വെള്ളിത്തിരയിലും മുഖം കാണിക്കാനൊരുങ്ങി വന്ദേഭാരത് എക്സപ്രസ്; ആദ്യ സിനിമാ ചിത്രീകണം മുംബൈ സെന്‍ട്രല്‍ സ്റ്റേഷന്റെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍; നേട്ടം സ്വന്തമാക്കി ഷുജിത് സിര്‍കാര്‍; ചിത്രീകരണത്തിന് അനുമതി ലഭിക്കുന്നത് ഏകജാലക ക്ലിയറന്‍സ് സംവിധാനം നിലവില്‍ വന്നതോടെ

വെള്ളിത്തിരയിലും മുഖം കാണിക്കാനൊരുങ്ങി വന്ദേഭാരത് എക്സപ്രസ്

Update: 2025-01-11 09:55 GMT

മുംബൈ: രാജ്യത്തിന്റെ അഭിമാനമായി മാറിയ ട്രെയ്നാണ് വന്ദേ ഭാരത് എക്സ്പ്രസുകള്‍.വേഗത കൊണ്ട് മാത്രമല്ല അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടും വന്ദേ ഭാരത് യാത്രക്കാരെ വിസ്മയിപ്പിക്കുകയാണ്.യാത്രക്കാരുടെ പ്രിയം ഏറ്റുവാങ്ങിയതിന് പിന്നാലെ വെള്ളിത്തിരയിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് വന്ദേഭാരത് ട്രെയ്നുകള്‍.വന്ദേഭാരത് എക്‌സ്പ്രസിന്റെ വാണിജ്യ ഉപയോഗത്തിന് പശ്ചിമ റെയില്‍വേ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഈ നടപടി.മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലാണ് ആദ്യ ഷൂട്ടിംഗ് നടന്നത്.

ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വന്ദേഭാരതിന്റെ കന്നി സിനിമാപ്രവേശനം.വെസ്റ്റേണ്‍ റെയില്‍വേയുടെ പ്രധാന റെയില്‍വേ ടെര്‍മിനികളിലൊന്നായ മുംബൈ സെന്‍ട്രല്‍ സ്റ്റേഷന്റെ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വച്ച് മുംബൈ-അഹമ്മദാബാദ് പാതയില്‍ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകളിലൊന്നിലായിരുന്നു ആദ്യത്തെ സിനിമാ ചിത്രീകരണം നടന്നത്.കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് സിനിമാ ചിത്രീകരണത്തിനായി ട്രെയിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്നാണ് പശ്ചിമ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയത്.

മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസുകളിലൊന്ന് അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയിട്ടിരിക്കുകയാണ്.ഈ ട്രെയിനാണ് വെസ്റ്റേണ്‍ റെയില്‍വേ ചിത്രീകരണത്തിനായി നല്‍കിയത്. ഇതില്‍ നിന്ന് ഏകദേശം 23 ലക്ഷം രൂപയാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചത്.സാധാരണഗതിയില്‍ റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും സ്റ്റേഷന്റെ പരിസരങ്ങളിലുമൊക്കെ ചട്ട പ്രകാരം സിനിമാ ചിത്രീകരണം അനുവദിക്കാറുണ്ട്.എന്നാല്‍ ആദ്യമായാണ് വന്ദേ ഭാരത് സിനിമാ ചിത്രീകരണത്തിന് നല്‍കുന്നതെന്ന് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പിആര്‍ഒ വിനീത് അഭിഷേക് പറഞ്ഞു.

''വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ട്രെയിനുകള്‍, റെയില്‍വേസ്റ്റേഷനുകള്‍, മറ്റ് റെയില്‍വേ പരിസരങ്ങള്‍ എന്നിവ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വിട്ടുനല്‍കാറുണ്ട്.ഇതാദ്യമായാണ് വന്ദേഭാരത് എക്‌സ്പ്രസില്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കിയത്''.സിനിമാഷൂട്ടിംഗുകളില്‍ നിന്നുള്ള വരുമാനം റെയില്‍വേ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കും നവീകരണത്തിനുമായി ഉപയോഗിക്കുമെന്നും പശ്ചിമ റെയില്‍വേ പിആര്‍ഒ വിനീത് അഭിഷേക് വിശദീകരിച്ചു.യാത്രക്കാര്‍ക്ക് യാതൊരു വിധത്തിലുള്ള അസൗകര്യവും സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷ്യം റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കല്‍

വന്ദേഭാരതിന്റെ ജനപ്രീതി കണക്കിലെടുത്ത് കൂടുതല്‍ സാധ്യതകളിലൂടെ വരുമാനം വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ടാണ് ട്രെയ്നുകള്‍ ഷൂട്ടിങ്ങിനായി അനുവദിക്കുന്നത്.20242025 സാമ്പത്തികവര്‍ഷം നാല് പരസ്യ ചിത്രങ്ങള്‍, മൂന്ന് ഫീച്ചര്‍ ഫിലിമുകള്‍, ഒരു വെബ് സീരീസ്, ഒരു ടി.വി. പ്രമോ ഷൂട്ട് എന്നിവയുള്‍പ്പെടെ ഒന്‍പത് ഷൂട്ടിങ് പദ്ധതികള്‍ക്ക് പശ്ചിമ റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ട്.ഇവയില്‍നിന്നുമായി പശ്ചിമ റെയില്‍വേക്ക് ഒരു കോടിയോളം രൂപ വരുമാനം ലഭിക്കും.

ഏകജാലക ക്ലിയറന്‍സ് സംവിധാനം നിലവില്‍ വന്നതോടെ സിനിമാ ചിത്രീകരണത്തിന് അനുമതി ലഭിക്കുന്നത് എളുപ്പമായതായി റെയില്‍വേ വ്യക്തമാക്കി.ഈ സംരംഭം റെയില്‍വേയുടെ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കുകയും സിനിമാക്കാരെ റെയില്‍വേ ലൊക്കേഷനുകളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുമെന്ന് പശ്ചിമ റെയില്‍വേ അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പദ്ധതിയെക്കുറിച്ചറിഞ്ഞ് കൂടുതല്‍ പേര്‍ ഷൂട്ടിങ്ങിനായി വന്ദേഭാരതിനെ ഉപയോഗപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് പശ്ചിമ റെയില്‍വേ അധികൃതര്‍.

Tags:    

Similar News