അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗതാഗത മന്ത്രിയും എംവിഡിയും വായ തുറക്കും; കൂടിയ മലിനീകരണത്തിന് പിടിച്ച വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന; മലിനീകരണ തോതില്‍ കുതിച്ചുയര്‍ന്ന് പാലക്കാടും കോഴിക്കോടും; വിവരാവകാശ രേഖയിലെ വിവരങ്ങള്‍ പുറത്ത്
വാഹന മലിനീകരണത്തില്‍ പിടിച്ച വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
തിരുവനന്തപുരം: വാഹന മലിനീകരണം അടക്കം സകല മലിനീകരണവും കാരണം ഡല്‍ഹിക്കാര്‍ ശ്വാസം മുട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വാഹനപ്പെരുപ്പം നേരിടുന്ന കേരളത്തിലും ജാഗ്രത പാലിച്ചില്ലെങ്കില്‍ വാഹന മലിനീകരണ തോത് ക്രമാതീതമായി ഉയരാം.
വാഹന മലിനീകരണം സംബന്ധിച്ച കേന്ദ്ര നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ കേരളം പരാജയപ്പെട്ടുവെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
കേന്ദ്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പെട്രോള്‍ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് അവഗണിച്ചതായി ആരോപണങ്ങള്‍ വന്നിരുന്നു. ഇതോടെ പുക പരിശോധനയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതിനിടെ കേരളത്തിലെ വാഹന മലിനീകരണ തോതിന്റെ ചില കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നു.
സംസ്ഥാനത്ത് 2021 ജനുവരി മുതല്‍ 2023 നവംബര്‍ വരെയുള്ള കാലയളവില്‍ വാഹന മലിനീകരണത്തിന്റെ പേരില്‍ പിടിച്ച വണ്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. 2021 ല്‍ കോഴിക്കോട് രജിസ്റ്റര്‍ ചെയ്തത് 1328 വാഹനങ്ങളായിരുന്നെങ്കില്‍ ഇത് 2023 ല്‍ 6770 ആയി. അതേസമയം, പാലക്കാട് 949 ല്‍ നിന്ന് 3049! എറണാകുളം 763 ല്‍ നിന്ന് 1760.
2021 ല്‍ സംസ്ഥാനത്ത് വാഹന മലിനീകരണം മൂലം പിടിച്ച വണ്ടികള്‍ - 7064.
2022 ല്‍ -10271.
2023 ല്‍ - 17974
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് മോട്ടോര്‍ വാഹന വകുപ്പ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
വാഹന മലിനീകരണത്തിന് മാത്രം ചുമത്തിയ പിഴ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിവരാവകാശ മറുപടി.
അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബി.എസ്. 4 പെട്രോള്‍ ഇരുചക്ര-നാലുചക്ര വാഹനങ്ങളില്‍ ബഹിര്‍ഗമന വാതകങ്ങളുടെ അളവ് വിശകലനം (കാര്‍ബണ്‍മോണോക്‌സൈഡ് കറക്ഷന്‍) ചെയ്യുന്നത്. ഇന്ധനജ്വലനത്തില്‍ പോരായ്മയുണ്ടെങ്കില്‍ വാഹനങ്ങള്‍ പുക പരിശോധനയില്‍ പരാജയപ്പെടും. എയര്‍ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ്, എന്നിവ കൃത്യമായ ഇടവേളകളില്‍ മാറാതിരിക്കുമ്പോഴും, കാര്‍ബറേറ്ററില്‍ അടവുണ്ടാകുമ്പോഴും മലിനീകരണത്തോത് കൂടും.
ഇന്ധനക്ഷമത കുറയുന്നതുവഴി വാഹന ഉടമയ്ക്ക് സാമ്പത്തിക നഷ്ടവും ഉണ്ടാകും. പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിച്ച് വീണ്ടുമെത്തിച്ചാല്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പുക പരിശോധന പാസായില്ലെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമാകും. സര്‍ട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ 1500 രൂപ പിഴ അടയ്‌ക്കേണ്ടിവരും.പഴയ വാഹനങ്ങള്‍ കൈവശം വച്ചിരിക്കുന്നവരാണ് മലിനീകരണ പരിശോധനയില്‍ കൂടുതലും പരാജയപ്പെടുന്നത്