യാത്രാ വിലക്കുണ്ട്; നാട്ടിലേക്ക് പോകാനാവില്ല; മകളുടെ മൃതദേഹം യുഎഇയില്‍ നടത്തുമെന്ന വാശിയില്‍ നിതീഷ്; ഒന്നര വയസ്സുകാരി വൈഭവിയുടെ മൃതദേഹം ദുബായ് ജബല്‍ അലിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി
ദുബായ്: ഷാര്‍ജ അല്‍ നഹ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയുടെ (33) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. ഒന്നരവയസ്സുകാരിയായ മകള്‍ വൈഭവിയുടെ മൃതദേഹം ഇന്ന് വൈകീട്ട് യുഎഇയില്‍ സംസ്‌കരിക്കും. വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് (ഇന്ത്യന്‍ സമയം 5.30) ദുബായിലായിരിക്കും സംസ്‌കാരം. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയിലാണ് തീരുമാനം. കുഞ്ഞിന്റെ മൃതദേഹം ദുബായ് ജബല്‍ അലിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതേസമയം, വിപഞ്ചികയുടെ മൃതദേഹം ഇതുവരെ വിട്ടുകിട്ടിയിട്ടില്ല. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലായുരുന്നു രണ്ട് മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുള്ളത്.
കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കി എന്നാണ് നിഗമനം. ജൂലായ് എട്ടിന് രാത്രിയായിരുന്നു സംഭവം. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നടത്താനിരുന്ന വൈഭവിയുടെ സംസ്‌കാരചടങ്ങ് മാറ്റിവെക്കുകയായിരുന്നു. സംസ്‌കാരം സംബന്ധിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷുമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സംസ്‌കാരം മാറ്റിവെയ്ക്കാന്‍ തീരുമാനമെടുത്തത്. മുന്‍ വിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ ഇടപെടലിലാണ് കോണ്‍സുലേറ്റ് ഇടപെട്ടതെന്ന് വിപഞ്ചികയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.
മൃതദേഹം ഏറ്റുവാങ്ങാനായി നാട്ടില്‍ നിന്ന് വിപഞ്ചികയുടെ മാതാവ് ഷൈലജയും കാനഡയില്‍ നിന്ന് സഹോദരന്‍ വിനോദും ഷാര്‍ജയിലെത്തിയിരുന്നു. വൈഭവിയുടെ മൃതദേഹവും നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കണമെന്നായിരുന്നു ഷൈലജയുടെ ആഗ്രഹം. എന്നാല്‍, തനിക്ക് യാത്രാ വിലക്കുള്ളതിനാല്‍ നാട്ടിലേക്ക് പോകാനാവില്ലെന്നും അതുകൊണ്ട് യുഎഇയില്‍ തന്നെ സംസ്‌കരിക്കണമെന്നും പിതാവ് നിതീഷ് വാശിപിടിച്ചു.
തുടര്‍ന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി വിപഞ്ചികയുടെയും ഭര്‍ത്താവ് നിതീഷ് മോഹന്റെയും ബന്ധുക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിലും തീരുമാനം നിതീഷിന് അനുകൂലമായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഷാര്‍ജ കോടതി ഉത്തരവ് പ്രകാരം വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിന് വിട്ടുനല്‍കുകയും തുടര്‍ന്ന് ഷാര്‍ജ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷൈലജയുടെ ആവശ്യപ്രകാരം ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് വിലക്കിയത്.
നേരത്തെ, മാതാവ് ഷൈലജ നല്‍കിയ പരാതിയില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനന്‍ മൂന്നാം പ്രതിയുമാണ്. വിപഞ്ചികയുടെയും മകള്‍ വൈഭവിയെടുയും മൃതദേഹങ്ങള്‍ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീടത് അപ്രത്യക്ഷമായി. ഭര്‍ത്താവ് നിതീഷ് മോഹന്‍, ഭര്‍തൃപിതാവ് മോഹന്‍, ഭര്‍തൃ സഹോദരി നീതു എന്നിവര്‍ക്കെതിരെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സംബന്ധമായി ഒട്ടേറെ കാര്യങ്ങള്‍ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
അതേ സമയം വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്നും, കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കുമെന്നും ഹര്‍ജി തീര്‍പ്പാക്കുന്ന വേളയില്‍ ഹൈക്കോടതി അറിയിച്ചു. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ വേഗത്തിലാക്കാന്‍ എംബസിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിപഞ്ചികയുടെ മരണം കൊലപാതകമെന്ന് സംശയിച്ചാണ് വിപഞ്ചികയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്നും മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ സമ്മതിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
വിപഞ്ചികയുടെ മാതൃ സഹോദരിയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വിപഞ്ചിക കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നെന്ന് കുടുംബം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. യുഎഇ ഉദ്യോഗസ്ഥരില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും , കോടതി ഇടപെട്ട് കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.