പെണ്‍കുട്ടികളുടെ അമ്മ കുട്ടികളുടെ സാന്നിധ്യത്തില്‍ ഒന്നാം പ്രതി മധുവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; മൂത്തകുട്ടി മധുവില്‍നിന്ന് ലൈംഗിക പീഡനം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും അയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി പതിവായി മദ്യസത്കാരം നടത്തിയെന്നും കുറ്റപത്രം; വാളയാറില്‍ ഇനി എന്ത്? സ്‌ഫോടനാത്മക വെളിപ്പെടുത്തലില്‍ കോടതി നിലപാട് നിര്‍ണ്ണായകം
കൊച്ചി: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ, പെണ്‍കുട്ടികളുടെ മാതാവിനെതിരെ കുറ്റപത്രത്തില്‍ ഉന്നയിക്കുന്ന അതീവഗുരുതര സ്വഭാവമുള്ള ആരോപണങ്ങളെ കോടതി എങ്ങനെ എടുക്കുമെന്നത് നിര്‍ണ്ണായകം. കുട്ടികളെ മരണത്തിലേക്കു നയിച്ചതിന്റെ മുഖ്യ ഉത്തരവാദികള്‍ മാതാപിതാക്കളാണെന്നു കുറ്റപത്രം ആരോപിക്കുന്നു. ഇത് കേസിന് പുതിയ തലത്തിലേക്ക് എത്തിക്കും. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെയുള്ള കേസുകളുടെ വിചാരണ പോക്‌സോ കോടതിയിലേക്കും പിന്നീട് കേസ് പരിഗണിക്കുന്ന കൊച്ചി സിബിഐ കോടതിയിലേക്കും മാറ്റാന്‍ സിബിഐ ബാലനീതി കോടതിയെ സമീപിച്ചു. കുട്ടികളെ പീഡിപ്പിച്ച സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ കേസ് പാലക്കാട് ബാലനീതി കോടതിയായ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണു നടക്കുന്നത്. സംഭവസമയത്ത് 18 വയസ്സാകാത്ത പ്രതിയെ, ഇപ്പോള്‍ പ്രായപൂര്‍ത്തിയായ വ്യക്തിയായി കണക്കാക്കി കോടതി മാറ്റണമെന്ന സിബിഐയുടെ അപേക്ഷയില്‍ ബാലനീതി ബോര്‍ഡിന്റേതാണ് അന്തിമതീരുമാനം.
2017 ജനുവരി 7നു 13 വയസ്സുകാരിയെയും മാര്‍ച്ച് നാലിനു സഹോദരിയെയും ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിക്കു കുട്ടികളെ പീഡിപ്പിക്കാനുള്ള അവസരം ആവര്‍ത്തിച്ച് ഒരുക്കിയെന്നും മാതാപിതാക്കളുടെ മുന്നില്‍ വച്ചും കുട്ടികളെ പ്രതികള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും കുറ്റപത്രം പറയുന്നു. 13 വയസ്സുകാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു പിന്നീടു മരിച്ച ഇളയ സഹോദരി. വാളയാറില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായത് മാതാപിതാക്കളുടെ അറിവോടെയെന്ന് പറഞ്ഞു വയ്ക്കുകയാണ്‌സിബിഐ. കേസില്‍ രണ്ടാഴ്ചമുന്‍പ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണു നടുക്കുന്ന വിവരങ്ങള്‍. കുട്ടികളുടെ സാന്നിധ്യത്തില്‍ ഒന്നാംപ്രതിയുമായി അമ്മ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്നും സിബിഐ കുറ്റപത്രം പറയുന്നു. കുഞ്ഞുങ്ങള്‍ ഒന്നാംപ്രതിയുടെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയായത് അമ്മയുടെയും അച്ഛന്റെയും മനഃപൂര്‍വമായ അശ്രദ്ധ മൂലമാണെന്നു സിബിഐ കുറ്റപ്പെടുത്തുന്നു. ഈ കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടും മതാപിതാക്കള്‍ പ്രതികരിച്ചിട്ടില്ല. കുട്ടികളുടെ നീതിയ്ക്കായി മതാപിതാക്കള്‍ക്കൊപ്പം നിന്ന സമര സമിതിയും നിശബ്ദമാണ്.
