കോണ്‍ഗ്രസ് നേതാക്കള്‍ മുറിയില്‍ കാവല്‍ നില്‍ക്കുമ്പോള്‍ അജിത് പിടഞ്ഞു മരിച്ചു; തെളിവ് നശിപ്പിക്കാന്‍ മുറികള്‍ പെയിന്റടിച്ചു; രാഷ്ട്രീയ വൈരാഗ്യം തീര്‍ത്തത് അതിക്രൂരമായോ? മകനെ ആശുപത്രിയിലെത്തിക്കാന്‍ നിലവിളിച്ചിട്ടും അവിടെയുണ്ടായിരുന്ന നേതാക്കളാരും സഹായിച്ചില്ലെന്ന് അമ്മയുടെ മൊഴി; അന്വേഷണം മൊട്ടമൂട് പുഷ്പാംഗദിലേക്കും; വെമ്പായത്തേത് പ്രൊഫഷണല്‍ ക്വട്ടേഷന്‍ കൊലയോ?

Update: 2025-12-21 06:24 GMT

തിരുവനന്തപുരം: വെമ്പായത്തെ അജിത് കുമാറിന്റെ മരണത്തില്‍ അമ്മയുടെ മൊഴി നിര്‍ണ്ണായകം. അജിത് മരണത്തോട് മല്ലിട്ട് അവശനിലയിലായിട്ടും മുറിക്കുള്ളില്‍ ബീനയും കോണ്‍ഗ്രസ് നേതാവ് മൊട്ടമൂട് പുഷ്പാംഗദന്റെ നേതൃത്വത്തിലുള്ള സംഘവും നോക്കിനിന്നുവെന്ന അമ്മ രാധാദേവിയുടെ വെളിപ്പെടുത്തല്‍ പോലീസ് ഗൗരവത്തില്‍ എടുക്കും. പുലര്‍ച്ചെ നാലിന് വീട്ടിലെത്തിയ താന്‍ മകനെ ആശുപത്രിയിലെത്തിക്കാന്‍ നിലവിളിച്ചിട്ടും അവിടെയുണ്ടായിരുന്ന നേതാക്കളാരും സഹായിച്ചില്ലെന്നും ഒടുവില്‍ നാട്ടുകാരാണ് ആംബുലന്‍സ് വിളിച്ചതെന്നും അമ്മ പറയുന്നു. അജിത്തിന്റെ മരണത്തിന് പിന്നാലെ ദുരൂഹ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടതും കൊലപാതകത്തിന് പിന്നിലെ ഉന്നത ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു.

തിരുവനന്തപുരം നെടുമങ്ങാട് വെമ്പായത്ത് നടന്ന ഈ ക്രൂരകൃത്യം രാഷ്ട്രീയ കൊലപാതകത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്നുണ്ടെന്ന വിലയിരുത്തലാണ് ഉയര്‍ത്തുന്നത്. ഭാര്യ ബീനയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതാണ് അജിത്തിന് വിനയായത്. ഹൃദയാഘാതമെന്ന് ഭാര്യയും കോണ്‍ഗ്രസ് നേതാക്കളും പ്രചരിപ്പിച്ചു. മരണം തലയ്‌ക്കേറ്റ അടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് ആ കള്ളക്കളി പൊളിഞ്ഞത്. കൊലപാതകം നടന്ന മുറിയിലെ രക്തക്കറയും മറ്റ് തെളിവുകളും നശിപ്പിക്കാനായി സംസ്‌കാരത്തിന് പിന്നാലെ തന്നെ മുറികള്‍ പെയിന്റടിച്ചു പുതുക്കിയതും നിര്‍ണ്ണായകമാകും.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടയില്‍ അജിത്തിന്റെ ബന്ധുക്കളെ മുറിക്കുള്ളില്‍ കയറ്റാതിരിക്കാന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി തേക്കട അനില്‍കുമാറും സംഘവും ബലപ്രയോഗം നടത്തിയതായും ആക്ഷേപമുണ്ട്. അജിത് മരിച്ച് മൂന്നാം നാള്‍ തന്നെ ഭാര്യ ബീന പ്രചാരണത്തിനിറങ്ങിയത് നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. നിലവില്‍ മകന്‍ വിനായക് ശങ്കര്‍ അച്ചനെ അടിച്ചുവെന്ന് സമ്മതിച്ചെങ്കിലും അജിത്തിന്റെ അമ്മ എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പങ്കിനെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

മരണദിവസം രാത്രി അജിത്തിന്റെ വീടിന് പരിസരത്ത് നെടുമങ്ങാട് മേഖലയിലെ ചില കുപ്രസിദ്ധ ഗുണ്ടാസംഘാംഗങ്ങള്‍ എത്തിയതായി പോലീസിന് സൂചന ലഭിച്ചു. അജിത്തിനെ ഭീഷണിപ്പെടുത്താനോ മര്‍ദ്ദിക്കാനോ ആയി രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇവരെ എത്തിച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. അജിത് മരിച്ച മുറിയില്‍ നിലത്തും ചുവരിലും രക്തക്കറകള്‍ ഉണ്ടായിരുന്നുവെന്ന് ആംബുലന്‍സ് ജീവനക്കാര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ബന്ധുക്കള്‍ കാണും മുന്‍പേ ഈ മുറികള്‍ അതീവ രഹസ്യമായി പെയിന്റടിച്ചു പുതുക്കി. സാധാരണ മരണമാണെങ്കില്‍ എന്തിനാണ് ഇത്ര ധൃതിയില്‍ മുറി പെയിന്റടിച്ചത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ ഭാര്യയ്‌ക്കോ നേതാക്കള്‍ക്കോ കഴിഞ്ഞിട്ടില്ല.

അജിത്തിന്റെ മരണത്തിന് മിനിറ്റുകള്‍ക്ക് മുന്‍പ് വരെ ഫോണ്‍ സജീവമായിരുന്നു. എന്നാല്‍ മരണം സംഭവിച്ച ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെടുകയും ഫോണ്‍ അപ്രത്യക്ഷമാവുകയും ചെയ്തു. ഒരു പ്രൊഫഷണല്‍ ഐടി വിദഗ്ധന്റെ സഹായമില്ലാതെ ഇത് സാധ്യമല്ലെന്നാണ് സൈബര്‍ സെല്ലിന്റെ നിഗമനം. 'മകനെ കൊന്നത് മകന്‍ മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, അവിടെ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നു. എന്റെ മകന്‍ പിടയുമ്പോള്‍ അവര്‍ തടഞ്ഞുനിന്നു' എന്നാണ് അമ്മ രാധാദേവി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. മൊട്ടമൂട് പുഷ്പാംഗദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവിടെയുണ്ടായിരുന്ന സമയത്താണ് അജിത് അവശനിലയിലായതെന്നതും ഗൗരവകരമാണ്.

വട്ടപ്പാറ പോലീസ് ആദ്യം ആത്മഹത്യയായി ഈ കേസ് എഴുതിത്തള്ളാന്‍ ശ്രമിച്ചത് ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന ആക്ഷേപം ശക്തമാണ്. ഇപ്പോള്‍ കേസ് ഏറ്റെടുത്ത പ്രത്യേക സംഘം വിരമിച്ച പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കുന്നുണ്ട്.

Tags:    

Similar News