് സൂര്യവന്‍ഷിയാണ് വൈഭവിന്റെ ക്രിക്കറ്റ് പ്രേമത്തിനു തുടക്കം മുതല്‍ പിന്തുണ നല്‍കുന്നത്.സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തന്റെ കൃഷിഭൂമി പോലും വില്‍ക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അപ്പോഴും മകന്റെ ക്രിക്കറ്റിനോടുള്ള താല്‍പര്യത്തിനൊപ്പം നില്‍ക്കുകയായിരുന്നെന്നും സഞ്ജിവ് സൂര്യവന്‍ഷി പറയുന്നു.
മകന്‍ ഒട്ടേറെ കഷ്ടപ്പെട്ടിട്ടാണ് ഇന്നുകാണുന്ന നിലയിലേക്ക് എത്തിയതെന്ന് സഞ്ജിവ് സൂര്യവന്‍ഷി പറയുന്നു.വെറും എട്ട് വയസ് മാത്രമുള്ളപ്പോള്‍ അണ്ടര്‍ 16 ജില്ലാതല ട്രയല്‍സില്‍ വൈഭവ് പങ്കെടുത്തിട്ടുണ്ട്.സമസ്തിപൂര്‍ നഗരത്തിലാണ് വൈഭവ് ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്നത്.
2023-24 സീസണിലെ രഞ്ജി ട്രോഫിയില്‍ 12 വയസ്സും 284 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറിയാണ് വൈഭവ് ചരിത്രം കുറിക്കുന്നത്.മുംബൈയ്‌ക്കെതിരായ മല്‍സരത്തിലാണ് വൈഭവ് ആദ്യമായി കളിച്ചത്.ഇതോടെ ടൂര്‍ണമെന്റില്‍ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിനെ തേടിയെത്തി.
മുന്‍ ഇതിഹാസ താരങ്ങളായ യുവരാജ് സിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെ പിന്നിലാക്കിയായിരുന്നു വൈഭവിന്റെ അരങ്ങേറ്റം തന്നെ.യുവി 15 വയസ്സും 57 ദിവസവും പ്രായുള്ളപ്പോഴാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയതെങ്കില്‍ 15 വയസ്സും 230 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ കന്നി മല്‍സരം.ഈ നേട്ടത്തെയാണ് ഈ കൗമാര താരം പഴങ്കഥയാക്കുകയും ചെയ്തത്.
ഓസ്ട്രേലിയയെ വിറപ്പിച്ചതോടെ ശ്രദ്ധാകേന്ദ്രം..കോച്ചിനെ വിസ്മയിപ്പിച്ച് ഐപിഎല്ലിലേക്കും
ഈ വര്‍ഷം ജനുവരിയില്‍ തന്റെ പന്ത്രണ്ടാം വയസില്‍ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചു.ഇതുവരെ കളിച്ച അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 100 റണ്‍സ് നേടിയിട്ടുണ്ട്.41 ആണ് ഉയര്‍ന്ന സ്‌കോര്‍.2023ലെ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബീഹാറിന് വേണ്ടി കളിച്ച സൂര്യവംശി ജാര്‍ഖണ്ഡിനെതിരായ ഒരു മത്സരത്തില്‍ 128 പന്തില്‍ 22 ഫോറും മൂന്ന് സിക്സും സഹിതം 151 റണ്‍സ് നേടി.അതേ കളിയുടെ രണ്ടാം ഇന്നിംഗ്‌സില്‍ 76 റണ്‍സ് കൂടി നേടി.ഇന്ത്യ അണ്ടര്‍ 19 എ,ഇന്ത്യ അണ്ടര്‍ 19 ബി,ഇംഗ്ലണ്ട് അണ്ടര്‍ 19, ബംഗ്ലാദേശ് അണ്ടര്‍ 19 എന്നിവ ഉള്‍പ്പെടുന്ന ചതുരംഗ പരമ്പരയിലും സൂര്യവന്‍ഷി കളിച്ചു.ടൂര്‍ണമെന്റില്‍ 53, 74, 0, 41, 0 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.
ലോക ക്രിക്കറ്റിലെ സെന്‍സേഷനായി വൈഭവ് സൂര്യവന്‍ഷി ഉയര്‍ന്നുവന്നത് ഓസ്‌ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തിനു ശേഷമാണ്.ഓസീസിനെതിരേ ചെന്നൈയില്‍ നടന്ന പോരാട്ടത്തില്‍ സെഞ്ച്വറിയോടെയാണ് താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിത്.വെറും 62 ബോളില്‍ 104 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്.14 ഫോറും 4 സിക്സും ഉള്‍പ്പെടുന്ന ഉജ്വല ഇന്നിങ്സ്.58 പന്തില്‍ സെഞ്ചറി തികച്ച താരം അണ്ടര്‍ 19 ടെസ്റ്റില്‍ വേഗത്തില്‍ സെഞ്ചറി നേടുന്ന രണ്ടാമത്തെ താരമായും മാറിയിരുന്നു. ഇംഗ്ലണ്ട് താരം മൊയീന്‍ അലിയാണ് (56 പന്തില്‍ സെഞ്ചറി) ഒന്നാമത്.
ഇതോടെ 170 വര്‍ഷത്തെ ചരിത്രത്തില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ സെഞ്ച്വറി കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാാറുകയും ചെയ്തിരുന്നു.13 വയസ്സും 188 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ അവിശ്വസനീയ പ്രകടനം.മാത്രമല്ല യൂത്ത് ലെവലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേട്ടമെന്ന റെക്കോര്‍ഡും വൈഭവിനെ തേടിയെത്തി.58 ബോളുകളില്‍ നിന്നാണ് താരം മൂന്നക്കത്തിലെത്തിയത്. ലോക ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയായും ഇതു മാറിയിരുന്നു.
പിന്നാലെയാണ് ഐപിഎല്‍ ലേലത്തിലേക്ക് വൈഭവ് എത്തുന്നത്.നാഗ്പൂരില്‍ നടക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സില്‍ വൈഭവ് പങ്കെടുത്തിരുന്നു.അവിടെയും വൈഭവ് ഞെട്ടിച്ചു.ഓരോവറില്‍ 17 റണ്‍സ് അടിച്ചുകാണിക്കാനാണ് ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍ വൈഭവിനോടു ആവശ്യപ്പെട്ടത്. ഓരോവറില്‍ മൂന്ന് സിക്‌സറുകള്‍ അടിച്ചാണ് താന്‍ 'ചില്ലറക്കാരനല്ല' എന്ന് രാജസ്ഥാന്‍ ക്യാംപിനെ വൈഭവ് ബോധ്യപ്പെടുത്തിയത്.രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സില്‍ ആകെ എട്ട് സിക്‌സുകളും നാല് ഫോറുകളും താരം നേടിയെന്നും വൈഭവിന്റെ അച്ഛന്‍ വെളിപ്പെടുത്തി.
ഈ പ്രകടനമാണ് ഇപ്പോള്‍ 1.10 കോടി രൂപയുടെ മൂല്യമുള്ള താരമായി വൈഭവിനെ മാറ്റിയത്.30 ലക്ഷം രൂപയായിരുന്നു ഐപിഎല്‍ താരലേലത്തില്‍ വൈഭവിന്റെ അടിസ്ഥാന വില. ഇടംകൈയന്‍ ബാറ്ററാണ് താരം. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സും വൈഭവിനെ സ്വന്തമാക്കാന്‍ താരലേലത്തില്‍ ശ്രമിച്ചിരുന്നു.