രണ്ടു പെണ്‍കുഞ്ഞുങ്ങളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നെന്നു മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ തികഞ്ഞ അശ്രദ്ധയും അവഗണനയുമാണ് മാതാപിതാക്കള്‍ പുലര്‍ത്തിയത്.2017 ജനുവരി 13 നും മാര്‍ച്ച് നാലിനുമാണ് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നിട്ടും ഒന്നാം പ്രതി മൂത്തകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവങ്ങള്‍ മാതാപിതാക്കള്‍ പൊലീസിനോടു വെളിപ്പെടുത്തിയില്ല. പെണ്‍കുട്ടികളുടെ അമ്മ കുട്ടികളുടെ സാന്നിധ്യത്തില്‍ ഒന്നാം പ്രതി മധുവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. മൂത്തകുട്ടി മധുവില്‍നിന്ന് ലൈംഗിക പീഡനം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും അയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി പതിവായി മദ്യസത്കാരം നടത്തിയിരുന്നെന്നും കുറ്റപത്രത്തില്‍ പരാമാര്‍ശമുണ്ട്. ഒന്നാം പ്രതി 2016 ഏപ്രിലില്‍ മൂത്തമകളെ അപമാനിക്കുന്നത് അമ്മയും രണ്ടാഴ്ച കഴിഞ്ഞ് പ്രതി വീണ്ടും കുട്ടിയെ പീഡിപ്പിക്കുന്നത് പിതാവും കണ്ടിരുന്നെന്നും സിബിഐ പറയുന്നു.
മൂത്ത മകളുടെ മരണശേഷവും അമ്മയും അച്ഛനും ഇളയ പെണ്‍കുട്ടിയെ ഒന്നാം പ്രതിയുടെ വീട്ടിലേക്ക് അയയ്ക്കാറുണ്ടായിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഒന്നാം പ്രതി മധുവിനു പുറമേ അമ്മയെ രണ്ടാംപ്രതിയായും പിതാവിനെ മൂന്നാംപ്രതിയായും ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ എല്ലാ പ്രതികളെയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയതിനെത്തുടര്‍ന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. 2021 ല്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം കേസില്‍ ആറ് കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിട്ടുളളത്. കുറ്റപത്രത്തില്‍ പറയുന്നത് പ്രകാരം, 2016 ഏപ്രിലില്‍ മൂത്ത മകളെ ഒന്നാം പ്രതി ചൂഷണം ചെയ്യുന്നതിന് അമ്മ സാക്ഷ്യം വഹിച്ചിരുന്നു. രണ്ടാഴ്ചയ്ക്ക് പിന്നാലെ അച്ഛനും ഇതേ കാഴ്ച കണ്ടു. എന്നിട്ടും മൂത്ത മകളെ ഇതേ പ്രതി ലൈംഗിക ചൂഷണം ചെയ്ത കാര്യം മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചില്ല. മാത്രമല്ല പ്രതിയുമായി സൗഹൃദം തുടരുകയും ചെയ്തു. മൂത്ത മകള്‍ മരിച്ചിട്ട് പോലും ഇളയ മകളെ പ്രതിയുടെ വീട്ടിലേക്ക് ദമ്പതികള്‍ പറഞ്ഞയച്ചു. ചേച്ചിക്ക് സംഭവിച്ചതെല്ലാം ഇളയകുട്ടിക്കും അറിയാമായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ സിബിഐ ചൂണ്ടിക്കാട്ടുന്നത്.
2017 ജനുവരി 13ന് ആണ് വാളയാറില്‍ മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മാര്‍ച്ച് നാലിന് ഇളയ പെണ്‍കുട്ടിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പതിമൂന്നും ഒമ്പതും വയസായിരുന്നു കുട്ടികള്‍ക്ക്. വിചാരണക്കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടതിനെ തുടര്‍ന്നാണ് കേസ് സിബിഐയിലേക്കെത്തുന്നത്. മക്കള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ അമ്മ വലിയ പ്രതിഷേധമാണ് നടത്തിയത്. നീതി വൈകുന്നതില്‍ പ്രതിഷേധിച്ച് ഇവര്‍ തല മുണ്ഡനവും ചെയ്തു. ഇത്തരമൊരു കേസിലാണ് വാദിയെ പ്രതിയാക്കുന്ന നിഗമനങ്ങളില്‍ സിബിഐ എത്തുന്നത്. വാളയാര്‍ കേസില്‍ വിവാദത്തിലായെങ്കിലും ഐപിഎസ് ലഭിച്ച എം.ജെ.സോജനെ എറണാകുളം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് എസ്പിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജന് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് (സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ്) നല്‍കുന്നതിനെതിരെ കുട്ടികളുടെ മാതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. സോജന് ഐപിഎസ് നല്‍കുന്നതിന്റെ ഭാഗമായി ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെയാണ് പെണ്‍കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്.
പെണ്‍കുട്ടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ സോജന്‍ മോശം പ്രചാരണം നടത്തിയിരുന്നെന്നും ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നിലവിലുണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റും ഐപിഎസും നല്‍കാനുള്ള നടപടിയെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ നടപടിയില്‍ വീഴ്ചയില്ലെന്നും വിഷയത്തില്‍ സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി ആദ്യം സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളി. തുടര്‍ന്ന് ഇത് ചോദ്യം ചെയ്താണ് പെണ്‍കുട്ടികളുടെ മാതാവ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഇത് ഡിവിഷന്‍ ബെഞ്ചും തള്ളി. ഇതിന് ശേഷമാണ് സിബിഐയുടെ കുറ്റപത്രവും ചര്‍ച്ചകളിലേക്ക് എത്തുന്നത്.