ഒക്കുപ്പന്‍സി റേറ്റിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍; നാളുകളായുള്ള കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ഇന്ത്യന്‍ റെയില്‍വെ; വന്ദേഭാരത് ട്രെയ്നില്‍ കോച്ചിന്റെ എണ്ണത്തില്‍ വന്‍ വര്‍ധന; പരിഷ്‌കാരങ്ങള്‍ ഇങ്ങനെ

യാത്രാസൗകര്യം ഇല്ലെന്ന പരാതിയും സജീവമായിരുന്നു

Update: 2024-11-02 15:39 GMT

തിരുവനന്തപുരം: വന്ദേഭാരതില്‍ ഒക്കുപ്പന്‍സി റേറ്റിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.പക്ഷെ രണ്ട് തീവണ്ടികള്‍ സര്‍വ്വീസ് നടത്തുമ്പോഴും യാത്രക്കാര്‍ വര്‍ധിക്കുന്നതിനനുസരിച്ച് യാത്രാസൗകര്യം ഇല്ലെന്ന പരാതിയും സജീവമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ദീര്‍ഘനാളായി ട്രെയ്നിലെ കോച്ചിന്റെ എണ്ണം കൂട്ടണമെന്ന ആവശ്യം ഉയര്‍ന്നത്.നാളുകളായി തുടരുന്ന ഈ ആവശ്യത്തിന് ഒടുവില്‍ പരിഹാരം കാണുകയാണ് റെയില്‍വെ.

കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയ്നുകളില്‍ കോച്ചിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ റെയില്‍വെ തീരുമാനിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.വിവിധ വാര്‍ത്താ ഏജന്‍സികളും ദേശീയ മാദ്ധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കേരളത്തില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. രാവിലെ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കും വൈകുന്നേരം തിരിച്ചും ഓടുന്ന ഒരു ട്രെയിനും.രാവിലെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം തിരുവനന്തപുരത്തെത്തി തിരിച്ച് മംഗളൂരുവിലേക്ക് പോകുന്ന ട്രെയിനുമാണ് ഇവ.

ഈ രണ്ട് ട്രെയിനുകളിലും മാറ്റം കൊണ്ടുവരാനാണ് റെയില്‍വേയുടെ തീരുമാനം.നിലവില്‍ തിരുവനന്തപുരം - കാസര്‍കോട് റൂട്ടിലെ വന്ദേഭാരതില്‍ 16 കോച്ചുകളാണ് ഉള്ളത്.ഇത് 20 കോച്ചുള്ള പുതിയ റേക്കായി മാറ്റുകയാണ്.അതോടൊപ്പം നിലവില്‍ എട്ട് കോച്ചുകളുള്ള മംഗളൂരു - തിരുവനന്തപുരം റൂട്ടിലെ വന്ദേഭാരത് 16 കോച്ചുള്ള ട്രെയിനായി മാറുകയും ചെയ്യും.തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതിനെ മംഗളൂരു - തിരുവനന്തപുരം റൂട്ടിലേക്ക് മാറ്റിയ ശേഷം തിരുവനന്തപുരം - കാസര്‍കോട് റൂട്ടില്‍ പുതിയ 20 കോച്ചുള്ള ട്രെയിന്‍ അനുവദിച്ചേക്കും.

എട്ട് കോച്ചുകളുള്ള ട്രെയിന്‍ സംസ്ഥാനത്ത് നിന്ന് കൊണ്ടുപോകും.ഇത് തിരക്ക് കുറവുള്ള മറ്റൊരു റൂട്ടിലേക്ക് മാറ്റും.വന്ദേഭാരതില്‍ കോച്ചുകള്‍ കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ കുറച്ച് കാലമായി ഉയരുന്നുണ്ട്. കോച്ചുകളുടെ എണ്ണം കൂട്ടുന്നതിലൂടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേയും യാത്രക്കാരും.അതേസമയം, കൊച്ചി - ബംഗളൂരു റൂട്ടിലെ സ്‌പെഷ്യല്‍ സര്‍വീസായി ഓടിയിരുന്ന വന്ദേഭാരത് ട്രെയിന്‍ സ്ഥിരം സര്‍വീസ് ആക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇപ്പോഴും അധികൃതര്‍ക്ക് മുന്നിലുണ്ട്.

യാത്രക്കാര്‍ കയറാത്തതോ ദക്ഷിണ റെയില്‍വേ സമ്മര്‍ദ്ദം ചെലുത്താത്തതോ അല്ല സര്‍വീസ് നിന്ന് പോകാന്‍ കാരണം.ബംഗളൂരു ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് റെയില്‍വേ സോണ്‍ അസൗകര്യം അറിയിച്ചതുകൊണ്ട് മാത്രമാണ് കേരളത്തിന് കൊച്ചി - ബംഗളൂരു സര്‍വീസ് നിന്ന് പോകാന്‍ കാരണമായത്.ട്രെയിനിനെ സ്വീകരിക്കാന്‍ പ്ലാറ്റ്ഫോം ഇല്ലെന്ന സോണിന്റെ നിലപാടാണ് മലയാളികള്‍ക്ക് ആശ്വാസമായ ഈ ട്രെയിന്‍ നിന്ന് പോകുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

Tags:    

Similar News