സെലിബ്രിറ്റിയുടെ അറസ്റ്റ് കൈകാര്യം ചെയ്യുന്നതില്‍ പരിചയക്കുറവ്; പ്രതികരണങ്ങള്‍ അതിരുവിട്ടു; പുലിപ്പല്ല് കേസിലെ വേടന്റെ അറസ്റ്റില്‍ റേഞ്ച് ഓഫിസര്‍ക്ക് എതിരെ നടപടിക്ക് സാധ്യത; ലഹരിക്കേസില്‍ പ്രതിയെങ്കിലും തെറ്റു തിരുത്താന്‍ ശ്രമിക്കുമെന്ന് പറഞ്ഞ വേടന്‍ ഇന്ന് സര്‍ക്കാര്‍ വേദിയില്‍ പാടും

സെലിബ്രിറ്റിയുടെ അറസ്റ്റ് കൈകാര്യം ചെയ്യുന്നതില്‍ പരിചയക്കുറവ്

Update: 2025-05-05 00:50 GMT

കൊച്ചി: റാപ് ഗായകന്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെ പുലിപ്പല്ലുമായി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളില്‍ വനംവകുപ്പു കടുത്ത സമ്മര്‍ദത്തില്‍. പുലിപ്പല്ല് കേസില്‍ നടപടികള്‍ സര്‍ക്കാറിനെ മൊത്തത്തില്‍ വെട്ടിലാക്കിയെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനുള്ള നീക്കം ശക്തമായി നടക്കുന്നുണ്ട്. വേടനെതിരായ നടപടിയില്‍ തുടക്കത്തില്‍ മൗനം പാലിച്ച സര്‍ക്കാര്‍ കളം തങ്ങള്‍ക്ക് അനുകൂലമല്ലെന്ന് കണ്ടതോടെയാണ് കളം മാറ്റിച്ചവിട്ടിയത്. ഇതോടെ ഉദ്യോസ്ഥര്‍ക്കെതിരെ നടപടി എടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

മാധ്യമങ്ങളോടുള്ള പ്രതികരണം അതിരുവിട്ടെന്നു കാട്ടി, കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ആര്‍.അതീഷിനെതിരെ നടപടിയെടുക്കാന്‍ നീക്കം സജീവമായി നക്കുന്നുണ്ട്. അതീഷിനെ അന്വേഷണച്ചുമതലയില്‍ നിന്നു മാറ്റുകയും സ്ഥലംമാറ്റുകയും ചെയ്‌തേക്കും എന്നാണു സൂചന. എന്നാല്‍, വനംവകുപ്പിലെ പ്രമുഖ സര്‍വീസ് സംഘടനകളിലൊന്നായ കേരള ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ് അതീഷ്. ഇതുകൊണ്ടുതന്നെ കര്‍ശന നടപടി ഒഴിവാക്കണമെന്നുള്ള ശക്തമായ സമ്മര്‍ദവും വകുപ്പിനുമേലുണ്ട്.

കേസെടുത്തതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ പാലിച്ചെങ്കിലും വേടനെപ്പറ്റി മാധ്യമങ്ങളുടെ മുന്നില്‍ അതീഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ അതിരുവിട്ടെന്നാണു മന്ത്രിക്കു വനം മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ആലോചിക്കുന്നത്. അതേസമയം, സെലിബ്രിറ്റിയുടെ അറസ്റ്റ് കൈകാര്യം ചെയ്യുന്നതിലെ പരിഭ്രമവും പരിചയക്കുറവുമാണ് അതീഷിന്റെ പ്രതികരണം കൈവിട്ടുപോകാന്‍ കാരണമെന്നും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെന്നു വ്യക്തമായ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ ഒഴിവാക്കണമെന്നുമാണു റേഞ്ചേഴ്‌സ് അസോസിയേഷന്റെ നിലപാട്.

അതീഷിനെതിരെ നടപടിയെടുക്കുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും ഭാവിയില്‍ ഉന്നതര്‍ പ്രതികളാകുന്ന കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനോടു വൈമുഖ്യം കാട്ടാന്‍ വഴിയൊരുക്കുമെന്നും ഇവര്‍ പറയുന്നു. അതീഷിന്റെ പെരുമാറ്റത്തെപ്പറ്റി പ്രതി വേടന്‍ ഇതുവരെ പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം ഇന്നോ നാളെയോ സംഘടനാ നിലപാട് അറിയിച്ചു മന്ത്രിക്കു കത്തു നല്‍കാനുള്ള ഒരുക്കത്തിലാണു ഭാരവാഹികള്‍.

ഇതിനിടെ, വേടനെ പിന്തുണച്ചും വനംവകുപ്പിനെ കുറ്റപ്പെടുത്തിയും സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ രംഗത്തെത്തിയതു വകുപ്പിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. വേടനുള്ള ജനപിന്തുണ ഉപയോഗിക്കുക എന്നതാണ് സിപിഎം തന്ത്രം. ഇതിന്റെ ഭാഗമായി കഞ്ചാവ് കേസിലെ പ്രതിയാണെങ്കിലും മീടൂ ആരോപണങ്ങള്‍ നേരിടുന്നുണ്ടെങ്കിലും വേടന് സര്‍ക്കാര്‍ വേദി ഒരുക്കിയിട്ടുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാഴത്തോപ്പില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വേടന്‍ പാടും. മേളയുടെ സമാപനദിവസമായ തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് വേടന്റെ റാപ്പ്. വേടന്‍ കേസില്‍ ഉള്‍പ്പെട്ടശേഷം ആദ്യമായി നടത്തുന്ന സ്റ്റേജ് പ്രോഗ്രാം ആണിത്. ഇതേ മേളയുടെ ഉദ്ഘാടനദിവസമായ ഏപ്രില്‍ 29-ന് വൈകീട്ട് എട്ടിന് വേടന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നു. എന്നാല്‍, ഇതിനിടെ അദ്ദേഹം അഞ്ച് ഗ്രാം കഞ്ചാവുമായി ഫ്‌ലാറ്റില്‍നിന്ന് പോലീസിന്റെ പിടിയിലായി. ഇതോടെ സംഘാടകര്‍ സംഗീതപരിപാടി റദ്ദാക്കി.

എന്നാല്‍, താന്‍ ചെയ്തത് തെറ്റാണെന്നും തിരുത്താന്‍ ശ്രമിക്കുമെന്നും വേടന്‍ പറഞ്ഞിരുന്നു. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത പുലിപ്പല്ല് കേസില്‍ ഉള്‍പ്പെടെ ജാമ്യവും കിട്ടി. ഇതോടെയാണ് പരിപാടി പുനഃക്രമീകരിച്ചതെന്ന് സംഘാടകര്‍ പറയുന്നു. പോലീസ് പിടിയിലായ വേടന്റെ കഴുത്തില്‍ കിടന്നത് പുലിപ്പല്ലാണെന്നുപറഞ്ഞ് വനംവകുപ്പ് തിടുക്കപ്പെട്ട് കേസെടുത്തതിനും മറ്റുമെതിരേ പൊതുസമൂഹത്തില്‍നിന്ന് വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ വേടന് പിന്തുണയുമായെത്തി. വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് പരിപാടി.

Tags:    

Similar News