രാജ്യത്ത് 17 വന്ദേഭാരതുകള്‍ സൂപ്പര്‍ ഹിറ്റ്; എന്നാല്‍ 13 വന്ദേ ഭാരതുകള്‍ സര്‍വീസ് നടത്തുന്നത് പകുതി പോലും ആളില്ലാതെ; അധിക ടിക്കറ്റ് നിരക്കും റൂട്ട് സാന്ദ്രത പരിഗണിക്കാത്തതും സര്‍വീസ് കുറയാന്‍ കാരണം

രാജ്യത്ത് 17 വന്ദേഭാരതുകള്‍ സൂപ്പര്‍ ഹിറ്റ്

Update: 2024-09-23 06:54 GMT

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച തീവണ്ടിയാണ് വന്ദേഭാരത്. കേരളത്തിലെ അതിവേഗ തീവണ്ടി മോഹത്തെ തകര്‍ത്ത തുറുപ്പ് ചീട്ട്. രാജ്യത്ത് വന്ദേ ഭാരത് ഓടിത്തുടങ്ങിയിട്ടും ഏറെനാള്‍ കഴിഞ്ഞാണ് കേരളത്തിന് ഒരു വന്ദേ ഭാരത് ലഭിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്കായിരുന്നു ആദ്യ സര്‍വീസ്. ആദ്യ സര്‍വീസിന് തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നാല്‍ അതല്ലെന്ന് പിന്നീട് മനസിലായി. മികച്ച വരുമാനം ലഭിച്ചതോടെ കാസര്‍കോട് നിന്നും തിരുവന്തപുരത്തേക്ക് ഒരു സര്‍വീസ് കൂടി ആരംഭിച്ചു. ഇതും ഹിറ്റായതോടെ സര്‍വീസ് മംഗലാപുരത്തേക് നീട്ടി. അപ്പോഴും യാത്രക്കാര്‍ ഒട്ടും തന്നെ കുറവായിരുന്നില്ല.

എന്നാല്‍ ഈ വണ്ടിയില്‍ കേന്ദ്രത്തിന് താളം തെറ്റുകായണോ? ഈ സംശയം ചര്‍ച്ചയാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

രാജ്യത്ത് സര്‍വീസ് നടത്തുന്ന 59 വന്ദേഭാരതുകളില്‍ 13 വന്ദേഭാരതുകളില്‍ പകുതി സീറ്റും കാലിയായാണ് ഓടുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അധിക ടിക്കറ്റ് നിരക്കും റൂട്ട് സാന്ദ്രത പരിഗണിക്കാത്തതുമാണ് യാത്രക്കാര്‍ കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം 17 ട്രെയിനുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുമായി സര്‍വീസ് നടത്തുന്നതില്‍ കേരളവും ഉണ്ട്. ഇത് കേരളത്തിനും കേന്ദ്രത്തിനും ആശ്വാസമാണ്.

രാജ്യത്ത് സര്‍വീസ് നടത്തുന്ന 59 വന്ദേ ഭാരത് എക്സ്പ്രസുകളില്‍ മൂന്നെണ്ണം 20 കോച്ചുകളുള്ള വണ്ടിയാണ്. 18 എണ്ണം 16 കോച്ചുകളുമായാണ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം കാസര്‍കോട് വന്ദേഭാരതിലെ 1061 സീറ്റും നിറഞ്ഞാണ് ഓടുന്നത്. മംഗളൂരു തിരുവനന്തപുരം വണ്ടിയിലെ 474 സീറ്റിലും ആളുണ്ട്. എന്നാല്‍ മംഗളൂരു ഗോവ വന്ദേഭാരതില്‍ 474 സീറ്റില്‍ 300 സീറ്റുവരെ ഒഴിഞ്ഞ് കിടക്കുകയാണ്. കൊങ്കണില്‍ ഈടാക്കുന്ന അധികനിരക്ക് വന്ദേഭാരതിനും തിരിച്ചടിയായതായാണ് സൂചന. രാജ്യത്ത് 20 കോച്ചുള്ള 3 വന്ദേഭാരതാണ് ഓടുന്നത്.

ഇതില്‍ നാഗ്പൂര്‍ സെക്കന്തരാബാദ് വണ്ടിയില്‍ 1328 സീറ്റില്‍ 1118 സീറ്റിലും ആളില്ല. റൂട്ട് സാന്ദ്രത പരിഗണിക്കാതെ സോണല്‍ ആവശ്യങ്ങള്‍ക്കനുസരിച്ച് വന്ദേഭാരത് നല്‍കിയതാണ് തിരിച്ചടിയായതെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

2023 ഏപ്രില്‍ 25നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് സര്‍വീസ് ആരംഭിച്ചത്. ഫ്ലാഗ് ഓഫ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം 28നാണ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരുമായി ട്രെയിന്‍ ഓടിത്തുടങ്ങിയത്. പിന്നീട് പുറത്തുവന്ന ഒക്യുപെന്‍സി റേറ്റ് പട്ടികയിലെല്ലാം ഈ ട്രെയിന്‍ സര്‍വീസ് മുന്നിലാണ്.

Tags:    

Similar News